12 November Tuesday

കാട്ടാന ശല്യം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019
ഇരിട്ടി
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിലെ ജനവാസ കേന്ദ്രങ്ങളിലെ  കാട്ടാന ശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരെ ആറളം പഞ്ചായത്ത് ഭരണ സമിതി നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് ഉപരോധിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പലിന്റെ  നേതൃത്വത്തിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളും ലൈഫ് വാർഡൻ ഓഫീസിന് പടിക്കൽ കുത്തിയിരുന്നു. മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ പോലും നടപ്പാക്കുന്നില്ലെന്നും ജനപ്രതിനിധികൾക്ക് പോലും വനം വകുപ്പ് ജീവനക്കാരിൽനിന്ന‌് മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെന്നും ആരോപിച്ചായിരുന്നു സമരം. ആനയിറങ്ങുന്ന ഭാഗങ്ങളിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തുമെന്നും ജനവാസ മേഖലയിലെത്തിയ കാട്ടാനകളെ ഒരാഴ‌്ചക്കുള്ളിൽ വനത്തിലേക്ക് തുരത്തുമെന്നും പറഞ്ഞിട്ട് നാലുമാസമായിട്ടും നടപടിയുണ്ടായില്ലെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. 
ഇരിട്ടി സിഐ പി  സുനിൽകുമാറിന്റെ മധ്യസ്ഥതയിൽ വൈൽഡ് ലൈഫ് വാർഡൻ എ ഷജിന പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ട  ജനപ്രതിനിധികളുമായി ചർച്ച നടത്തി.  തീരുമാനങ്ങൾ വൈൽഡ് ലൈഫ് വാർഡൻ വിശദീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികളെ അറിയിച്ചു. എന്നാൽ വിശദീകരിക്കാനോ ജനപ്രതിനിധികളെ കാണാനോ വൈൽഡ് ലൈഫ് വാർഡൻ തയ്യാറായില്ല. നടപ്പാക്കുന്ന കാര്യങ്ങളും തീരുമാനങ്ങളും പഞ്ചായത്ത് പ്രസിഡന്റ്  ഉൾപ്പെടുന്ന സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് അവർ ഓഫീസിലിരുന്നു. ഇത് ജനപ്രതിനിധികളെ പ്രകോപിപ്പിച്ചു. വാർഡൻ വിശദീകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഡിഎഫ്ഒ എത്തി വിശദീകരിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന്  ജനപ്രതിനിധികൾ നിലപാടെടുത്തു. സിഐ മൂന്ന‌് പ്രാവശ്യം വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ചയിൽ കാര്യങ്ങൾ ജനപ്രതിനിധികൾക്ക് മുന്നിലെത്തി വിശദീകരിക്കാൻ വാർഡൻ സന്നദ്ധയായി. കാട്ടാനയെ പ്രതിരോധിക്കാനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനും കൂടുതൽ ജീവനക്കാരെ നിയമിക്കാമെന്നും അവർ ഉറപ്പു നൽകി. ജീവനക്കാരിൽനിന്നുണ്ടാകുന്ന തെറ്റായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ നേരിട്ട് അറിയിക്കണമെന്നും ജനപ്രതിനിധികൾകളെ വാർഡൻ അറിയിച്ചു.  
പ്രധാന വാർത്തകൾ
 Top