19 June Saturday
ആർക്കും മുടങ്ങില്ല പഠനം

ക്ലാസ്‌@ഹോം ഫുൾ റേഞ്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ, ടാബ് വിതരണം ചെയ്യുന്നതിനായി എസ്എഫ്ഐ ആരംഭിച്ച സ്മാർട്ട്‌ഫോൺ, - ടാബ് ചലഞ്ചിൽ ലഭിച്ച ഫോണുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്ക്ക് കെെമാറിയപ്പോൾ. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സി പി ഷിജു എന്നിവർ സമീപം

കണ്ണൂർ 

ഓൺലൈൻ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുന്നതിന്‌  തദ്ദേശ സ്ഥാപനതലത്തിൽ നടപടികൾ ആരംഭിച്ചു. പഞ്ചായത്തുകളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്‌  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയുടെ അധ്യക്ഷതയിൽ പ്രസിഡന്റുമാരുടെ യോഗം ചേർന്നു.
    ജില്ലയിൽ 3605 കുട്ടികൾ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങൾ നേരിടുന്നതായാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്‌.   വൈദ്യുതി, നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, ഓൺലൈൻ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ്   നേരിടുന്നത്. പ്രശ്‌നപരിഹാരത്തിന്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സ്‌കൂളുകളിൽ നിയമിതരായ നോഡൽ ഓഫീസർമാർ, പഠന സഹായ സമിതി, വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിലുള്ള വാർഡ് ജാഗ്രതാ സമിതികൾ എന്നിവ  ചേർന്ന് പ്രശ്‌നങ്ങൾ   പരിഹരിച്ച്    പഠനം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. അർഹതയുള്ള ഒരുകുട്ടിക്കുപോലും സഹായം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ  ജനപ്രതിനിധികൾ ശ്രദ്ധിക്കും.  
പിഴത്തുക ഉപയോഗിച്ച്‌ 
പഠനസഹായം
ക്വാറികളിൽനിന്ന് ഈടാക്കുന്ന പിഴത്തുക ഉപയോഗിച്ച് പഠനസഹായം ഒരുക്കാൻ   കലക്ടർ അനുമതി നൽകിയിട്ടുണ്ടെന്നും ഈ സാധ്യതകൾ പരിഗണിക്കും. കിടപ്പു രോഗികൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള  പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. മൊബൈൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിക്കാൻ കഴിയാത്ത രോഗികൾക്കാണ് വാക്‌സിൻ വീടുകളിൽ   ലഭ്യമാക്കുക. തദ്ദേശതലത്തിൽ ഇത്തരം രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും 15നകം റൂട്ട് മാപ്പ് തയ്യാറാക്കാനും യോഗം നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top