14 June Monday
പഠനവഴിയിൽ പൊൻവെളിച്ചം

ഇവരുടെ വീടും 
സ്‌മാർട്ടാകും, പഠനവും

കെ കെ ശ്രീജിത്Updated: Friday Jun 11, 2021

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന സഹോദരിമാർക്ക് കേളകം ജനമൈത്രി പൊലീസ് ടെലിവിഷൻ നൽകുന്നു

കണിച്ചാര്‍
ടെലിവിഷനുമായി പൊലീസ്‌ മാമന്മാർ, സൗജന്യമായി വൈദ്യുതിയെത്തിക്കാൻ കെഎസ്‌ഇബി.... ഒറ്റമുറി വീടിനുപകരം ലൈഫ്‌ പദ്ധതിയിൽ അടച്ചുറപ്പുള്ള വീടും. നന്മയുടെ പ്രകാശം കേളം കുണ്ടേരിയിലെ ചെറുവിള പുത്തൻ വീട്ടിലെത്തുമ്പോൾ നാലു വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ സ്‌മാർട്‌ വാതിൽ തുറക്കുകയാണ്‌. കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ സന ഫാത്തിമ(13), നജ ഫാത്തിമ (11), നാജിയ യൂസഫ് (8), സജ ഫാത്തിമ (6) എന്നിവർക്ക്‌ കേളകം ജനമൈത്രി പൊലീസ്‌ ടെലിവിഷൻ കൈമാറി.  സൗകര്യങ്ങളില്ലാത്തതിനാൽ ഇവരുടെ പഠനം മുടങ്ങുന്നുവെന്ന ദേശാഭിമാനി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ടെലിവിഷൻ കൈമാറിയത്‌.  ചെട്ടിയാംപറമ്പ് ഡിലൈറ്റ് നെറ്റ്വര്‍ക്ക് സൗജന്യമായി കേബിള്‍ കണക്ഷനും നല്‍കി.  
വെള്ളിയാഴ്ച രാവിലെ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചു. വാര്‍ത്തയറിഞ്ഞ നിരവധി പേർ കുടുംബത്തിന് സഹായവുമായെത്തി.  മൂന്ന് സ്മാർട് ഫോണുകളും‌ ലഭിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബം തകര്‍ച്ചാഭീഷണിയുള്ള ഒറ്റമുറി ഷെഡിലായിരുന്നു താമസം. കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് നൽകാൻ കേളകം പഞ്ചായത്ത് തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ്‌ കുട്ടികളുടെ ഉപ്പ യൂസഫും ഉമ്മ സമീറയും. വീട് നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ്‌ സി ടി അനീഷ് അറിയിച്ചു. സ്ഥലവും വീടും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പഞ്ചായത്ത്. യൂസഫിന്റെ ഉപ്പ വീടുവയ്ക്കാൻ സ്ഥലം നൻകാൻ തയ്യാറാണെന്നറിയിച്ചു. എപിഎൽ ലിസ്റ്റിലായിരുന്ന കുടുംബത്തിന് പഞ്ചായത്ത് ബിപിഎൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top