19 March Tuesday

തോട്ടട പോളി കേന്ദ്രമായി സാങ്കേതിക വിദ്യാഭ്യാസ ഹബ്ബ‌് രൂപപ്പെടുത്തും: മന്ത്രി കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

പോളിടെക‌്നിക്കിൽ ആധുനിക ഡ്രോയിങ‌് ഹാളിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ 
തോട്ടട പോളിടെക‌്നിക‌് കോളേജ‌്  കേന്ദ്രമായി സാങ്കേതിക വിദ്യാഭ്യാസ  ഹബ്ബ‌് രൂപപ്പെടുത്തുമെന്ന‌്  ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ. ഗുണമേന്മയുള്ള സാങ്കേതിക അധ്യാപകരുടെ കേന്ദ്രമായി ഇവിടം മാറും. ഇതിനായി മുഴുവൻ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം പറഞ്ഞു. പോളിടെക‌്നിക്കിൽ ആധുനിക ഡ്രോയിങ‌് ഹാളിന്റെയും പ്രവേശന കവാടത്തിന്റെയും സൗന്ദര്യ വൽക്കരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സാങ്കേതിക ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ വിനിമയം കേരളത്തിൽ  സാധ്യമാകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ജലീൽ ചൂണ്ടിക്കാട്ടി. 
ദേശീയപാതയോടു ചേർന്നു നിൽക്കുന്ന 25 ഏക്കർ പോളിടെക‌്നിക്ക‌്  കോമ്പൗണ്ട് പൂർണമായും പ്രയോജനപ്പെടുത്തുന്നതിന‌് 100 നൂതന വിദ്യാർഥി സംരഭങ്ങൾക്കും 1000 പേർക്ക് പ്രത്യക്ഷ തൊഴിലും ലഭിക്കുന്ന സ്റ്റാർട്ട് അപ് ടെക്നോപാർക്ക് ആരംഭിക്കണമെന്ന് പിടിഎ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.  ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.  എംഎൽഎ ഫണ്ടിൽനിന്ന് 13 ലക്ഷം രൂപ ചെലവിട്ടാണ് മുഖ്യപ്രവേശന കവാടം നിർമിച്ചത്. രണ്ട് ഡ്രോയിങ‌് ഹാളുകൾ ഉൾപ്പെട്ട ഇരുനില കെട്ടിടം നിർമിച്ചത‌് ബജറ്റ‌് വിഹിതമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ്. 
 മേയർ ഇ പി  ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ വി സുമേഷ്, കൗൺസിലർമാരായ പി കെ പ്രീത, എ പി അജിത, കണ്ണൂർ നിയമസഭാ മണ്ഡലം വികസന സമിതി കൺവീനർ എൻ  ചന്ദ്രൻ, ഗവ. ഐടിഐ പ്രിൻസിപ്പൽ എം എ ബാലകൃഷ്ണൻ, പി ഒ രാധാകൃഷ്ണൻ, സി ഹരീന്ദ്രൻ, എം അനീഷ്, സ്റ്റുഡന്റ‌് യൂണിയൻ ചെയർമാൻ വി രാഹുൽ, വിവിധരാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത‌് എക്‌സിക്യുട്ടീവ് എൻജിനീയർ ഇൻ ചാർജ് ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ‌് ഡയറക്ടർ പി ബീന സ്വാഗതവും പ്രിൻസിപ്പൽ എം സി പ്രകാശൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top