29 May Friday

ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹമരണം സമഗ്ര അന്വേഷണം വേണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
കണ്ണൂർ
ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വൻതട്ടിപ്പാണ് ചെറുപുഴയിൽ നടന്നത്.  കെ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ ജനങ്ങളിൽനിന്ന്‌ പണം പിരിക്കുകയും ഏതാനും കോൺഗ്രസ് നേതാക്കൾ തട്ടിയെടുക്കുകയുമാണുണ്ടായത്. പണം തട്ടാനല്ലെങ്കിൽ ട്രസ്റ്റ് എന്തിന് സ്വകാര്യ കമ്പനിയാക്കി മാറ്റി. നേതൃത്വം അറിയില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 2015 ജനുവരി 15ന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന സതീശൻ പാച്ചേനിയും അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡന്റ്‌ കെ സുരേന്ദ്രനും മുൻ കാസർകോട്‌ ഡിസിസി പ്രസിഡന്റ്‌ അഡ്വ. സി കെ ശ്രീധരനും പങ്കെടുത്തിരുന്നു. കോൺഗ്രസ്‌ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണ് ട്രസ്റ്റ് രൂപീകരിച്ചതും ജനങ്ങളിൽനിന്ന് പണം പിരിച്ചതും പിന്നീട് സ്വകാര്യ കമ്പനി രൂപീകരിച്ച്‌ പണവും സ്വത്തും മുഴുവൻ അതിലേക്ക്‌ മാറ്റിയതും. ഇപ്പോൾ കെ കരുണാകരന്റെ പേരിൽ ട്രസ്റ്റുമില്ല, ആശുപത്രിയുമില്ല. 
നഗ്നമായ അഴിമതിയാണിത്. സംവാദമല്ല, നടപടിയാണ് വേണ്ടത്. പണം തട്ടിയെടുത്ത കോൺഗ്രസ്‌ നേതാക്കളുടെ പേരിൽ നടപടിയെടുക്കുമോ?  സ്വർണം പണയപ്പെടുത്തിയും മറ്റും കെട്ടിടം പൂർത്തിയാക്കിയ കരാറുകാരന്‌ നൽകാനുള്ള ഒന്നരക്കോടിയോളം രൂപ എന്തുകൊണ്ട് നൽകിയില്ല. കെട്ടിടത്തിലെ കടമുറികളും ഫ്ലാറ്റുകളും ആശുപത്രി കെട്ടിടവുമെല്ലാം സ്വാകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റ്‌ കോടികളാണ് സ്വകാര്യ കമ്പനി ഉടമകളായ നേതാക്കൾ നേടിയത്. നാലിന്‌ കണക്കുമായി വന്നാൽ പണം നൽകാമെന്ന് നേതാക്കൾ ജോസഫിനോട് പറഞ്ഞതിനെതുടർന്നാണ് അദ്ദേഹം ആശുപത്രി കെട്ടിടത്തിലേക്ക്  പോയത്. എന്നാൽ, ജീവൻ തന്നെ നഷ്ടമായി. താൻ പണിത കെട്ടിടത്തിൽ ജോസഫിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സമഗ്ര അന്വേഷണത്തിലൂടെ നിജസ്ഥിതി കണ്ടെത്തണം. 
ചെറുപുഴ സംഭവം രാഷ്ട്രീയ പ്രശ്നമല്ല. ചെറുപുഴയിൽ രൂപീകരിച്ച അക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകും. നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തോടൊപ്പവും എൽഡിഎഫ് ഉണ്ടാകുമെന്നും യോഗം  വ്യക്തമാക്കി. സി രവീന്ദ്രൻ അധ്യക്ഷനായി. കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു. എം വി ജയരാജൻ, സി പി സന്തോഷ്‌കുമാർ, ഇ പി ആർ വേശാല, കെ കെ രാജൻ, എ ജെ ജോസഫ്, വി കെ ഗിരിജൻ, സിറാജ് തയ്യിൽ, സി വത്സൻ, മഹമ്മൂദ് പറക്കാട്ട്, എം ഉണ്ണികൃഷ്ണൻ, കെ സി ജേക്കബ് എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top