21 August Wednesday

രാമപുരത്ത‌് വരുന്നു വിശ്രമപാർക്ക‌് ദൂരയാത്രക്കാർക്ക‌് ബ്രേക്കെടുക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

പിലാത്തറ--_ പാപ്പിനിശ്ശേരി റോഡില്‍ രാമപുരത്ത് നിര്‍മാണം പുരോഗമിക്കുന്ന ടെയ്ക്ക് എ ബ്രെയ്ക്ക് പാര്‍ക്ക്.

കണ്ണൂർ
രാമപുരത്ത് ടെയ്ക്ക് എ ബ്രെയ്ക്ക് പാർക്കും ഓപ്പൺ ജിമ്മും ഒരുങ്ങുന്നു. രാമപുരത്ത് റോഡിനോട് ചേർന്നുള്ള 40 സെന്റ് സ്ഥലത്താണ് കെഎസ്ടിപി വിശ്രമ പാർക്ക് നിർമിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളോടെ സജ്ജീകരിക്കുന്ന പാർക്കിന്റെ നിർമാണപ്രവൃത്തികൾ ആരംഭിച്ചു. ടി വി രാജേഷ് എംഎൽഎയുടെ പ്രത്യേക താൽപര്യപ്രകാരമാണ‌് പാർക്കിന്റെ നിർമാണം. 
റസ്റ്റോറന്റ്, ടോയ്‌ലെറ്റ്, ഓപ്പൺ എയർ തിയേറ്റർ, വാട്ടർ ഫൗണ്ടൻ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ തുടങ്ങിയവ ഒരുക്കുന്നതിന് 26 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കിണർനിർമാണവും കെട്ടിടങ്ങൾക്കും പൂന്തോട്ടങ്ങൾക്കുമായി നിലമൊരുക്കുന്ന പ്രവൃത്തികളും ഇതിനകം പൂർത്തീകരിച്ചു. 20 ലേറെ വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടുകൂടിയാണ് പാർക്ക് ഒരുക്കുന്നത്.  
പിലാത്തറയിൽനിന്ന് പാപ്പിനിശേരിയിലേക്കുള്ള വഴിയിൽ റോഡിന് ഇടതുഭാഗത്തായാണ് ടെയ്ക്ക് എ ബ്രെയ്ക്ക് പാർക്ക് നിർമിക്കുന്നത്. ഇതിന് എതിർഭാഗത്ത് ഒരു ഓപ്പൺ ജിമ്മും സജ്ജീകരിക്കുന്നുണ്ടെന്ന് ടി വി രാജേഷ‌് എംഎൽഎ പറഞ്ഞു. 42 ലക്ഷം രൂപ ചെലവഴിച്ച് ഡിടിപിസിയാണ് ഇത് സജ്ജീകരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജിംനേഷ്യത്തോടൊപ്പം ഡ്രസ് ചെയ്ഞ്ചിങ‌് റൂം, ടോയ്‌ലെറ്റ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. 20 സെന്റ് സ്ഥലത്ത് നിർമിക്കുന്ന ഓപ്പൺ ജിമ്മിൽ വെയ്റ്റ് ലിഫ്റ്റ്, റോവർ, ഹിപ്പ് ട്വിസ്റ്റർ, സർക്കുലർ പുള്ളപ്പ് സ്റ്റേഷൻ, ലെഗ് എക്സ്റ്റൻഷൻ, ചെസ്റ്റ് പ്രസ്സ്, സിറ്റപ്പ് ബോർഡ്, വാക്കർ, സൈക്കിൾ, പുഷ് അപ്പ് ബാർ തുടങ്ങി വിവിധ ഉപകരണങ്ങൾ സജ്ജീകരിക്കാനാണ് പദ്ധതി.
 
 

 

പ്രധാന വാർത്തകൾ
 Top