22 March Friday

പുതിയ തലമുറയിൽ ഹിന്ദുത്വ ദേശീയത ഉറപ്പിക്കാൻ തീവ്രശ്രമം: പ്രഭാത‌് പട‌്നായിക‌്

പ്രത്യേക ലേഖകൻUpdated: Thursday Oct 11, 2018

മാങ്ങാട്ടുപറമ്പ‌് യൂണിവേഴ‌്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച സെമിനാർ പ്രഭാത‌് പട‌്നായിക‌് ഉദ‌്ഘാടനം ചെയ്യുന്നു

മാങ്ങാട്ടുപറമ്പ‌്
ആഗോള കമ്പോളത്തിന‌് അനുയോജ്യരായവരെ സൃഷ്ടിക്കുന്നതിനൊപ്പം പൂർണമായും ഹിന്ദുത്വ ദേശീയത സ്വാംശീകരിച്ച ഒരു തലമുറയെയും വാർത്തെടുക്കാനാണ‌് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന‌് പ്രമുഖ സാമ്പത്തിക ശാസ‌്ത്ര വിദഗ‌്ധനും വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ. പ്രഭാത‌് പട‌്നായിക‌് പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും ആപൽക്കരമാംവിധം മാറ്റിമറിച്ചിരിക്കുന്നു. കേന്ദ്ര– സംസ്ഥാന പട്ടികയിൽ (കൺകറന്റ‌് ലിസ‌്റ്റ‌്)  വരുന്ന ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ കേന്ദ്രീകൃതവും വാണിജ്യവൽകൃതവും ഏകാത്മകവുമാക്കാനുള്ള നീക്കം അതീവഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാല ഇ കെ നായനാർ ചെയറിന്റെയും ഡിപ്പാർട്ട‌്മെന്റ‌്  ഓഫ‌് ഹിസ‌്റ്ററിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ഫെഡറലിസവും ജനാധിപത്യവും ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ രംഗത്ത‌്– യുജിസിയെ ഇല്ലാതാക്കുന്ന സാഹചര്യത്തിൽ’ എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര കാലത്ത‌്, വളരെ ചുരുക്കം പേർ മാത്രം ഉന്നതവിദ്യാഭ്യാസം നേടുന്ന ഇന്ത്യയെപ്പൊലൊരു രാജ്യത്ത‌് കോളേജുകളും   സർവകലാശാലകളും ബഹിഷ‌്കരിക്കാൻ ആഹ്വാനംചെയ്യുന്നത‌് ശരിയാണോയെന്ന ഒരാളുടെ ചോദ്യത്തിന‌് ഗാന്ധിജി   നൽകിയ മറുപടി ശ്രദ്ധേയമാണ‌്. വിദ്യാഭ്യാസം ജനങ്ങളുടെ താൽപര്യത്തിന‌് അനുഗുണമാകണം, എന്നാൽ ഇവിടെ   ബ്രിട്ടീഷ് ഭരണത്തിനാവശ്യമായ അടിമകളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളതെന്നാണ‌് ഗാന്ധിജി പറഞ്ഞത‌്. സമൂഹത്തിനാവശ്യമായ ജൈവിക ധിഷണാശാലികളെ സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസം എന്നാണ‌് ഗ്രാംഷി  പറഞ്ഞത‌്. 
ആ വിദ്യാഭ്യാസത്തിനേ പ്രാദേശിക, രാഷ്ട്രീയ, സാമൂഹിക യാഥാർഥ്യങ്ങളെ അഭിസംബോധനചെയ്യാൻ സാധിക്കൂ; സാമൂഹിക ഉന്നമനത്തിനുതകുന്ന ഒന്നായി വിദ്യാഭ്യാസം മാറൂ. 
 എന്നാൽ, വിദ്യാഭ്യാസത്തിന്റെ ഇത്തരം ഉദ്ദേശ്യങ്ങളെ പാടേ തള്ളിക്കളയുന്നതാണ‌് ആഗോളവൽക്കരണ കാലത്തെ നയസമീപനങ്ങൾ. ആഗോള കമ്പോളത്തിന‌് അനുയോജ്യരായ ഉൽപ്പന്നങ്ങളെയാണ‌് ഇന്ന‌് നമ്മുടെ കോളേജുകളും സർവകലാശാലകളും ഉൽപ്പാദിപ്പിക്കുന്നത‌്. ഐഐടിയിൽനിന്നോ ഐഐഎമ്മിൽനിന്നോ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർഥിക്ക‌് ഒന്നരക്കോടിവരെയാണ‌്   വൻകിട കമ്പനികൾ വാഗ‌്ദാനംചെയ്യുന്ന വാർഷിക ശമ്പളം. ഇതു കാണിച്ച‌് ഉയർന്ന ഫീസ‌് ഈടാക്കാൻ പൊതുസ്ഥാപനങ്ങൾ പോലും തയ്യാറാകുന്നു. എന്നാൽ എത്രപേർക്കാണ‌് ഈ അസുലഭ ഭാഗ്യം   ലഭിക്കുന്നതെന്ന‌് ആരും ചിന്തിക്കുന്നില്ല. 
യുജിസിയെ ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം കേന്ദ്രമാനവ വികസന വകുപ്പ‌് നേരിട്ട‌് ഏറ്റെടുക്കുന്നത‌്  ഈ രംഗത്തെ സ്വകാര്യവൽക്കരണ– വാണിജ്യവൽക്കരണ നീക്കം കൂടുതൽ ശക്തിപ്പെടുത്തും. ഇത‌് വിദ്യാഭ്യാസത്തിന്റെ സർഗാത്മകത തല്ലിക്കെടുത്തും. 
 ചരിത്രത്തെ പുരാണങ്ങൾകൊണ്ടും യാഥാർഥ്യത്തെ ഭാവനകൊണ്ടും ശാസ്ത്രത്തെ അന്ധവിശ്വാസങ്ങൾകൊണ്ടും തമസ്കരിച്ച് ഹിന്ദുത്വ ദേശീയത ഉറപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ‌് അക്കാദമിക് തലത്തിൽ അരങ്ങേറുന്നത‌്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള  ധിഷണാശാലികളായ വിദ്യാർഥികൾക്ക് മുന്നോട്ടു വരാനും മെച്ചപ്പെട്ട പഠനസാഹചര്യം ഒരുക്കാനും സംവരണ തത്വങ്ങളിലധിഷ്ഠിതമായ നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായംകൊണ്ട് സാധിച്ചിരുന്നു.  
എന്നാൽ ഈ സാഹചര്യമാകെ ഇല്ലാതാക്കി  വിദേശ സർവകലാശാലകളുടെ കാർബൺ കോപ്പികളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  മാത്രം രൂപപ്പെടുന്നത‌് പ്രാദേശിക യാഥാർഥ്യങ്ങളെ ഒരു തരത്തിലും ഉൾക്കൊള്ളാത്ത, പ്രതികരിക്കാൻ കെൽപ്പില്ലാത്ത, അധികാരികളുടെ പാദസേവകർ മാത്രമായ ഒരു സമൂഹത്തെയാകും സൃഷ്ടിക്കുക– പ്രഭാത‌് പട‌്നായിക‌് പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top