25 April Thursday

വികസന സാധ്യതകൾ ഏറെ

സ്വന്തം ലേഖകൻUpdated: Tuesday Sep 11, 2018

കണ്ണൂർ നഗരത്തിന്റെ രാത്രി ദൃശ്യം

കണ്ണൂർ 
കണ്ണൂർ നഗരം മാറുകയാണ്. വിമാനത്താവളം നാടിന് സമർപ്പിക്കുന്നതോടെ മാറ്റം അതിവേഗമാകും. ഒട്ടേറെ പദ്ധതികൾ കണ്ണൂരിനെ കാത്തിരിക്കുകയാണ്. പുതിയ സംരംഭങ്ങളും ബിസിനസുകളും  ടൂറിസം സാധ്യതകളും കടന്നുവരും. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ജില്ലയുടെ ആസ്ഥാനമായ കണ്ണൂർ നഗരം മാറ്റത്തിന്റെ പാതയിലാണ്. ഒട്ടനവധി പദ്ധതികൾ ഇതിനകം  പ്രഖ്യാപിച്ചിട്ടുണ്ട്. അവയൊക്കെ സമയബന്ധിതമായി നടപ്പാക്കിയാൽ തന്നെ വലിയ മാറ്റം അനുഭവപ്പെടും. അതിന് കൂട്ടായ ശ്രമം അനിവാര്യമാണ്.  പ്രഖ്യാപിക്കുന്ന പദ്ധതികൾ യാഥാർഥ്യമാവണമെങ്കിൽ  കോർപറേഷനോ സർക്കാരോ മാത്രം വിചാരിച്ചാൽ മതിയാകില്ല. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഭരണാധികാരികളും ഒരു ചരടിൽ കോർത്തതുപോലെ സമയബന്ധിതമായി പ്രവർത്തിക്കണം. ഭരണകൂടം മരത്തിൽ കാണുമ്പോൾ നിർവഹണ ഉദ്യോഗസ്ഥർ അത് മാനത്ത് കാണണം. ജനങ്ങൾ അതിന് മണ്ണൊരുക്കണം.
കോർപറേഷൻ രൂപീകരിച്ച ശേഷം ഒട്ടേറെ മാറ്റങ്ങൾ  നഗരത്തിനുണ്ടായി. ആസൂത്രിതമായ വികസനം വന്നാലേ  അവയൊക്കെ പ്രകടമായി അനുഭവപ്പെടുകയുള്ളൂ.  മുട്ടുശാന്തിക്കു പകരം ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതികളും ഹ്രസ്വകാല പദ്ധതികളും സമന്വയിപ്പിച്ച് നടപ്പാക്കിയാൽ മാത്രമേ നഗരം മാറുകയുള്ളൂ. 
 ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളിൽ തന്നെ കണ്ണൂരിന്റെ സമഗ്രമാറ്റത്തിനുതകുന്നവ ഒട്ടേറെയുണ്ട്. എന്നാൽ അവയൊന്നും സമയബന്ധിതമായി നടപ്പാകുന്നില്ല. പദ്ധതികൾക്ക് പ്രതീക്ഷിച്ച വേഗത കൈവരുന്നില്ല.  അതിനുള്ള കാരണം നാം തന്നെയാണ്. നമ്മുടെ മനോഭാവം മാറണം. മാറിയില്ലെങ്കിൽ പ്രഖ്യാപിക്കുന്നവയൊക്കെ കടലാസിൽ കിടക്കും. ദൗർഭാഗ്യവശാൽ  വികസനം വേണമെന്ന് വാതോരാതെ പറയുന്നവർ തന്നെ സ്വന്തം കാര്യം വരുമ്പോൾ പുറം തിരിഞ്ഞു നിൽക്കുന്നു. റോഡ് വികസനത്തിനുപോലും ഒരിഞ്ച് ഭൂമി ലഭിക്കാൻ ഏറെ പ്രയാസം. കണ്ണൂർ‐തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യം എടുക്കാം. ഏറ്റവും നാശനഷ്ടം കുറഞ്ഞ അലൈമെന്റാണ് തെരഞ്ഞെടുത്തത് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ  ചിലരുടെ സ്വാർഥതാൽപര്യത്തിന് മാധ്യമങ്ങളടക്കം കൂട്ടുനിൽക്കുന്നു. ഇതിന്റെ ദുരിതം അനുഭവിക്കുന്നത്  പൂർണമനസോടെ പദ്ധതിയെ സ്വീകരിച്ചവരാണ്. അവരുടെ ഭൂമി എടുക്കാചരക്കായി വർഷങ്ങളോളം തുടരുന്നു. അതേസമയം, എതിർപ്പിന്റെ ശബ്ദമുയർത്തുന്നവർ നാട്ടിൽ വികസനം വരുന്നില്ലെന്നു വിളിച്ചു കൂവി ഇരട്ടത്താപ്പ് കളിക്കുന്നു. പദ്ധതികൾ അനന്തമായി നീളാൻ കാരണം ഭരണാധികാരികൾ മാത്രമല്ല. നാം ഒരോരുത്തരാണെന്ന്  തിരിച്ചറിയുക തന്നെ വേണം. 
ഗതാഗതക്കുരുക്ക്
തലങ്ങും വിലങ്ങും നിർത്തിയിടുന്ന വാഹനങ്ങൾ. നടുറോഡിൽ നിർത്തി ആളെ എടുക്കുന്ന ബസുകൾ. പാർക്കിങ് പാടില്ല എന്ന ബോർഡ് മാത്രമാണ് എവിടെയും. വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന് ആരും പറയുന്നില്ല. പാർക്കിങ്ങിനും ഒരു സ്ഥലം വേണ്ടേ. ഒരോ കടക്കാരും തങ്ങളുടെ സ്ഥാപനത്തിന് മുന്നിലുള്ള ഭാഗം സ്വന്തമാക്കുന്നു. കച്ചവടം റോഡിലേക്കും ഫുട്പാത്തിലേക്കും വ്യാപിപ്പിക്കുന്നു. അധികൃതർ കണ്ണടക്കുന്നു. 
മാലിന്യം
എല്ലാവർക്കും തങ്ങളുടെ കാഴ്ചവട്ടത്തിൽനിന്ന് മാലിന്യം ഓഴിവാക്കണം. അത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞാലും തങ്ങളുടെ പറമ്പിൽ പാടില്ല. മാലിന്യ പ്ലാന്റ് തങ്ങളുടെ ചുറ്റുവട്ടത്തൊന്നും പാടില്ല.   നടുറോഡിൽ മാലിന്യം ഉപേക്ഷിച്ച് കടന്നുകളയുന്ന വാഹനയാത്രക്കാർ.പകർച്ചവ്യാധികളെയും തെരുവ് നായ്ക്കളെയുംപോറ്റുന്ന കുറ്റവാളികൾ തങ്ങളാണെന്ന് അവർ ഇനിയെങ്കിലും മനസിലാക്കണം. ഖര‐ദ്രവ മാലിന്യങ്ങളായാലും പ്ലാസ്റ്റിക്കായാലും സംസ്കരണത്തിന് ഫലപ്രദമായ മാർഗം ഉണ്ടാക്കണം.   
പൊതു ശൗചാലയം 
നഗരത്തിൽ പ്രാഥമിക സൗകര്യം നിർവഹിക്കാൻ എവിടെപോകും.  പ്രത്യേകിച്ച് സത്രീകളും പെൺകുട്ടികളും.  പൊതു ശൗചാലങ്ങൾ ഒരുക്കിയാൽ ആ പരിസരത്തൂടെ നടക്കാനാവില്ല. വൃത്തിയായി സൂക്ഷിക്കുന്ന ശീലവുമില്ല. പൊതുസ്ഥാപനങ്ങൾ വൃത്തിയായി പരിപാലിക്കേണ്ട ചുമതല ബന്ധപ്പെട്ടവർക്ക് മാത്രമാണോ.   
ഒരു തണലിടം
നഗരത്തിലെ കൊടുംചൂടിൽ ഒന്ന് വിശ്രമിക്കണമെന്ന്  ആഗ്രഹിച്ചാൽ കുഴങ്ങിയതുതന്നെ.   അൽപനേരംചാരി നിൽക്കാൻ എവിടെയാണ് സ്ഥലം. നഗരത്തിൽ  ടൗൺസ്ക്വയർ മാത്രമുണ്ട് ഒന്നിരിക്കാൻ. പാർക്കുകളൊക്കെ വൻ തുക ചെലവഴിച്ച പലഘട്ടങ്ങളിലായി നവീകരിച്ചിട്ടുണ്ട്. പിന്നീട് അവയൊക്കെ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളായി. അവയുടെ രൂപവും ഭാവവും മാറേണ്ടേ.  അപകടം വരുത്തുന്ന തണൽ മരങ്ങൾ മുറിച്ചുമാറ്റി പുതിയ മരങ്ങൾ നട്ടുവളർത്തേണ്ടേ.  
പാർക്കിങ്
വലിയ കെട്ടിടങ്ങളിൽ  പാർക്കിങ് സൗകര്യം വേണമെന്നാണ്. എന്നാൽ അവയൊക്കെ  പണമുണ്ടാക്കുന്ന വഴിയായാണ് സ്ഥാപനങ്ങൾ കാണുന്നത്. ചിലർ അതിലും വ്യാപാരം നടത്തുന്നു. മറ്റുചിലരാകട്ടെ പാർക്കിങ് ഫീയുടെ പേരിലും ആളുകളെ ഞെക്കിപ്പിഴിയുന്നു. ഫലം വാഹനങ്ങൾ റോഡിൽ നിർത്തിയിടേണ്ടിവരുന്നു. കോംപ്ലക്സിൽ വരുന്നവർ മാത്രമേ മുന്നിലുള്ള റോഡിൽ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്ന് ശഠിക്കുന്നവരുമുണ്ട്. പാർക്കിങ്ങിലും സഹകരണമാവാമല്ലോ.  
അറ്റകുറ്റപ്പണിയെന്ന കടമ്പ 
പദ്ധതികൾ തുടങ്ങുമ്പോഴുള്ള ആവേശം കാത്തുസൂക്ഷിക്കുന്നതിൽ ആരും കാണിക്കാറില്ല. താൽപര്യമുള്ളവർ മാറിയാൽ ലക്ഷങ്ങൾ ചെലവഴിച്ച പദ്ധതി നോക്കുകുത്തിയാവും. അറ്റകുറ്റപ്പണിയെന്നൊന്നില്ല. തെരുവുവിളക്ക് പോയാൽ അത് നന്നാക്കാൻ മാസങ്ങൾ. പൈപ്പ് പൊട്ടിയാൽ നന്നാക്കാൻ ദിവസങ്ങൾ, പൊതു ടോയ്ലറ്റ് തകരാറിലായാൽ നന്നാക്കാൻ ആളില്ല. റോഡും തോടും നടപ്പാതയുമൊക്കെ അറ്റകുറ്റപ്പണി ചെയ്യുക എന്നത് വലിയ കടമ്പ. ഡിവൈഡറിൽ ചെടി നടും. വെള്ളമൊഴിക്കില്ല. പദ്ധതി നടപ്പാക്കുന്നതുപോലെ തന്നെപ്രധാനപ്പെട്ടതാണ് അവ കാത്തുസൂക്ഷിക്കുന്നതും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതും എന്ന് ഇനിയെങ്കിലും ഓർക്കേണ്ടതേല്ല.    
റോഡും പൊതുവഴിയും 
കുത്തിക്കിളക്കാതിരിക്കാൻ
നഗരവും റോഡും പൊതുവഴിയും ആർക്കുവേണമെങ്കിലും കുത്തിക്കിളക്കാം.  റോഡ്പണി കഴിഞ്ഞയുടൻ പൈപ്പിടാം, കേബിൾ ഇടാം. മറ്റെന്തും ചെയ്യാം. അവിടെതുടങ്ങുന്നു റോഡുകളുടെ തകർച്ച. പൈപ്പ് ലൈനും കേബിളുകളും ഇലക്ട്രിക‌് ലൈനുമൊക്കെ ഒരുമിച്ച് ഭൂമിക്കടിയിലൂടെ കടന്നുപോകാൻ പാകത്തിൽ ശാസ്ത്രീയ സംവിധാനങ്ങൾ ഇനിയെങ്കിലും വേണ്ടേ. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top