13 August Thursday

തോരാതെ കർക്കടകക്കലി

സ്വന്തം ലേഖകൻUpdated: Friday Aug 9, 2019
പേരാവൂർ
കണിച്ചാറിൽ വ്യാപകനാശം വിതച്ച്‌ ചുഴലിക്കാറ്റ്. കൊട്ടിയൂരിലും അടക്കാത്തോട്ടിലും ഉരുൾപൊട്ടൽ. മലയോരത്ത് നിർത്താതെ പെയ്യുന്ന മഴയിൽ കനത്ത നാശം. ചുഴലിക്കാറ്റിലും കനത്ത മഴയിലും മരങ്ങൾ കടപുഴകി വീണും വെള്ളം കയറിയും നിരവധിയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. കരിമ്പുകണ്ടം മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയിലായ കുടുംബങ്ങളെ ചുങ്കക്കുന്ന് ഫൊറോന പള്ളി സൺഡേ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.  18 കുടുംബങ്ങളിലെ 56 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. രണ്ടു ദിവസമായി മലയോര മേഖലയിലാകെ വൈദ്യുതി ബന്ധവും തകരാറിലാണ്‌. 
അടക്കാത്തോട് മേഖലയിലും നെല്ലിയോടിയിലെ പാറയിൽതോടിലും ചപ്പമലയിലുമാണ്‌ ഉരുൾപൊട്ടിയത്‌. ഉരുൾപൊട്ടലിനെ തുടർന്ന് നീണ്ടുനോക്കി ടൗണിനോട് ചേർന്നുള്ള തോട്ടിൽ വെള്ളം ഉയർന്ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മതിൽ തകർന്നു. ടൗണിലെ മലബാർ ഹോട്ടൽ, എസി റസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ മണ്ണും ചെളിയുമടങ്ങിയ വെള്ളം കയറി. 
കണിച്ചാർ ടൗണിൽ വ്യാഴാഴ്ച രാവിലെ 8.30 ഓടെയുണ്ടായ ചുഴലിക്കാറ്റിൽ അമ്പതോളം വ്യാപാര സ്ഥാപനങ്ങൾക്ക് വൻ നാശമുണ്ടായി. പലകടകളുടെയും മേൽക്കൂര മുന്നൂറു മീറ്ററിലധികം ദൂരത്തേക്ക് പറന്നുപോയി. ആയിരത്തോളം റബർ, നൂറുകണക്കിന് തെങ്ങ്, കവുങ്ങ് തുടങ്ങിയ നിരവധി കാർഷിക വിളകൾ നശിച്ചു.  കണിച്ചാർ പൽപ്പു മെമ്മോറിയൽ സ്‌കൂളിന്റെ മേൽക്കൂരയും  കാറ്റിൽ പറന്നു. അര കിലോമീറ്റർ അകലെയാണ്‌ മേൽക്കൂര വീണത്‌.  ഇതോടെ കംപ്യൂട്ടർ ലാബും, ക്ലാസ് മുറികളും വെള്ളത്തിലായി. വ്യാപാരഭവൻ കെട്ടിടത്തിന്റെ മേൽക്കൂരയും 300 മീറ്ററോളം അകലെയാണ്‌ പതിച്ചത്‌. ടൗണിലെ ഭൂരിഭാഗം കടകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ ചുഴലിക്കാറ്റടിച്ച്‌   ഗതാഗതം പൂർണമായും തടസ്സപ്പെട്ടെങ്കിലും പേരാവൂരിൽനിന്നെത്തിയ ഫയർഫോഴ്‌സ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കുര വീണ് നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാടു പറ്റി. 
പുലർച്ചെയാണ്‌ ഉരുൾപൊട്ടലിനെ തുടർന്ന്  കണിച്ചാർ ടൗണിൽ വെള്ളം കയറിയത്‌. ഇതോടൊപ്പം ചുഴലിക്കാറ്റും അടിച്ചതോടെ മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കണിച്ചാർ അങ്കണവാടിക്കും കേടുപാടുപറ്റി. കേളകം - നാനാനിപ്പൊയിലിലെ കെ സി ബാബുവിന്റെ എഴുനൂറോളം റബറും കണിച്ചാറിലെ തോട്ടത്തിൽ ജിമ്മിയുടെ മുന്നൂറോളം റബറും  നശിച്ചു.  മണലുമാലിൽ നാരായണൻ, തിട്ടയിൽ ശശി, തിട്ടയിൽ രാജൻ,  കുന്നേൽ തോമസ് സെബാസ്റ്റ്യൻ, വി വി ബാലകൃഷ്ണൻ,  നാനാനിപ്പൊയിലിലെ സിസിലി തൈപ്പറമ്പിൽ, പാമ്പാടി മാത്യൂ,  പള്ളിത്താഴത്ത് ജോയി, കുര്യാക്കോസ്, ചാലിൽ ജോർജ്, പാമ്പാടി സന്തോഷ്, പാമ്പാടി ജോണി എന്നിവരുടെ റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിച്ചു. കണിച്ചാറിലെ കൂവപ്പറമ്പിൽ ദിവാകരൻ, തിട്ടയിൽ ശശി, തിട്ടയിൽ രാജൻ, കേളകം നാനാനിപൊയിലിലെ ആശാരിപറമ്പിൽ ലിസി, തൈപ്പറമ്പിൽ സിസിലി  തുടങ്ങിയവരുടെ വീടിനു മുകളിൽ മരംവീണ് നാശനഷ്ടമുണ്ടായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top