22 March Friday

ശബരിമലയുടെ പേരിലുള്ള രാഷ്ട്രീയക്കളി ജനം തിരിച്ചറിയും: ബേബിജോൺ

സ്വന്തം ലേഖകൻUpdated: Thursday Oct 11, 2018

വാളാങ്കിച്ചാൽ മോഹനൻ രക്തസാക്ഷി അനുസ‌്മരണ സമ്മേളനം ബേബി ജോൺ ഉദ‌്ഘാടനം ചെയ്യുന്നു.

പിണറായി
ശബരിമല വിഷയത്തിൽ പിണറായി വിജയൻ സർക്കാർ  വിധിപറഞ്ഞെന്ന മട്ടിലാണ‌് ആർഎസ‌്എസ‌്–ബിജെപിയും   കോൺഗ്രസും മറ്റും സമരം നടത്തുന്നതെന്ന‌്   സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം ബേബി ജോൺ പറഞ്ഞു. കള്ളപ്രചാരണത്തിലൂടെ വിശ്വാസികളെ ഈ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ‌്എസ്സുകാർ കൊലപ്പെടുത്തിയ സിപിഐ എം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വാളാങ്കിച്ചാൽ മോഹനന്റെ രണ്ടാം  രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബിജോൺ.
പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശിക്കാമെന്നു വിധിച്ചത‌് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ‌്. അത‌് സിപിഐ എമ്മിന്റെയോ സർക്കാരിന്റെയോ   നിലപാടുകൊണ്ടു സംഭവിച്ചതല്ല. വിധിയിൽ എതിർപ്പുള്ളവർക്ക‌് സുപ്രീംകോടതിയെ സമീപിച്ച‌് തിരുത്തിക്കാൻ ശ്രമിക്കാം. അതല്ലേ ജനാധിപത്യമര്യാദ. അതിനുപകരം സർക്കാരിനെതിരെ സമരവുമായി  തെരുവിലിറങ്ങുന്നതിനുപിന്നിൽ തികഞ്ഞ രാഷ്ട്രീയമാണ‌്. ഇതു മനസ്സിലാക്കാനുള്ള പ്രബുദ്ധത കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന‌്    മറക്കരുത‌്.
ആർഎസ്എസ്സിന്റെ ഓരോ കൊലപാതകവും മറ്റൊന്നിനായുള്ള റിഹേഴ്സൽ ആണെന്നും കൊലപാതക പ്രദർശനമാണ് അവർ നടത്തുന്നതെന്നും  ബേബിജോൺ പറഞ്ഞു. കൊലപാതകങ്ങളുടെ പാഠശാലകളാണ് ആർഎസ്എസ് കാര്യാലയങ്ങൾ. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന കർമപദ്ധതി നടപ്പാക്കാൻ മനുഷ്യനന്മയ്ക്ക് നിയോഗിക്കപ്പെട്ടവരെ ആർഎസ്എസ് കൊന്നു തളളുന്നു. 
ഹിന്ദുവിന്റെ പേരിൽ സംഘടിക്കുന്ന ആർഎസ്എസ്സിന‌് ഈ രാജ്യത്ത് അവകാശപ്പെടാൻ ഒന്നുമില്ല. മനുഷ്യ ജീവനുകളെ നിഷ‌്ഠുരമായി വേട്ടയാടുന്ന ബിജെപി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകകൂടി ചെയ്യുന്നു. ബി ജെ പി സർക്കാറിനെ താഴെയിറക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണം. യഥാർഥ ബദലുമായി ഒരുമിക്കുന്നവർക്ക് കേരളത്തിലെ എൽ ഡി എഫ് സർക്കാർ മാതൃകയാണ്. എല്ലാ വെല്ലുവിളികളും നേരിട്ട് മുന്നോട്ട് പോവുകയാണ‌് പിണറായി വിജയൻ സർക്കാരെന്നും ബേബി ജോൺ പറഞ്ഞു.
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ചുവപ്പ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും ബലികുടീരത്തിൽ പുഷ്പ്പാർച്ചനയും നടന്നു. അനുസ‌്മരണ പൊതുയോഗത്തിൽ സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി ബാലൻ അധ്യക്ഷനായി. ബിജു കണ്ടക്കൈ, പി പി ദിവ്യ, കെ ശശിധരൻ, ടി അനിൽ, ഇ എം ഭാർഗവൻ എന്നിവർ സംസാരിച്ചു. കെ വി മനോജ് സ്വാഗതം പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top