24 April Wednesday

ക്രൈംബ്രാഞ്ച് സിഐയെയും ഭാര്യയെയും ആക്രമിച്ചു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍Updated: Monday Sep 10, 2018

 മയ്യഴി

കണ്ണൂർ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടറെയും ഭാര്യയെയും മാഹി ടൗണിൽ കോൺഗ്രസ് നേതാവുൾപ്പെട്ട ക്രിമിനൽസംഘം ആക്രമിച്ചു.  ഭാര്യയോടൊപ്പം കാറിൽ യാത്രചെയ്യുകയായിരുന  ക്രൈംബ്രാഞ്ച് സിഐ ന്യൂമാഹി പെരിങ്ങാടിയിലെ സനിൽ കുമാറി(46)നെയാണ്  വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ചത്. ഭാര്യയെയും കൈയേറ്റം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മാഹി പൊലീസ് അറസ്റ്റ്‌ചെയ്തു. ഫ്രഞ്ച് പൗരനായ ഒരാൾ രക്ഷപ്പെട്ടു.
യൂത്ത്‌കോൺഗ്രസ് മുൻ മാഹി ബ്ലോക്ക് ഭാരവാഹിയായിരുന്ന
പാറക്കൽ വരദനിവാസിൽ രഞ്ജിത്ത് (42), കോൺഗ്രസ് പ്രവർത്തകരായ പൂഴിത്തലയിലെ അയ്യിട്ട വളപ്പിൽ അനിൽ എന്ന നകുലൻ (45), പാറക്കലിലെ വളവിൽ വീട്ടിൽ ജ്യോതി അശോകൻ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലുണ്ടായിരുന്ന ഫ്രഞ്ച് പൗരൻ പ്രമോദ് ബാബുജിയെന്ന ദേവകുമാർ (45) ആണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറരക്ക് മാഹി റെയിൽവെ സ്റ്റേഷൻ റോഡ് ജങ‌്ഷനിലാണ് സംഭവം.
ന്യൂമാഹി പെരിങ്ങാടി സ്വദേശികളായ കുടുംബം വടകരയിലേക്ക് പോവുകയായിരുന്നു. സിഐയും ഭാര്യയും സഞ്ചരിച്ച കാർ ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ ഒരു ഫ്രഞ്ച് പൗരൻ ഉൾപ്പെടെ നാലുപേർ കാർ തടഞ്ഞിട്ട് അസഭ്യം പറയുകയും ഭാര്യയെ കൈയേറ്റം ചെയ്‌തെന്നുമാണ് കേസ്.   പരിക്കേറ്റ സി ഐ മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മാഹി തീരദേശ പൊലീസ് സ്‌റ്റേഷൻ എസ്‌ഐയായിരുന്ന പി പി ജയരാജനെ മർദിച്ച കേസിലെ പ്രതികൂടിയാണ‌് നകുലൻ. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രമോദ് ബാബുജി എന്ന ദേവകുമാറിനെതിരെ കഴുത്ത്‌ഞെരിച്ച് വധിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് മാഹി പാറക്കലിലെ വലിയപുരയിൽ അഞ്ജലി ബാലകൃഷ്ണൻ നൽകിയ പരാതിയും മാഹി പൊലീസിലുണ്ട്. അറസ്റ്റിലായ മൂന്നുപേരെയും മാഹികോടതി  റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top