21 November Thursday

കെഎസ്‌കെടിയു ജില്ലാസമ്മേളനം ഇന്നാരംഭിക്കും

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019
പാനൂർ
മണ്ണിൽ പണിയെടുക്കുന്നവരുടെ അവകാശത്തിനായി പടപൊരുതിയ കർഷകത്തൊഴിലാളി യൂണിയന്റെ ജില്ലാ സമ്മേളനം ശനിയാഴ്‌ച ആരംഭിക്കും. പാനൂർ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലെ ‘എം കണ്ണൻ നഗറിൽ’ സംസ്ഥാന പ്രസിഡന്റ്‌ എം വി ഗോവിന്ദൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 
രണ്ടുദിവസത്തെ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ജില്ലാ പ്രസിഡന്റ്‌ എൻ ചന്ദ്രൻ പതാക ഉയർത്തും. ജില്ലയിലെ 18 ഏരിയകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവരും ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 363 പ്രതിനിധികൾ പങ്കെടുക്കും. 
പാലക്കാട്‌ ചേരുന്ന 22ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ആദ്യ ജില്ലാ സമ്മേളനമാണിത്‌. അഖിലേന്ത്യാസമ്മേളനം കണ്ണൂരിലായതിനാൽ കേന്ദ്രീകരിച്ച പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി. ആദ്യമായാണ്‌ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ പാനൂർ ആതിഥേയത്വം വഹിക്കുന്നത്‌.  പാനൂർ ടൗണും പരിസരവും  ചുവപ്പ്‌ തോരണങ്ങളാൽ അലങ്കരിച്ചു. 
ജന്മിമാടമ്പി വാഴ്‌ചക്കെതിരെ സുധീരം പൊരുതിയ പാരമ്പര്യമുള്ള നാടാണ്‌ പാനൂർ. അനശ്വര രക്തസാക്ഷി മൊയാരത്ത്‌ ശങ്കരൻ ഉൾപ്പെടെ പ്രതിലോമ രാഷ്‌ട്രീയക്കാരുടെ കഠാരമുനയിൽ ജീവൻ ഹോമിക്കപ്പെട്ട 25 രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണയിലാണ്‌ ജില്ലാ സമ്മേളനം ചേരുന്നത്‌. ഞായറാഴ്‌ച വൈകിട്ട്‌ സമ്മേളനം സമാപിക്കും.
പ്രധാന വാർത്തകൾ
 Top