20 July Saturday

കാലവർഷം വൈകിയത‌് നെൽകൃഷിയുടെ താളം തെറ്റിക്കുന്നു

പ്രത്യേക ലേഖകൻUpdated: Sunday Jun 9, 2019
കണ്ണൂർ
വേനൽ മഴ ചതിച്ചതും കാലവർഷം വൈകിയതും  ജില്ലയിലെ  നെൽകൃഷിയുടെ താളംതെറ്റിക്കുന്നു. മഴ കിട്ടാത്തതിനാൽ  മിക്ക പാടശേഖരങ്ങളിലും ഞാറിടാൻ കഴിഞ്ഞിരുന്നില്ല.  അപൂർവം കർഷകർ വെള്ളം നനച്ച‌്  ഞാറ്റടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും മഴ കിട്ടാത്തതിനാൽ   പറിച്ചുനടാൻ പറ്റാത്ത അവസ്ഥയാണ‌്.  ജൂൺ ആദ്യവാരത്തിൽ നാട്ടിപ്പണി തുടങ്ങുകയെന്ന പതിവ‌് തെറ്റി. ഇടവപ്പാതിയിൽ കാലവർഷം എത്താത്തതാണ‌് കാരണം. 
ഇത്തവണ ജൂൺ അവസാനമേ ഞാറ‌് പറിച്ച‌് നടാനാവുകയുള്ളൂ. ജൂലൈ പകുതിയായാലും നാട്ടിപ്പണി തീരില്ല.  ഇത‌് രണ്ടാംവിള നെൽകൃഷിയും വൈകാൻ ഇടയാക്കും. ഹ്രസ്വവിള നെല്ലിനങ്ങളായ ത്രിവേണി, ജ്യോതി എന്നിവ കൃഷി ചെയ്യുന്നവർക്ക‌്  കാര്യമായ പ്രശ‌്നം നേരിടില്ല. 90 മുതൽ 110 ദിവസത്തിനിടയിൽ ഇവ കൊയ്യാൻ പാകമാകും. മധ്യകാല  വിത്തിനങ്ങളായ ഉമ, ആതിര , ഐശ്വര്യ തുടങ്ങിയ നെല്ലിനങ്ങളാണ‌് ഇത്തവണ പാടശേഖര സമിതി വഴി  കൂടുതലായി വിതരണം  ചെയ‌്തത‌്. ഇവ കൊയ്യാൻ   110 മുതൽ 130  ദിവസമെടുക്കും. ഏക്കറിന‌് 32 കിലോ നെൽവിത്താണ‌് പാടശേഖരം വഴി നൽകിയത‌്. 
കടുത്ത വരൾച്ചയായതിനാൽ മണ്ണിന്റെ പോഷകാംശവും ജൈവാംശവും നഷ്ടപ്പെട്ടു. അതിനാൽ നെൽ ഉൽപാദനത്തിലും ഇടിവുണ്ടാകും. ഇടവിളയായി പയറും മറ്റും കൃഷി ചെയ്യുന്നതിന്റെ അളവും കുറഞ്ഞിരുന്നു. വേനൽ മഴയില്ലാത്തതിനാൽ ഇടവിളയും മോശമായി. ജില്ലയിൽ 15 ശതമാനത്തോളം വേനൽ മഴ ലഭിക്കാറുണ്ടായിരുന്നു. ഇക്കുറി ആറുശതമാനം വേനൽ മഴയാണ‌് ലഭിച്ചത‌്. കാലവർഷത്തിന്റെ തുടക്കത്തിൽ അമിത മഴ വർഷിച്ചാൽ ഞാറ്റടി മുഴുവൻ വെള്ളത്തിലാവും. അതും കർഷകർക്ക‌്  ദ്രോഹമാകും. 
കാലവർഷത്തിൽ  കൃത്യമായ അളവിൽ മഴ ലഭിച്ചില്ലെങ്കിൽ നെല്ലിന്റെ വളർച്ച മുരടിക്കും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നെൽകൃഷിക്ക്  വെള്ളം നല്ലതോതിൽ  ലഭിക്കണം. പാടങ്ങളിൽ ശരാശരി  അഞ്ചുമുതൽ 10 സെന്റീമീറ്റർ വരെ വെള്ളം വേണം. മഴയില്ലെങ്കിൽ  കളയും കീടങ്ങളും  വർധിക്കും. നെല്ലിന് ശാഖപൊട്ടില്ല. കാലംമാറി മഴ കൂടുതൽ വർഷിച്ചാലും നെൽകൃഷിയെ പ്രതികൂലമായി ബാധിക്കും. കതിരിടുന്ന സമയത്ത് അമിതമായി മഴ പെയ്താൽ നെല്ല് പതിരാവും. പരാഗം നടക്കുന്നതിന് പ്രശ്നമാണ്.  കൊയ്യാനാവുന്ന സമയത്തും അമിത മഴ പാടില്ല.  
ഇടമഴ ലഭിക്കാത്തതും കാലവർഷം താമസിച്ചതും തെങ്ങ‌്, കവുങ്ങ‌്, റബർ, കുരുമുളക‌്,വാഴ എന്നീ കൃഷികളെയും  കാര്യമായി ബാധിച്ചിട്ടുണ്ട‌്. വാഴ, കവുങ്ങ‌്, കുരുമുളക‌് എന്നിവയിൽ ഭൂരിഭാഗവും വരൾച്ചയെ അതിജീവിക്കാനാവാതെ നശിച്ചു. തെങ്ങിനും   റബറിനും കൃത്യസമയത്ത‌് വളം ചേർക്കാനാവുന്നില്ല.  പച്ചക്കറി  കൃഷിയും  വ്യാപകമായി തുടങ്ങാനായിട്ടില്ല. കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്.  ഭൂഗർഭ ജലത്തിന്റെ അളവും കുറഞ്ഞു. ജില്ലയിൽ 30 ശതമാനത്തോളം  പ്രദേശങ്ങളിൽ ജലസേചനം നടത്താറുണ്ടായിരുന്നു. എന്നാൽ വെള്ളമില്ലാത്തതിനാൽ അതും നിലച്ചു. ഞാറ്റുവേലയിൽ അധിഷ്ഠിതമായ കാലാവസ്ഥ കിട്ടിയില്ലെങ്കിൽ എല്ലാവിളകൾക്കും ദോഷമാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top