21 October Monday

പ്രളയത്തിൽ മുങ്ങി

പ്രത്യേക ലേഖകൻUpdated: Friday Aug 9, 2019

വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകണ്ഠപുരം നഗരത്തിന്റെ ആകാശ ദൃശ്യം. (ദീപു നിടുവാലൂർ പകർത്തിയത്‌)

കണ്ണൂർ 
പ്രളയത്തിൽ മുങ്ങിയ ജില്ല ദുരിതക്കയത്തിൽ. കനത്ത മഴ തുടരവെ മലയോരങ്ങളും തീരദേശവും ഭീതിയിലാണ്‌. ജില്ലയിലെ മുഴുവൻ പുഴകളും കരകവിഞ്ഞൊഴുകുകയാണ്‌.  വളപട്ടണം പുഴ മിക്കയിടങ്ങളിലും  ഗതിമാറിയൊഴുകി വൻ നാശം വിതയ്‌ക്കുന്നു.  ചൊവ്വാഴ്‌ച രാത്രി തുടങ്ങിയ വെള്ളപ്പൊക്കം വ്യാഴാഴ്‌ച രൂക്ഷമായി. കനത്ത മഴയും ചുഴലിക്കാറ്റും ഉരുൾപ്പൊട്ടലും തുടരുന്നതിനാൽ വെള്ളം ഇനിയും ഉയരാനാണ്‌ സാധ്യത. 1975ന്‌ ശേഷമുള്ള ഏറ്റവും ഭീകരമായ പ്രളയത്തിലാണ്‌ ജില്ല.  മട്ടന്നൂർ കുഴിക്കലിൽ തോട്ടിൽ വീണ്‌ മധ്യവയസ്‌കൻ മരിച്ചു. കുഞ്ഞിംവീട്ടിൽ കാവളാൻ പത്മനാഭനാ(55)ണ്‌  മരിച്ചത്. രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. 
വീടുകളിൽ വെള്ളം കയറിയതിനാലും അപകടഭീഷണി നിലനിൽക്കുന്നതിനാലും ആയിരത്തോളം  കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നൂറിലേറെ  ദുരിശ്വാസ ക്യാമ്പ്‌ തുറന്നു. തളിപ്പറമ്പ്‌ –- ഇരിട്ടി സംസ്ഥാന പാത ഉൾപ്പെടെ മലയോരത്തെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. പ്രമുഖ തീർത്ഥാടക കേന്ദ്രങ്ങളായ പറശ്ശനിക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിലും ഇരിക്കൂർ നിലാമുറ്റം പള്ളിയിലും വെള്ളം കയറി. ഇരിട്ടി, ശ്രീകണ്‌ഠപുരം, കണിച്ചാർ, കേളകം, മണത്തണ, കാക്കേങ്ങാട്‌, അമ്പയത്തോട്‌ ടൗണുകളിൽ വെള്ളംകയറി. ഇരിട്ടിയിൽ 140 കടകളിൽ വെള്ളം കയറി. വ്യാപര മേഖല സ്‌തംഭിച്ചു. 
കൊട്ടിയൂർ ചപ്പമലക്കുന്ന്‌, അടയ്‌ക്കാത്തോട്‌ മേമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ഇവിടെയുണ്ടായിരുന്ന 10 കുടുംബങ്ങളെ അഗ്നിരക്ഷാ സേനയും  നാട്ടുകാരും സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കണിച്ചാർ ടൗണിൽ  ചുഴലിക്കാറ്റിൽ അമ്പതോളം സ്ഥാപനങ്ങൾക്ക്‌ നാശമുണ്ടായി. ബുധനാഴ്‌ച  നിലച്ച വൈദ്യുതി ബന്ധം മിക്കയിടത്തും പുനഃസ്ഥാപിക്കാനായില്ല. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യം പുരോഗമിക്കുന്നു. പൊലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പുകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഉൾപ്പെടെയുള്ളവ രക്ഷാ ദൗത്യത്തിനായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. കണ്ണൂർ, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ, പാനൂർ മേഖലകളിൽ അഗ്നിരക്ഷാസേന ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരിട്ടി താലൂക്കിലേക്ക് 10 ബോട്ടും തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജിൽ മൂന്ന് ഫൈബർ വള്ളങ്ങളും അയച്ചു. ആയിക്കര, അഴീക്കൽ തുറമുഖങ്ങൾ, മുഴപ്പിലങ്ങാട്‌ എന്നിവിടങ്ങളിൽനിന്നായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 10 തോണികളും വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 
 
 
പ്രധാന വാർത്തകൾ
 Top