20 August Tuesday

മാറ്റത്തിൻ കാറ്റായ‌ി...

സ്വന്തം ലേഖകൻUpdated: Wednesday Apr 10, 2019
കുറ്റ്യാടി
അലയടിച്ചുയർന്ന ആരവങ്ങൾക്കിടയിൽ എൽഡിഎഫ് സാരഥി പി ജയരാജന് കുറ്റ്യാടി മണ്ഡലത്തിൽ ഉജ്വല വരവേൽപ്പ്. നിരവധി സമര പോരാട്ടങ്ങൾക്ക‌് വേദിയായ വേളം പഞ്ചായത്തിലെ തീക്കുനിയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. സംഘപരിവാർ ബന്ധം ഉപേക്ഷിച്ച ഒബിസി മോർച്ച കുറ്റ്യാടി മണ്ഡലം സെക്രട്ടറി തീക്കുനി താനിയുള്ള പറമ്പത്ത് ടി പി ബിനീഷ‌്, ഭാര്യ മഹിളാ മോർച്ച പ്രവർത്തകയായ ബിബിഷ എന്നിവർക്ക‌് ചടങ്ങിൽ സ്വീകരണം നൽകി.  
1965ലെ ഉജ്വല തൊഴിലാളി സമരംകൊണ്ട് ശ്രദ്ധേയമായ മണിമലയിൽ നൂറുവയസ്സു കഴിഞ്ഞ, മണിമല തോട്ടം തൊഴിലാളി സമരനായകനും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത കുളമുള്ളതിൽ കനിയനാണ‌് പി ജയരാജനെ സ്വീകരിച്ചത്. കുറ്റ്യാടി എംഐ യുപി ഒന്നാം ക്ലാസ‌് വിദ്യാർഥിയും അബാക്കസിന്റെ സംസ്ഥാനതല ടാലന്റ് പരീക്ഷയിൽ ഒന്നാം റാങ്ക‌് നേടിയ മണിമലയിലെ പൂക്കോട്ട് ശങ്കരൻ–-ലത ദമ്പതികളുടെ മകനുമായ ആദിദേവിന‌്  പി ജയരാജൻ ഉപഹാരം നൽകി. 
താഴെ വടയം, നടുപ്പൊയിൽ, വട്ടോളി, ചെറിയ കൈവേലി, പുറമേരി, പറയത്ത് എന്നിവിടങ്ങളിൽ വോട്ട‌് അഭ്യർഥിച്ചശേഷം വില്യാപ്പള്ളിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക‌്. വില്ല്യാപ്പള്ളി യുപി സ‌്കൂൾ പരിസരത്ത‌് നൂറുകണക്കിന‌് സ‌്ത്രീകളും കുട്ടികളും ചേർന്ന‌് സ്ഥാനാർഥിക്ക‌് വൻ സ്വീകരണമാണ‌് ഒരുക്കിയത‌്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ചുരുക്കം വാക്കുകളിൽ വിശദീകരിച്ച‌് ചെറു പ്രസംഗം. 
തുടർന്ന‌് അടുത്ത സ്വീകരണകേന്ദ്രമായ ആയഞ്ചേരിയിലേക്ക‌്. റോഡിന‌് ഇരുവശങ്ങളിലുമുള്ള വീട്ടുമുറ്റങ്ങളിൽ കൂടിനിന്നവരും പാതയോരത്തുള്ളവരും പി ജയരാജന‌് വിജയാശംസകൾ നേർന്നു. തണ്ടോടിയിലെ സ്വീകരണത്തിനു ശേഷം ചെമ്മരത്തൂരിൽ റോഡ‌് നിറഞ്ഞ‌് കവിഞ്ഞ‌് ആബാലവൃദ്ധം സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. സ്വീകരണ പരിപാടിക്ക‌് മുന്നോടിയായി വൻ ബഹുജന പ്രകടനവും നടന്നു. ചരിത്രപ്രസിദ്ധമായ ലോകനാർകാവ‌് പരിസരത്ത‌് നുറുകണക്കിന‌് പേർ ചേർന്ന‌് സ്ഥാനാർഥിയെ സ്വീകരിച്ചു. ചെറുവറ്റക്കര, കാർഗിൽമുക്ക‌് എന്നിവിടങ്ങളിലെ ഹൃദ്യമായ സ്വീകരണങ്ങൾക്കു ശേഷം പര്യടനം മണിയൂർ കരുവാണ്ടിമുക്കിൽ സമാപിച്ചു.
സ്വീകരണകേന്ദ്രങ്ങളിൽ കെ പി കുഞ്ഞമ്മദ്കുട്ടി, കെ കെ ലതിക, കെ കെ ദിനേശൻ, ടി കെ കുഞ്ഞിരാമൻ, കെ കെ സുരേഷ്, ടി പി ഗോപാലൻ, കെ കെ നാരായണൻ, പി സുരേഷ്ബാബു, ടി കെ മോഹൻദാസ്, കെ പി പവിത്രൻ, കെ എം ബാബു, ടി കെ രാഘവൻ, കെ നാണു, സി എച്ച് ഹമീദ്, ആർ ബലറാം, പി സി ഷൈജു തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top