11 September Wednesday

ഹാപ്പിനസിന്റെ നല്ലപാഠം പകർന്ന്‌ "ഗ്രാന്മ’

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ഗ്രാന്മ സാംസ്‌കാരിക പാഠശാലയിലെ നാടക ക്യാമ്പ്‌

തലശേരി
വീട്‌ സാംസ്‌കാരിക പാഠശാലയാക്കി നാടിന്‌ വിജ്ഞാന വെളിച്ചം പകർന്ന്‌ സൈക്കോതെറാപ്പിസ്‌റ്റായ എ വി രത്‌നകുമാർ. വടക്കുമ്പാട്‌ മഠത്തും ഭാഗത്തെ വീട്ടുമുറ്റത്ത്‌ തുടങ്ങിയ ‘ഗ്രാന്മ തിയറ്റർ’ അഞ്ചര വർഷം പിന്നിടുന്നത്‌ ഹാപ്പിനസിന്റെ നല്ലപാഠം പകർന്ന്‌. 320 വ്യത്യസ്‌ത കലാസാംസ്‌കാരിക വിദ്യാഭ്യാസ പരിപാടികൾക്ക്‌ ഗ്രാന്മ ഇതിനകം വേദിയായി.  
പുസ്‌തക വായന, സംവാദം, കലാകാര സംഗമം, അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങൾ, ഷോർട്ട്‌ ഫിലിം നിർമാണം, ശാസ്‌ത്രക്ലാസ്‌, തൊഴിൽ പരിശീലനം തുടങ്ങി വ്യത്യസ്‌ത പരിപാടികൾ സംഘടിപ്പിച്ചു.  അരങ്ങിലെ പുതുപരീക്ഷണത്തിനൊപ്പം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള വഴിവെട്ടുക കൂടിയാണിവിടം. സമീപ ജില്ലകളിൽനിന്നടക്കം ഗ്രാന്മയുടെ സായാഹ്നങ്ങളിലേക്ക്‌ സാംസ്‌കാരിക പ്രവർത്തകരെത്തുന്നു. 
കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലായി സംഘടിപ്പിച്ച അയൽപക്ക സദസ്സുകൾ നാട്ടിൻപുറത്തടക്കം ചലനം സൃഷ്ടിച്ചു. സന്തോഷമുള്ള കുടുംബം, സമൂഹം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളാണ്‌ അയൽപക്ക സദസ്സുകളിൽ ചർച്ച ചെയ്യുന്നത്‌. ഗ്രാന്മയിൽ എത്താൻ സാധിക്കാത്തവരുടെ അരികിലേക്കാണ്‌ അയൽപക്ക സദസ്സുകളുമായി യാത്രചെയ്യുന്നത്‌. 
ഗ്രാന്മ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും എ വി രത്‌നകുമാറിന്റെ പെൻഷനുമാണ്‌ സംഘാടനത്തിന്‌ ഉപയോഗിക്കുന്നത്‌. കുടുംബവും നാട്ടുകാരും സാംസ്‌കാരിക പാഠശാലക്ക്‌ ഒപ്പമുണ്ട്‌. മരത്തണലിൽ, ജീവിതത്തിന്റെ താക്കോൽ, കാഴ്‌ചകൾക്കപ്പുറം, മനസ്‌തുറക്കാം എന്നീ പുസ്‌തകങ്ങളാണ്‌ ഗ്രാന്മ പ്രസിദ്ധീകരിച്ചത്‌. റിട്ട. അധ്യാപകനായ എ വി രത്‌നകുമാർ പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമാണ്‌. മനസിന്‌ സൗഖ്യം പകർന്നും ഹാപ്പിനസിലേക്ക്‌ നയിച്ചും മെച്ചപ്പെട്ട ജീവിതത്തിന്‌ ഓരോ കുടുംബത്തിനും വഴികാട്ടുകയാണ്‌ ഗ്രാന്മയും ഈ അധ്യാപകനും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top