21 April Sunday

രാഷ്ട്രീയ ആയുധമായി വീണ്ടും സിബിഐ

പ്രത്യേക ലേഖകൻUpdated: Tuesday Feb 12, 2019

കണ്ണൂർ

നിർഭാഗ്യകരമായ ഒരു രാഷ്ട്രീയ കൊലപാതകത്തെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ആയുധമായി ഭരണകൂട ശക്തികൾ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ‌് ഷുക്കൂർ വധക്കേസ‌്. തുടക്കം മുതൽ ഈ കേസിന്റെ നാൾവഴികൾ പരിശോധിക്കുന്ന ആർക്കും അന്വേഷണഗതി നിയന്ത്രിച്ച രാഷ്ട്രീയ ഇടപെടലുകൾ തൊട്ടറിയാനാകും. 
   കേരള പൊലീസ‌് അന്വേഷിച്ച‌് തലശേരി സെഷൻസ‌് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസാണ‌് ഹൈക്കോടതി തുടരന്വേഷണത്തിനായി സിബിഐയെ ഏൽപ്പിച്ചത‌്. മകനെ നഷ്ടപ്പെട്ട ഒരു ഉമ്മയുടെ വേദനയ‌്ക്കപ്പുറമുള്ള ഘടകങ്ങൾ ഇതിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന‌്  കേസ‌് സിബിഐയെ ഏൽപ്പിച്ചുകൊണ്ടുള്ള വിധിന്യായംതന്നെ തെളിവ‌്. ‘അരിയിൽ ഷുക്കൂർ വധക്കേസിൽ ശരിയായ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന‌് ഡയറക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻസ‌് കുറ്റസമ്മതം നടത്തിയിട്ടുണ്ട‌്. സംസ്ഥാന പൊലീസ‌് മേധാവി സിബിഐ തുടരന്വേഷണം ശുപാർശചെയ‌്തതും  ചെയ‌്തതും മാനിച്ച‌് കേസ‌് സിബിഐയെ ഏൽപ്പിക്കുന്നു’വെന്നാണ‌് വിധിന്യായത്തിൽ പറഞ്ഞത‌്. 
ഒരു കൊലപാതകക്കേസ‌് സംസ്ഥാനപൊലീസ‌് ശരിയായി അന്വേഷിച്ചില്ലെന്ന‌് സംസ്ഥാനത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ തന്നെ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തുന്നത‌് അസാധാരണമാണ‌്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻകൂടിയായിരുന്ന ഡിജിപി അഡ്വ. ടി ആസഫലിയാണ‌് ഇങ്ങനെയൊരു നിലപാട‌് സ്വീകരിച്ചതെന്നതും എടുത്തുപറയേണ്ടതുണ്ട‌്. തികഞ്ഞ രാഷ്ട്രീയ താൽപര്യമാണ‌് അദ്ദേഹത്തെ നയിച്ചതെന്നു കണ്ടെത്താൻ പ്രായാസമില്ല. 
   2012 ഫെബ്രുവരി 20നാണ‌് സംഘർഷത്തിനിടെ യൂത്ത‌് ലീഗ‌് പ്രവർത്തകനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത‌്. മുസ്ലിംലീഗ‌് ഉൾപ്പെടെ നിയന്ത്രിക്കുന്ന ഭരണം. പ്രതിസ്ഥാനത്ത‌് സിപിഐ എമ്മും. അനേഷണം അട്ടിമറിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾക്കൊന്നും ഇവിടെ സാധ്യതയില്ല. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ‌് നിയമസഭാ ഉപതെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ‘പാർടി കോടതി’ വിവാദവും മറ്റും ഉയർത്തി സംഭവത്തിനു പുതിയ മാനം നൽകുന്നത‌്. ഉമ്മൻചാണ്ടിയുടെ ഓഫീസ‌് തന്നെയാണ‌് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നത‌് വ്യക്തം. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ‌് എംഎൽഎ എന്നിവരെ പ്രതിചേർക്കാനുള്ള ഗൂഢനീക്കങ്ങൾക്കു തുടക്കംകുറിക്കുകയായിരുന്നു. 
കേരള പൊലീസ‌് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും തെളിവു കണ്ടെത്താനായില്ല. ഒരു ചെറുപ്പക്കാരന്റെ മലദ്വാരത്തിൽ കമ്പി കുത്തിക്കയറ്റുന്നതടക്കമുള്ള പൈശാചിക ഭേദ്യമുറകൾ അവലംബിച്ചിട്ടും ലക്ഷ്യം നടക്കാതെ വന്നതോടെയാണ‌് കള്ളസാക്ഷികളെ സൃഷ്ടിച്ച‌് കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ഇരുവരെയും പ്രതി ചേർത്തത‌്. എന്നാൽ ഇവിടെയും നിർത്താൻ ഉമ്മൻചാണ്ടി സർക്കാർ ഒരുക്കമല്ലായിരുന്നു. 
കേസ‌് സിബിഐക്കു വിട്ടു. സിബിഐയെ ഉപയോഗിച്ച‌് സിപിഐ എമ്മിനെ പരമാവധി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേസ‌് സിബിഐ ഏറ്റെടുത്തില്ല. 
ഇതിനിടെ കേന്ദ്രത്തിൽ കോൺഗ്രസ‌് ഭരണം പോയി ബിജെപി അധികാരത്തിലെത്തി. പഴയതുപോലെ രാഷ്ട്രീയ സമ്മർദം നടക്കില്ലെന്നു തിരിച്ചറിഞ്ഞ യുഡിഎഫ‌് സർക്കാർ  കോടതിയുടെ വഴിതേടുകയായിരുന്നു. ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ ഹർജി ഒരു നിമിത്തം മാത്രം. കേസ‌് സിബിഐയെ ഏൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയത‌് സംസ്ഥാന ഡിജിപി നേരിട്ട‌്.
പ്രധാന വാർത്തകൾ
 Top