20 January Wednesday

കരുണയുടെ കരംപിടിച്ച‌് അമരത്തുനിന്ന‌് ജനങ്ങളുടെ കോടതിയിലേക്ക‌്

സ്വന്തം ലേഖകൻUpdated: Sunday Mar 10, 2019

വടകര ലോക‌്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി ജയരാജനെ ആനയിച്ച്‌ തലശ്ശേരി ടൗണിൽ നടന്ന പ്രകടനം.

കണ്ണൂർ
എതിരാളികളുടെപോലും ഹൃദയം കവർന്ന കാരുണ്യപ്രവർത്തനത്തിന്റെ ഏഴു വർഷമാണ‌് കണ്ണൂരിലെ ജനകീയ സാന്ത്വനപരിചരണ പ്രസ്ഥാനമായ ഐആർപിസി പിന്നിട്ടത‌്. കിടപ്പുരോഗികൾക്ക‌് ഗൃഹപരിചരണം നൽകുന്നതിൽ തുടക്കമിട്ട ഐആർപിസി സംസ്ഥാനത്തെ ഏറ്റവും വലിയ സാന്ത്വനപ്രസ്ഥാനമായി ചിറക‌് വിരിച്ചത‌് പി ജയരാജനെന്ന അതികായന്റെ മനുഷ്യസ‌്നേഹത്തിലധിഷ‌്ഠിതമായ ആശയങ്ങളിൽനിന്നാണ‌്. എതിരാളികൾ വെട്ടിക്കീറി മരിച്ചെന്നുറപ്പിച്ച ശരീരത്തിൽനിന്ന‌് മനക്കരുത്തുകൊണ്ടും നിശ‌്ചയദാർഢ്യം കൊണ്ടും സജീവ പൊതുപ്രവർത്തനത്തിലേക്ക‌് മടങ്ങിവന്ന കമ്യൂണിസ‌്റ്റ‌് വിപദിധൈര്യത്തിന്റെ പ്രതീകം. തന്നെ ഇല്ലാതാക്കാൻ തക്കം പാർത്തവർക്കുപോലും ചെങ്കൊടിക്കീഴിൽ അഭയം പകർന്ന‌് കണ്ണൂരിന്റെ  പടനായകൻ തെരഞ്ഞെടുപ്പ‌് ഗോദയിലിറങ്ങുമ്പോൾ ആദ്യ പൊതുപരിപാടിയും കാരുണ്യപ്രവർത്തനത്തിന്റെ കരം പിടിച്ചാണെന്നത‌് യാദൃച്ഛികം .
   വടകരയിൽ എൽഡിഎഫ‌് സ്ഥാനാർത്ഥിയായി നിശ‌്ചയിക്കപ്പെട്ടശേഷം പി ജയരാജൻ പങ്കെടുത്ത ആദ്യ പൊതുപരിപാടി അധ്യാപക പ്രസ്ഥാനമായ കെഎസ‌്ടിഎ ഐആർപിസിക്കായി ‘സാന്ത്വനപരിചരണത്തിന‌് അധ്യാപകരുടെ കൈത്താങ്ങ‌്’ എന്ന പേരിൽ സ്വരൂപിച്ച തുക ഏറ്റുവാങ്ങലും യാത്രയയപ്പ‌് സമ്മേളനം ഉദ‌്ഘാടനംചെയ്യലുമായിരുന്നു. ഐആർപിസി ഉപദേശകസമിതി ചെയർമാനായ പി ജയരാജന്റെ ആഹ്വാനത്തോട‌് അധ്യാപകസമൂഹം ആവേശത്തോടെയാണ‌് പ്രതികരിച്ചത‌്. 15,90,893 രൂപയാണ‌് പിരിച്ചെടുത്തത‌്. അധ്യാപകർ സമൂഹത്തിന്റെ മാറ്റങ്ങൾക്ക‌് ചാലകശക്തിയായത‌് ഓർമിപ്പിച്ചുകൊണ്ടാണ‌് അദ്ദേഹം പ്രസംഗം തുടങ്ങിയത‌്. പിണറായി പാറപ്രത്തെ കമ്യൂണിസ‌്റ്റ‌് പാർടി  പരസ്യപ്രവർത്തനത്തിന്റെ പ്രഖ്യാപനത്തിന‌് ഇടയാക്കിയ സമ്മേളനം ചേർന്നത‌് ഒരു അധ്യാപകസംഘടനയുടെ സമ്മേളനത്തിന്റെ മറ പിടിച്ചാണ‌്. അധ്യാപകരെ സംഘടിപ്പിക്കുക മാത്രമല്ല, സമൂഹത്തിന്റെ പൊതുവായ സംഘാടകരായി അധ്യാപകരും മാറിയതാണ‌് കേരളത്തിന്റെ പുരോഗമന ചരിത്രത്തിലെ മികവാർന്ന അധ്യായം. നിറഞ്ഞ കരഘോഷത്തോടെയാണ‌് അധ്യാപകർ പി ജയരാജന്റെ പ്രസംഗം ശ്രവിച്ചത‌്. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നതിനിടയിൽതന്നെ ക്രൂരനെന്ന‌് വിശേഷിപ്പിക്കുന്ന ചില മാധ്യമങ്ങളോട‌് ഐആർപിസിയുടെ ശ്ലാഘനീയമായ ഇടപെടലിനെ പൊതുസമൂഹം രാഷ്ട്രീയവ്യത്യാസമില്ലാതെ അംഗീകരിക്കുന്നതും അദ്ദേഹം ഓർമിപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ വാഹനത്തിന‌് ചുറ്റം ചാനലുകാരുടെ പട. ചോദ്യങ്ങൾക്ക‌് നിറഞ്ഞ സൗഹാർദത്തോടെ മറുപടി. ‘ജനങ്ങളുടെ കോടതിയിലാണ‌് ഞാൻ വിചാരണ തേടുന്നത‌്. വടകരയിൽ ചരിത്രവിജയം നേടുമെന്ന‌് ഉറപ്പാണ‌്.’ കൂടുതൽ കാര്യങ്ങൾ പിന്നെയെന്ന‌് ഉറപ്പുനൽകി. 
 പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്തസാക്ഷി കെ വി റോഷന്റെ അച്ഛൻ കെ വി വാസുവേട്ടനെ സന്ദർശിച്ച‌് വിവരങ്ങൾ അന്വേഷിച്ചാണ‌് പി ജയരാജൻ പ്രചാരണത്തിന‌് തുടക്കമിട്ടത‌്. തുടർന്ന‌് രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ടീച്ചറെയും കുടുംബാംഗങ്ങളെയും കണ്ടു. വൈകിട്ട‌് മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ കമ്പിലിലെ വീട്ടിലെത്തി സഖാവിന്റെ ഭാര്യ ദേവകിയുടെയും ആശിർവാദങ്ങളേറ്റുവാങ്ങി. ഞായറാഴ‌്ച രാവിലെ കൂത്തുപറമ്പ‌് സമരത്തിൽ പരിക്കേറ്റ‌് ശയ്യാവലംബിയായ മേനപ്രത്തെ പുഷ‌്പനെ സന്ദർശിച്ചാണ‌് പ്രചാരണത്തിന‌് തുടക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top