23 September Wednesday

സിഐഎസ്‌എഫ്‌ ക്യാമ്പ്‌ കോവിഡ്‌മുക്തം ആരോഗ്യവകുപ്പിനും കണ്ണൂർ കലക്ടർക്കും അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കണ്ണൂർ
ഒട്ടേറെ ജവാന്മാർക്ക്‌ കോവിഡ്‌ റിപ്പോർട്ടു‌ചെയ്‌ത കൂത്തുപറമ്പ്‌ വലിയവെളിച്ചത്തെ സിഐഎസ്‌എഫ്‌ ക്യാമ്പിൽ സ്ഥിതി നിയന്ത്രണവിധേയം. ജൂലൈ 14നു‌ശേഷം പുതിയ കോവിഡ്‌ കേസുകളൊന്നും റിപ്പോർട്ടു‌ചെയ്തിട്ടില്ല. രോഗം ബാധിച്ച 72 പേരും രോഗമുക്തരായി. രാജ്യത്തെതന്നെ മികച്ച കോവിഡ്‌ അതിജീവനമാണിതെന്ന്‌ സിഐഎസ്‌എഫ്‌ കമാൻഡന്റ്‌ ഡാനിയൽ ധനരാജ്‌ പറഞ്ഞു. കണ്ണൂർ കലക്ടറും ആരോഗ്യവകുപ്പും നടത്തിയ ഫലപ്രദമായ ഇടപെടലുകൾക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു.
    ലോക്‌‌ ഡൗൺ ഇളവുകൾ വന്നതോടെ നാട്ടിൽനിന്ന്‌ തിരിച്ചെത്തിയ സിഐഎസ്‌എഫ്‌ ജവാന്മാരിൽ ഒരു എഎസ്‌ഐക്ക്‌ ജൂൺ 16നാണ്‌ ആദ്യം കോവിഡ്‌ ലക്ഷണങ്ങൾ കണ്ടത്‌. 19ന്‌ രോഗം സ്ഥിരീകരിച്ചു. 21ന്‌ മൂന്നുപേർക്കുകൂടി രോഗബാധയുണ്ടായി. തുടർന്ന്‌ ബാരക്കിൽ കണ്ടെയിൻ‌മെന്റ്‌ നടപടികൾ സ്വീകരിച്ചു. ‌ക്വാറന്റൈനിൽ കഴിയുന്ന മുഴുവൻ പേരെയും കലക്ടർ ഇടപെട്ട് പരിശോധനക്കു വിധേയമാക്കിയപ്പോൾ 30 പേർകൂടി കോവിഡ്‌ പോസിറ്റീവായി. തുടർച്ചയായി പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ടുചെയ്‌തു. മൊത്തം 72 ജവാന്മാരെ രോഗം ബാധിച്ചു.
     ജവാന്മാരെ പാറശ്ശിനിക്കടവിലെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്‌ മാറ്റി. എല്ലാവർക്കും 28 ദിവസത്തെ ക്വാറന്റൈൻ ഉറപ്പുവരുത്തി. ഇവിടേക്ക്‌ മാറ്റിയ 109 ജവാന്മാരുടെയും കോവിഡ്‌ ഫലം നെഗറ്റീവായിരുന്നു. 
രോഗബാധിതരായ 72 പേരും രോഗമുക്തരാവുകയും നിരീക്ഷണ കാലയവളവ്‌ പൂർത്തിയാക്കുകയും ചെയ്‌തു. നിലവിൽ സിഐഎസ്‌എഫ്‌ ക്യാമ്പിൽ കോവിഡ്‌ രോഗികളില്ല. 
   ക്യാമ്പിൽ കോവിഡ്‌ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാനാണ്‌ തീരുമാനം. ലീവ്‌ കഴിഞ്ഞ്‌ തിരിച്ചെത്തുന്നവർക്ക്‌ ബാരക്കിൽ പ്രവേശനമില്ല. നിരീക്ഷണകാലയളവ്‌ പൂർത്തിയാക്കി കോവിഡ്‌ പരിശോധനയും നടത്തി മാത്രമേ ക്യാമ്പിലേക്ക്‌ പ്രവേശനം അനുവദിക്കുന്നുള്ളൂവെന്നും കമാൻഡന്റ്‌ വ്യക്തമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top