19 November Tuesday

പ്രവാസത്തിലൂടെ കൈവന്ന നേട്ടം അത്ഭുതാവഹം: പി ടി കുഞ്ഞുമുഹമ്മദ്‌

പ്രത്യേക ലേഖകൻUpdated: Saturday Nov 9, 2019

ചിന്ത പുസ്‌തകോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന ‘പ്രവാസവും എഴുത്തും’ സെമിനാർ പി ടി കുഞ്ഞുമുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
കേരളീയ സാമൂഹത്തിൽ പ്രവാസം വരുത്തിയ മാറ്റം അത്ഭുതാവഹമാണെന്ന്‌ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പി ടി കുഞ്ഞുമുഹമ്മദ്‌. മലയാളികളുടെ ചിന്ത, സംസ്‌കാരം, എഴുത്ത്‌, ഭക്ഷണം, വസ്ത്രധാരണം തുടങ്ങി സമസ്‌ത മേഖലകളിലും വലിയ മാറ്റമുണ്ടായി. മതേതര ചിന്താഗതി ശക്തിപ്പെടുത്തുന്നതിലും പ്രവാസികൾക്ക്‌ സുപ്രധാന പങ്കുണ്ട്‌. ചിന്ത പുസ്‌തകോത്സവത്തിന്റെ ഭാഗമായി ടൗൺ സ്‌ക്വയറിൽ ‘പ്രവാസവും എഴുത്തും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
    വളരെ മുമ്പുതന്നെ കേരളീയർക്ക്‌ വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ ആധുനിക സമൂഹം പ്രവാസം സ്വീകരിച്ചുതുടങ്ങിയത്‌. സിലോൺ, സിംഗപ്പുർ, മലേഷ്യ, ബർമ തുടങ്ങിയ രാജ്യങ്ങളായിരുന്നു പ്രധാന ഭൂമിക. ഒറ്റക്കാണ്‌ പോയതെന്നതാണ്‌ അക്കാലത്തെ സവിശേഷത. കുടുംബം, വിവാഹം ഉൾപ്പെടെയുള്ള എല്ലാ ബന്ധങ്ങളും ഇവിടെത്തന്നെ നിലനിർത്തി. തമിഴരൊക്കെ കുടുംബസമേതം പോവുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബോംബെ, മദിരാശി, കൽക്കത്ത, കറാച്ചി തുടങ്ങിയ വ്യവസായ നഗരങ്ങളിലേക്കായി പ്രവാസം. 
   സമ്പത്തുമാത്രമല്ല നമ്മൾ പുറമെനിന്ന്‌ കൊണ്ടുവന്നത്‌. പുതിയൊരു സംസ്‌കാരവും പരിഷ്‌കാരവും ചിന്താഗതിയുംകൂടിയാണ്‌. എല്ലാ അർഥത്തിലും നാടിന്‌ വലിയ നേട്ടങ്ങളുണ്ടായി. ജാതിക്കും മതത്തിനും അതീതമായ പാരസ്‌പര്യവും മനുഷ്യബന്ധങ്ങളും രൂപപ്പെട്ടുവെന്നും കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു.
ഡോ. എ വി അജയകുമാർ അധ്യക്ഷനായി. പി ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ തിരക്കഥ കോയ മുഹമ്മദിനു നൽകി പി കെ പാറക്കടവ്‌ പ്രകാശിപ്പിച്ചു. ഇ എം ഹാഷിം സംസാരിച്ചു.  കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ എം വി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറിയുടെയും കലാ സാംസ്‌കാരിക പ്രവർത്തക സംഘത്തിന്റെയും നേതൃത്വത്തിൽ ഗാനാലാപവുമുണ്ടായി.
     ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ‘കേരള ആരോഗ്യമേഖല പ്രതിസന്ധി പരിഹരിച്ച്‌ മുന്നോട്ട്‌’ സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. ഡോ. ബി ഇക്‌ബാൽ, ഡോ. ജയശ്രീ എന്നിവർ സംസാരിക്കും. കലാപരിപാടികളുമുണ്ടാകും.
 
 
പ്രധാന വാർത്തകൾ
 Top