05 August Wednesday

സമ്പർക്ക വ്യാപനം കുറയ്‌ക്കാൻ കഴിഞ്ഞു: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

 കണ്ണൂർ

കർശന ജാഗ്രതാ നടപടികളിലൂടെ ജില്ലയിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം ഫലപ്രദമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞെന്ന്‌ മന്ത്രി ഇ പി ജയരാജൻ.  
രോഗികളുടെ എണ്ണം വർധിക്കുന്നതു കണക്കിലെടുത്ത്‌ മതിയായ ചികിത്സാ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്‌ പ്രതിരോധ അവലോകനയോഗത്തിനുശേഷം  മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. 
കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടും. ജില്ലയിൽ 984 കിടക്കകളാണ് കോവിഡ്‌ ചികിത്സയ്‌ക്കായി ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ പ്രത്യേക ഫസ്‌റ്റ്‌ലൈൻ ചികിത്സാ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.  രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർധന ഉണ്ടാവുകയാണെങ്കിൽ നേരിടാൻ ആവശ്യമായ മുന്നൊരുക്കം നടത്തേണ്ടതുണ്ട്. ഇതിനായി വെള്ളിയാഴ്ച സ്വകാര്യ ആശുപത്രി ഉടമകൾ, ഐഎംഎ ഭാരവാഹികൾ, നേഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. പകൽ മൂന്നിന്‌ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് യോഗം. കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമായാൽ സ്വകാര്യ മേഖലയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച നടത്തും.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി വരുന്ന ട്രക്ക് ഡ്രൈവർമാർക്ക് പ്രാഥമിക സൗകര്യങ്ങൾക്കും വിശ്രമത്തിനുമായി എല്ലാ മാർക്കറ്റുകളിലും സൗകര്യം ഒരുക്കും. ഇതിനായി  വ്യാപാരികളുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും സംഘടനാ നേതാക്കളുടെ യോഗം  വെള്ളിയാഴ്ച പകൽ 11 ന്‌ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും. ഇതുമായി ബന്ധപ്പെട്ട്‌ നഗരസഭാ സെക്രട്ടറിമാരുടെ യോഗം  ചേർന്നു.
രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായാൽ കൂടുതൽ ആംബുലൻസും ആവശ്യമായി വരും. അതിനാൽ സ്വകാര്യ ആശുപത്രികൾ, സഹകരണ ആശുപത്രികൾ, ചാരിറ്റബിൾ സംഘടനകൾ എന്നിവരിൽനിന്ന് ആംബുലൻസുകൾ ലഭ്യമാക്കാൻ കഴിയുമോ എന്നു പരിശോധിക്കും. ഒന്നിൽ കൂടുതൽ ആംബുലൻസ് ഉള്ളവരിൽനിന്നാണ് ഓരോന്ന്‌ വിട്ടുനൽകാൻ ആവശ്യപ്പെടുക. തഹസിൽദാർമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
ഇതോടൊപ്പം കാലവർഷം കനക്കുന്ന സാഹചര്യവും ഉണ്ട്. പ്രളയ സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കം തദ്ദേശസ്ഥാപനങ്ങൾ നടത്തണം.  ആവശ്യമായ സജ്ജീകരണങ്ങൾ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം കാര്യങ്ങൾക്ക് ആവശ്യമായ പണം സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുമെന്നും ഇ പി അറിയിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് എന്നിവരും സംബന്ധിച്ചു. അവലോകനയോഗത്തിൽ കലക്ടർ ടി വി സുഭാഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top