24 September Thursday

മൂന്നിടത്ത്‌ ഉരുൾപൊട്ടൽ; വൻനാശം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

ഏരുവേശി മുന്നൂർകൊച്ചിയിലെ ഉരുൾപൊട്ടലിന്റെ ഉത്ഭവകേന്ദ്രം

പയ്യാവൂർ ആലക്കോട്‌ 
പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലും വഞ്ചിയത്തും ഏരുവേശ്ശി പഞ്ചായത്തിലെ മൂന്നൂർകൊച്ചി വനമേഖലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കനത്ത നാശം. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ്‌ ചന്ദനക്കാംപാറ ചീത്തപ്പാറക്ക് മുകളിൽ കേരള വനാതിർത്തിയിൽ ഉരുൾപൊട്ടിയത്. പള്ളത്ത് ഗംഗാധരന്റെ ഒന്നരയേക്കർ പൂർണമായും നശിച്ചു. അപകടത്തിൽനിന്ന് തലനാരിഴക്കാണ്   കുടുംബം രക്ഷപെട്ടത്. വലിയ മരത്തടികളിൽ തട്ടി പാറകൾ നിന്നതിനാലാണ്‌ കുടുംബം രക്ഷപ്പെട്ടത്‌.   വീടിനകത്ത്‌ ചെളിയും വെള്ളവും കയറിയിട്ടുണ്ട്. വഞ്ചിയത്തും മുന്നൂർകൊച്ചിയിലും നിരവധി കൃഷിയിടങ്ങൾ നശിച്ചു. ചീത്ത പാറയിലും മുന്നൂർ കൊച്ചിയിലും മൂന്ന്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  
    കുടിയാന്മല മുന്നൂർകൊച്ചിയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ്‌  ഉരുൾപൊട്ടലുണ്ടായത്‌. മുന്നൂർകൊച്ചിയിലെ പാമ്പക്കൽ ജെയ്‌സന്റെ  കൃഷിയിടമാണ്‌  ഉത്ഭവകേന്ദ്രം. മുന്നൂർകൊച്ചിയിലെ അപ്പർ പൊടി പൗലോസിന്റെ വീട് ഭാഗികമായി തകർന്നു.   
ഉരുൾപൊട്ടലുണ്ടായതോടെ  ശ്രീകണ്ഠപുരം, ചെങ്ങളായി, പൊടിക്കളം  പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി. കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിലാണ്‌ വെള്ളപ്പൊക്കം രൂക്ഷമായത്‌. മലയോര മേഖലയിൽ ശമനമില്ലാതെ മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് തളിപ്പറമ്പ്, ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top