24 August Saturday

വായനയെക്കുറിച്ചുള്ള സംവാദമായി പുസ്തകോത്സവ വേദി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019
കണ്ണൂർ
വായനയെക്കുറിച്ചുള്ള സംവാദമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം. സാഹിത്യകാരന്മാരായ ടി പത്മനാഭനും എം മുകുന്ദനുമാണ് വർത്തമാനകാല വായനയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ  പങ്കുവച്ചത്. പുസ്തകശാലകളും പ്രസാധകരും വർധിക്കുന്നുണ്ടെങ്കിലും വായന കുറഞ്ഞുവരികയാണെന്ന് പുസ്തകോത്സവം ഉദ്ഘാടനംചെയ്ത് ടി പത്മനാഭൻ പറഞ്ഞു. വായന ഒരു ശീലമാക്കണം. ചെറുപ്പം മുതലേ ഇതുണ്ടായാലേ തുടർവായന നടക്കൂ. ഇതിന് രക്ഷിതാക്കളും അധ്യാപകരും അനുകൂല സാഹചര്യമുണ്ടാക്കണം. വായനശാലകളും ധാരാളമുണ്ടാകണം. വായനക്കാരൻ താൻ മരിക്കുന്നതിന്റെ തലേദിവസം വരെ വായിച്ചു കൊണ്ടേയിരിക്കും. അദ്ദേഹം  പറഞ്ഞു.   ഇ എം എസാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. മലയാള ഭാഷക്ക് വേണ്ടി ഇത്രയധികം പ്രാധാന്യം നൽകി പ്രവർത്തിച്ചവർ ചുരുക്കമാണ്  ടി പത്മനാഭൻ പറഞ്ഞു.
വായന ആശങ്കപ്പെടേണ്ട കാലഘട്ടം കഴിഞ്ഞെന്നും പുതിയ തലമുറ വായനയിലേക്ക് തിരിച്ചെത്തിയെന്നും എം മുകുന്ദൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ പഠനം സൂചിപ്പിക്കുന്നത് അവിടെ പുസ്തകശാല അടച്ചു പൂട്ടുകയാണെന്നാണ്. അതിന് കാരണം പുസ്തക വിൽപനയിൽ വലിയ ലാഭം ലഭിക്കുന്നില്ലെന്നാണ്. എന്നാൽ കേരളം ലോകത്തിന് അത്ഭുതമായി ഇപ്പോഴും മുന്നോട്ട് പോകുന്നു. പുസ്തകശാലകളും വായനക്കാരും വർധിക്കുന്നു. എം മുകുന്ദൻ പറഞ്ഞു. 
കെ സഹദേവൻ എഴുതിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്തകം എം മുകുന്ദൻ, ഡോ. കെ എസ് മാധവന് നൽകി പ്രകാശനം ചെയ്തു. എൻ ജയകൃഷ്ണൻ അധ്യക്ഷനായി. ഡോ. പ്രിയ പിലിക്കോട് പുസ്തക പരിചയം നടത്തി. കെ ബീന സ്വാഗതവും കെ വിനോദ്കുമാർ നന്ദിയും പറഞ്ഞു. മഹാത്മാ മന്ദിരത്തിലാണ് പുസ്തകോത്സവം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top