25 June Tuesday

പടിയൂർ കല്യാട് സംഘാടക സമിതി രൂപീകരിച്ചു അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന‌് 22ന് മുഖ്യമന്ത്രി തറക്കല്ലിടും

സ്വന്തം ലേഖകൻUpdated: Monday Feb 11, 2019

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു.

ശ്രീകണ്ഠപുരം
അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന‌് 22 ന്  പടിയൂർ കല്ല്യാട് പഞ്ചായത്തിലെ കല്ല്യാട് തട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിടും. 300 കോടി രൂപ ചെലവിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം. അത്യാധുനിക സൗകര്യങ്ങളുള്ള ഗവേഷണ കേന്ദ്രവും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുക. ആയുർവേദ അറിവും ലോകമെങ്ങുമുള്ള പാരമ്പര്യ ചികിത്സാ രീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര  മ്യൂസിയം, താളിയോല  അറിവുകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന അത്യന്താധുനിക മാനുസ്‌ക്രിപ്റ്റ് റീഡിങ് സെന്റർ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞർക്കുള്ള ക്വാർട്ടേഴ്സ്, ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കമുള്ള ഹൗസിങ‌് സംവിധാനം എന്നിവ  ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. 
ശിലാസ്ഥാപന ചടങ്ങിന‌് സംഘാടക സമിതി രൂപീകരിച്ചു.  മന്ത്രി കെ കെ ശൈലജ  ഉദ്ഘാടനം ചെയ‌്തു. രാജ്യത്ത്  ആദ്യമായാണ് അന്താരാഷ‌്ട്ര നിലവാരത്തിലുള്ള പ്രത്യേക ചികിത്സാ സൗകര്യത്തോടുകൂടിയ  ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 36 ഏക്കർ സ്ഥലമാണ് പദ്ധതിക്കായുള്ളത്. ബാക്കി ഭൂമിയുടെ ഏറ്റെടുക്കൽ ജൂണിൽ പൂർത്തീകരിക്കും. മുഖ്യമന്ത്രി മുൻകൈയെടുത്താണ് സ്ഥലം കണ്ടെത്തിയത്. വിമാനത്താവളത്തോട് അടുത്ത പ്രദേശമായതിനാൽ  സാധ്യതകൾ വളരെയേറെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
നിർമാണങ്ങളെല്ലാം പ്രകൃതിസൗഹൃദമായി ചെയ്യാൻ കഴിയണം.  ചുറ്റുമതിൽ പോലും മുളപോലുള്ള സസ്യങ്ങളാൽ നിർമിതമായിരിക്കും. ഈ മഴക്കാലത്ത് തന്നെ സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്തനം ആരംഭിക്കണം. പഴമയും പുതുമയും ചേർന്ന് അത്യാധുനിക സംവിധാനങ്ങളോടെയാവും നിർമാണം. വലിയൊരു ഹെർബൽ ഗാർഡൻ ഉണ്ടാക്കാനും പദ്ധതിയുണ്ട്. രണ്ടാം ഘട്ടത്തിൽ ആയുർവേദ സസ്യകൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ് അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വസന്തകുമാരി, വൈസ് പ്രസിഡന്റ്‌ എം അനിൽകുമാർ, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അനസ്, പടിയൂർ കല്ല്യാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം എം മോഹനൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി രാജീവൻ, ഡോ. കെ സി അജിത്കുമാർ, ആയുർവേദ ഡിഎംഒ എസ് ആർ ബിന്ദു,  പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു. ഡോ. ഉഷാകുമാരി സ്വാഗതവും ഡോ. കെ സി അജിത് കുമാർ നന്ദിയും പറഞ്ഞു.  
ഭാരവാഹികൾ: മന്ത്രി ഇ പി ജയരാജൻ (ചെയർമാൻ), കെ ശ്രീജ (വർക്കിങ് ചെയർമാൻ), എം അനിൽകുമാർ, എം എം മോഹനൻ, പി കെ ജനാർദനൻ (വൈസ് ചെയർമാൻ), കലക്ടർ മീർ മുഹമ്മദലി (കൺവീനർ), ഡോ. കെ സി അജിത്കുമാർ (വർക്കിങ് കൺവീനർ), കെ സുനിൽകുമാർ, കെ നാരായണൻ (ജോ. കൺവീനർ). 
 
 
പ്രധാന വാർത്തകൾ
 Top