19 June Wednesday
ഷുക്കൂർ കേസ‌് അനുബന്ധ കുറ്റപത്രം

രാഷ്ട്രീയക്കളിക്ക‌് സിബിഐ കൂട്ടുനിൽക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കണ്ണൂർ 
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ കേസിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌്. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി  പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎൽഎ എന്നിവർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ‌് കുറ്റപത്രം. ലോക‌്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട‌് സിബിഐ നടത്തിയ ഈ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. 
മുസ്ലിംലീഗ് പ്രവർത്തകർ അക്രമം നടത്തിയ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സിപിഐ എം നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയിൽവച്ച് ലീഗ് ക്രിമിനൽ സംഘം അപായപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമായത്. അന്ന‌് കണ്ണപുരം പഞ്ചായത്തിലാണ് നിർഭാഗ്യകരമായ ഒരു കൊലപാതകം നടന്നത്. ഇതിന്റെ പേരിൽ ‘പാർടി കോടതി വിധി’യെന്നു കുറ്റപ്പെടുത്തി. ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞ നേതാക്കളെ കൊലക്കേസിൽ പ്രതിയാക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  പ്രത്യേകം  നിർദേശിക്കുകയായിരുന്നു. രണ്ടു ലീഗ് പ്രവർത്തകരെ സാക്ഷികളാക്കിയാണ് ഐപിസി 118ാം വകുപ്പ് ഉൾപ്പെടുത്തി തലശേരി സെഷൻസ് കോടതിയിൽ കേരളാ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ സാക്ഷികൾ പിന്നീട് തളിപ്പറമ്പ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ തങ്ങൾ സിപിഐ എം നേതാക്കൾ പരിക്കേറ്റ് കിടന്ന ആശുപത്രിയിലോ പരിസരത്തോ പോയില്ലെന്നാണ് വ്യക്തമാക്കിയത‌്. ഇതേ സാക്ഷികളെ  ഉപയോഗപ്പെടുത്തിയാണ് സിബിഐ ഗൂഢാലോചനാക്കുറ്റവും ചുമത്തിയത്. 
പുതിയ തെളിവുകളില്ലാതെയാണ് സിബിഐയുടെ നീക്കവും. ഇതോടെ കേന്ദ്ര അന്വേഷണ ഏജൻസി രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്നുവെന്ന‌് വ്യക്തമായി. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുമെന്ന് സെക്രട്ടറിയറ്റ് പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top