15 November Friday

ടി വി രാജേഷ് എംഎൽഎയുടെ വാഹനം ഒഴുക്കിൽപെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കണ്ണപുരം
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നതിനിടെ ടി വി രാജേഷ് എംഎൽഎ യുടെ വാഹനം ഒഴുക്കിൽപ്പെട്ടു. പാണപ്പുഴയിലെ ക്യാമ്പിലേക്ക് പോകുന്നതിനിടെ പാണപ്പുഴയിൽ വൈകിട്ട് 6. 45 ഓടെയാണ് സംഭവം. റോഡിലൂടെ വാഹനം മുന്നോട്ടു നീങ്ങുമ്പോൾ അപ്രതീക്ഷിതമായുണ്ടായ ഒഴുക്കിൽ പെടുകയും എൻജിൻ ഓഫായി റോഡിൽ കുടുങ്ങുകയായിരുന്നു. എംഎൽഎയും സംഘവും ഉടൻ വാഹനത്തിൽനിന്ന് ഇറങ്ങി.  നാട്ടുകാരുടെ സഹായത്തോടെ  ഏറെ പണിപ്പെട്ടാണ് വാഹനം കരയ്ക്കെത്തിച്ചത്. മറ്റൊരു  വാഹനത്തിലാണ് പിന്നീട് എംഎൽഎ ക്യാമ്പുകളിലേക്ക് പോയത്. പിലാത്തറ മാതമംഗലം കുനിയിൽ തോട് വഴിയിൽ  റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് പയ്യന്നൂർ കാനായി വഴിയാണ് പാണപ്പുഴയിലേക്ക് പോയത്. ഇതിനിടയിലാണ് വാഹനം ഒഴുക്കിൽ പെട്ടത്.    
ചെറുകുന്നിലെ അഞ്ചും കുഞ്ഞിമംഗലത്തെ രണ്ടും ക്യാമ്പുകൾ എംഎൽഎ സന്ദർശിച്ചു. മാടായി വാടിക്കൽ ഭാഗങ്ങളിലെ വെള്ളക്കെട്ടുകൾ  സന്ദർശിച്ചു. പഴയങ്ങാടി ബസ് സ്റ്റാൻഡിലെയും സമീപ പ്രദേശത്തേയും വെള്ളക്കെട്ടിലകപ്പെട്ട വ്യാപാരികളുടെ കടകളിലെ സാധന സാമഗ്രികൾ എംഎൽഎയുടെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പട്ടുവം, കണ്ണപുരം ബക്കീത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങൾ സന്ദർശിച്ചു. രാത്രി ഏറെ വൈകിയാണ് ഏഴോം കൊട്ടിലയിലെ ക്യാമ്പിലെത്തിയത്.
പ്രധാന വാർത്തകൾ
 Top