18 June Friday
കോവിഡ്‌ അതിതീവ്ര വ്യാപനം

ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ 
ധർമശാല ബാൽകോ എയർപ്രൊഡക്ട്‌സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
കണ്ണൂർ
കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ ധർമശാല ബാൽകോ എയർ പ്രൊഡക്ട്‌സ്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ബാൽകോയാണ്‌ ഓക്‌സിജൻ സിലിൻഡറുകൾ വിതരണം ചെയ്യുന്നത്‌. 
രണ്ടു ജില്ലകളിലേക്കുമായി ശരാശരി 600 സിലിൻഡർ ഓക്‌സിജനാണ്‌ ഇപ്പോൾ പ്രതിദിനം ആവശ്യമായി വരുന്നത്‌. ഇതിൽ 300 സിലിൻഡറുകളാണ്‌ ധർമശാലയിലെ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്നത്‌. ബാക്കി കോഴിക്കോട്‌, പാലക്കാട്‌ എന്നിവിടങ്ങളിൽനിന്നെത്തിച്ച്‌ വിതരണം ചെയ്യുകയാണ്‌. പ്രതിദിന ഉൽപ്പാദനം 500 സിലിൻഡറായി വർധിപ്പിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്‌. രണ്ടു ദിവസത്തിനകം കൂടുതൽ ഉൽപ്പാദനം ആരംഭിക്കാൻ കഴിയുമെന്ന്‌ സിഇഒ ദിലീപ്‌ പി നായർ ‘ദേശാഭിമാനി’യോടു പറഞ്ഞു. വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്‌ ഉൽപ്പാദനം ആയിരം സിലിൻഡറായി വർധിപ്പിക്കാനുള്ള നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോവുകയാണ്‌. 
എയർ സെപ്പറേഷൻ സംവിധാനത്തിലൂടെ വായുവിൽനിന്ന്‌ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റാണ്‌  ബാൽകോയിലുള്ളത്‌.  കൂറ്റൻ ടാങ്കിൽ ദ്രവീകൃത ഓക്‌സിജൻ ശേഖരിച്ച്‌ സിലിൻഡറുകൾ നിറയ്‌ക്കാനുള്ള സൗകര്യമാണ്‌ പുതുതായി ഒരുക്കുന്നത്‌. ഇതു പൂർത്തിയാകുന്നതോടെ കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ചെറിയ ആശുപത്രികളിൽപോലും ഓക്‌സിജൻ ലഭ്യതയ്‌ക്ക്‌ പ്രയാസമുണ്ടാവില്ലെന്നും ദിലീപ്‌ പി നായർ പറഞ്ഞു.
രണ്ടാംഘട്ട കോവിഡ്‌ വ്യാപനം വന്നതോടെ സർക്കാർ നിർദേശപ്രകാരം കണ്ണൂർ ജില്ലയിൽ കൂടുതൽ കേന്ദ്രീകരിച്ചിരുന്നു. മംഗളൂരുവിൽനിന്നാണ്‌ കാസർകോട്‌ ജില്ലയിലേക്കാവശ്യമായ സിലിൻഡറുൾ എത്തിച്ചിരുന്നത്‌. എന്നാൽ, കാസർകോട്ടേക്ക്‌ ഓക്‌സിജൻ എത്തിക്കുന്നതിന്‌ കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയതോടെ വീണ്ടും എത്തിച്ചു തുടങ്ങി.  തിങ്കളാഴ്‌ച രാവിലെ 40 സിലിൻഡറുകളും ഉച്ചയ്‌ക്കുശേഷം 25 സിലിൻഡറുകളും അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top