15 May Saturday
മട്ടന്നൂർ നഗരം പറയും

കടലാസ്‌ വെറും കടലാസല്ല

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021
കണ്ണൂർ
വഴിയിൽ വീണുകിടക്കുന്ന കടലാസുതുണ്ടിൽനിന്നുപോലും വരുമാനമുണ്ടാക്കാവുന്ന വിദ്യയാണ്‌ മട്ടന്നൂർ നഗരസഭാ പരിധിയിൽ ഇപ്പോൾ ചർച്ചാവിഷയം. വലിച്ചെറിയുന്നതും കടകളിൽനിന്ന്‌ ശേഖരിക്കുന്നതുമായ ഉപയോഗശൂന്യമായ കടലാസുകൾ സ്വരുക്കൂട്ടിവിറ്റാണ് മട്ടന്നൂർ നഗരസഭ പുതിയ വരുമാനമാർഗം കണ്ടെത്തിയിരിക്കുന്നത്‌.  
കടലാസ് മാലിന്യത്തെ കൈകാര്യം ചെയ്യുക മാത്രമല്ല, അതിലൂടെ വരുമാനം കണ്ടെത്താനാവുമെന്നും തെളിയിച്ച് മാതൃകയായിരിക്കുകയാണ് നഗരസഭ. ഹരിത കർമസേന, നഗരസഭാ ശുചീകരണ തൊഴിലാളികൾ, 'ക്ലീൻ കേരളാ' കുടുംബശ്രീ സംരംഭ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് ‌പദ്ധതി നടപ്പാക്കുന്നത്‌. 
ടിഷ്യൂ പേപ്പർ മുതൽ ഏതു തരത്തിലുള്ള തുണ്ടുകടലാസും ശേഖരിക്കും. മട്ടന്നൂർ പൊറോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ആർആർഎഫിൽ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) എത്തിച്ച്‌ ബെയിലിങ് മെഷീൻ ഉപയോഗിച്ച് കടലാസുകൾ പരത്തി ഷീറ്റ് രൂപത്തിലാക്കും. ഇവ ആക്രി കച്ചവടക്കാർക്ക് കിലോയ്ക്ക് രണ്ട് രൂപ നിരക്കിലാണ് വില്ക്കുന്നത്.
കടലാസ് കെട്ടുകളെ പൾപ്പ് രൂപത്തിലാക്കി മാറ്റി അതിൽനിന്ന്‌ കാർഡ് ബോർഡ് നിർമിക്കുകയാണ് ഇവ വാങ്ങുന്ന ഫാക്ടറികൾ ചെയ്യുന്നത്. ബിന്ദു, സവിത, വിജിന എന്നിവരാണ് ആർആർഎഫിൽ ബെയ്‌ലിങ് മെഷീൻ ഉപയോഗിച്ച് കടലാസുകൾ ഷീറ്റാക്കി മാറ്റുന്നത്. 6480 കിലോ കടലാസ് കെട്ടുകൾ ഇതിനകം സ്വകാര്യ ഏജൻസിക്ക് കൈമാറി. 12,960 രൂപ ഈയിനത്തിൽ ലഭിച്ചുവെന്ന് നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു  പറഞ്ഞു. 
മട്ടന്നൂർ നഗരസഭാ സെക്രട്ടറി വിനോദ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ രാഗേഷ് പാലേരി വീട്ടിൽ, നഗരസഭയിലെ ജനപ്രതിനിധികൾ എന്നിവരാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ഹരിത കേരളം മിഷന്റെ ജില്ലാ ടീം മട്ടന്നൂർ മുനിസിപ്പൽ ആർആർഎഫ്, കോഴി മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ സന്ദർശിച്ചിരുന്നു. വലിച്ചെറിയുന്ന കടലാസുകഷണങ്ങൾ സംസ്കരിച്ച് വരുമാനമുണ്ടാക്കുന്ന പദ്ധതി മറ്റ് തദ്ദേശ സ്ഥാപനങ്ങളും മാതൃകയാക്കണമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top