22 October Tuesday

ട്രസ്‌റ്റിന്റെ മറവിൽ കോൺഗ്രസ്‌ നേതാക്കൾ തട്ടിയത്‌ 6 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019
പ്രത്യേക ലേഖകൻ
കണ്ണൂർ
കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ മറവിൽ കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ഭാരവാഹികളായ ചെറുപുഴ ഡവലപ്പേഴ്‌സ്‌ തട്ടിയെടുത്തത്‌ ആറുകോടിയോളം രൂപ. രജിസ്‌ട്രേഷൻ പോലുമില്ലാത്ത ഈ സ്വകാര്യ കമ്പനിയിലൂടെ ലക്ഷങ്ങളുടെ ആദായ നികുതിയും രജിസ്‌ട്രേഷൻ ഫീസും വെട്ടിച്ചതായും ട്രസ്‌റ്റ്‌ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. കെപിസിസി നിർവാഹകസമിതി അംഗമായിരുന്ന കെ കുഞ്ഞികൃഷ്‌ണൻ നായർ ചെയർമാനും റോഷി ജോസ്‌ സെക്രട്ടറിയുമായാണ്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചതെങ്കിലും വൈകാതെ വേണ്ടപ്പെട്ട ചിലരെമാത്രം ഉൾപ്പെടുത്തി ചെറുപുഴ ഡവലപ്പേഴ്‌സിനു രൂപംനൽകി. ട്രസ്‌റ്റ്‌ അംഗങ്ങൾ ഓഹരിസംഖ്യയായി സമാഹരിച്ച 30 ലക്ഷം രൂപ അഡ്വാൻസ്‌ നൽകി കരാറുണ്ടാക്കിയ രണ്ടേക്കറിൽ 70 സെന്റാണ്‌ ട്രസ്‌റ്റിനായി നീക്കിവച്ചത്‌. ഇത്‌ ഡവലപ്പേഴ്സിന്‌ നൽകിയാണ്‌ അവിടെ ഷോപ്പിങ്‌ മാൾ പണിതത്‌. 
ട്രസ്റ്റിന്‌ നൽകേണ്ട രണ്ടുകോടി പോയവഴിയില്ല
കെട്ടിടത്തിലെ മുറികൾ വിൽപന നടത്തി കിട്ടുന്ന ലാഭത്തിൽ രണ്ടുകോടി രൂപ ട്രസ്റ്റിന് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കരാറുകാരനായ ജോസഫ്‌ മുതുപാറകുന്നേലിനെ പ്രവൃത്തി ഏൽപ്പിച്ചതെന്ന്‌ ട്രസ്‌റ്റ്‌ അംഗമായ ജെയിംസ്‌ പന്തമാക്കൽ ‘ദേശാഭിമാനി’യോടു പറഞ്ഞു. താഴത്തെ നിലയിൽ 34 മുറികൾ നിർമിച്ചു. ഓരോമുറിക്കും  സ്ഥലവിലയടക്കം 3.5 ലക്ഷം രൂപയാണ് ചെലവെങ്കിലും 10 ലക്ഷം രൂപയ്‌ക്കാണ് വിറ്റത്‌. ഇതിലൂടെ 2.10 കോടി രൂപ ലാഭം കിട്ടി. എന്നാൽ മുൻധാരണ പ്രകാരം ട്രസ്റ്റിന്‌ നൽകേണ്ട രണ്ടുകോടി നൽകാൻ തയ്യാറായില്ല. ഒന്നാം നിലയിലെ മുറികളോരോന്നിനും ഏഴു ലക്ഷം വീതം ലഭിച്ചു. ഇതിലൂടെ ഒരുകോടിയിൽപ്പരം രൂപ ലാഭം. 
കോട്ടേജ്‌ നിർമിച്ച്‌ വീണ്ടും തട്ടിപ്പ്‌
രണ്ടാമത്തെ നിലയിലെ ഓപ്പൺ ടെറസ്‌ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും തന്നെ ഭാരവാഹികളായ ചെറുപുഴ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ഡവലപ്പേഴ്‌സ്‌ (സിഐഎഡി) എന്ന കമ്പനിക്ക് 30 ലക്ഷം രൂപയ്‌ക്കാണ് വിൽപന  നടത്തിയത്. ആ ടെറസ്സിൽ ആറുകോട്ടേജുകൾ പണിതു. ഓരോന്നും  45 ലക്ഷം രൂപയ്‌ക്കാണ് വിൽപന നടത്തിയത്. മൊത്തം 2.7 കോടി രൂപ ലഭിച്ചു. രജിസ്‌ട്രേഷൻ ഫീസ്‌, സ്‌റ്റാമ്പ്‌ പേപ്പർ ഇനത്തിൽ  ലക്ഷങ്ങൾ വെട്ടിച്ചായിരുന്നു ഇടപാട്‌. ആറുകോടിയോളം വരുന്ന ലാഭത്തിൽനിന്നുമുള്ള പണം പിൻവലിച്ച് പിന്നീട്   90 സെന്റ് സ്ഥലം 1.80 കോടിക്ക്‌  വാങ്ങി ബിനാമികളുടെ പേരിലേക്ക് മാറ്റി.  ഈ സ്ഥലത്തിന് ഇന്നത്തെ മതിപ്പുവില അഞ്ചരക്കോടി വരുമെന്നും ഈസ്‌റ്റ്‌ എളേരി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുകൂടിയായ ജെയിംസ്‌ പന്തമാക്കൽ പറയുന്നു. 
ആദ്യം ട്രസ്റ്റ് അഡ്വാൻസ്‌ കൊടുത്ത രണ്ടേക്കറിൽ ബാക്കിയുള്ള 40 സെന്റ് സ്ഥലം ചെറുപുഴയിലെ സ്വകാര്യ വ്യക്തിക്ക്‌ 2.40 കോടിക്കു മറിച്ചുവിറ്റു. അതിൽ കിട്ടിയ ലാഭവും വീതം വച്ചെടുക്കുകയായിരുന്നു. ഇതിനിടെ കാഞ്ഞങ്ങാട് സ്വദേശി രൂപീകരിച്ച ലീഡർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെറുപുഴയിൽ ആശുപത്രി തുടങ്ങി. ഈ ആശുപത്രിക്ക് കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമൊന്നുമില്ല. ഷോപ്പിങ്‌ മാളിന്റെ വിൽപ്പന നടക്കാത്ത ബാക്കി മുഴുവൻ ഭാഗവും സിഐഎഡി കമ്പനിയിലേക്ക് മാറ്റി എഴുതി. അതിലെ കുറച്ച് മുറികൾ കമ്പനിക്ക് 80 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്‌തു.
പ്രധാന വാർത്തകൾ
 Top