24 October Thursday

ഉത്രാട നാളിൽ ബിഎസ്‌എൻഎൽ തൊഴിലാളികളുടെ പട്ടിണി സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കണ്ണൂർ
കരുണയില്ലാത്ത മാനേജ്‌മെന്റിനെതിരെ ബിഎസ്‌എൻഎൽ കരാർ തൊഴിലാളികളുടെ പട്ടിണി സമരം.  ശമ്പളമില്ലാതെ ഏഴുമാസമായി  പണിയെടുക്കുന്ന തൊഴിലാളികൾ    ഉത്രാടം നാളിലാണ്‌  പട്ടണിയിലൂടെ പ്രതിഷേധിച്ചത്‌.  കണ്ണൂർ ടെലിഫോൺ ഭവനുമുന്നിൽ നടന്ന സമരത്തിൽ സ്‌ത്രീ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന്‌ ജീവനക്കാർ  പങ്കെടുത്തു.   അനിശ്‌ചിത കാല സമരം  73 ദിവസം പിന്നിട്ട ഘട്ടത്തിലാണ്‌ വ്യത്യസ്‌ത സമരരീതിയുമായി അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങിയത്‌.  വർഗ–- ബഹുജന സംഘടനകൾ സമരത്തിന്‌ അഭിവാദ്യമർപ്പിക്കാൻ സമരപ്പന്തലിലെത്തി. ബിഎസ്‌എൻഎൽ കാഷ്വൽ കോൺട്രാക്ട്‌ ലേബേഴ്‌സ്‌ യൂണിയനാണ്‌ (സിഐടിയു) പട്ടിണി സമരം സംഘടിപ്പിച്ചത്‌. 
  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം   എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു.    സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ ട്രഷറർ അരക്കൻ ബാലൻ, സെക്രട്ടറി കെ അശോകൻ, കെ പി രാജൻ, ബിഎസ്‌എൻഎൽഇയു സംസ്ഥാന പ്രസിഡന്റ്‌ പി മനോഹരൻ, സിസിഎൽയു സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ കെ  മോഹനൻ, സംസ്ഥാന അസി. സെക്രട്ടറി പ്രഗേഷ്‌ എന്നിവർ സംസാരിച്ചു. കാഷ്വൽ കോൺട്രാക്ട്‌ ലേബേഴ്‌സ്‌ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌   എൻ പി രാജൻ അധ്യക്ഷനായി.  സെക്രട്ടറി വി വി കൃഷ്‌ണൻ സ്വാഗതവും സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി എൻ പി ലീല നന്ദിയും പറഞ്ഞു. 
   ആറുമാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുക, പിരിച്ചുവിടൽ നടപടി പിൻവലിക്കുക, പാർട്‌ടൈം സ്വീപ്പർമാരുടെ വെട്ടിക്കുറച്ച ജോലിസമയം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തൊഴിലാളികൾ അനിശ്‌ചിതകാല സമരം നടത്തുന്നത്‌.
പ്രധാന വാർത്തകൾ
 Top