14 April Wednesday

ബഹിഷ്‌കരണം തെറ്റ്‌: 
എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
കണ്ണൂർ
സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ്‌ നടപടി  തെറ്റാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജില്ലയിൽ എല്ലാ രാഷ്‌ട്രീയകക്ഷികളിലുംപെട്ട ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ്‌ ഈ യോഗത്തെ കണ്ടത്‌. ആ പ്രതീക്ഷ തകർക്കുന്ന നടപടി പാടില്ലായിരുന്നു. യോഗത്തെ അപമാനിക്കുകയായിരുന്നു യുഡിഎഫ് നേതൃത്വം. ‌ മറ്റെല്ലാ കക്ഷികളുടെയും പ്രതിനിധികൾ ഈ അഭിപ്രായമാണ്‌ യോഗത്തിൽ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാധാനയോഗത്തിനുശേഷം മറ്റുനേതാക്കൾക്കൊപ്പം മാധ്യമപ്രവർത്തകരോട്‌  സംസാരിക്കുകയായിരുന്നു ജയരാജൻ.  അവരെക്കൂടി സഹകരിപ്പിച്ച്‌ സമാധാന ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ ജില്ലാ അധികൃതർ ആഗ്രഹിക്കുന്നത്‌. എൽഡിഎഫ്‌ പ്രതിനിധികളും അത്തരമൊരു നിർദേശമാണ്‌ ഉന്നയിച്ചത്‌. 
പ്രാദേശികമായി എല്ലാ പാർടികളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ സമാധാനയോഗം നടത്തണം. പ്രത്യേകിച്ച്‌ പാനൂർ, ചൊക്ലി, കൊളവല്ലൂർ പൊലീസ്‌സ്‌റ്റേഷൻ പരിധികളിൽ. സിപിഐ എം, മുസ്ലിംലീഗ്‌ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ഉഭയകക്ഷി ചർച്ചയ്‌ക്കും ശ്രമമുണ്ടാകണം.
  കൊലപാതകം ദൗർഭാഗ്യകരമാണ്‌. ആരും അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ, അതിന്റെ തുടർച്ചയായി പാനൂർ മുനിസിപ്പാലിറ്റി, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്‌ പ്രദേശങ്ങളിൽ അതിഭീകരമായ ആക്രമണങ്ങളാണ്‌ ലീഗ്‌ നേതൃത്വത്തിൽ നടന്നത്‌. പാർടി ഓഫീസുകളും വീടുകളും കടകളും സ്‌റ്റുഡിയോയും ബസ്‌ഷെൽട്ടറുകളുമെല്ലാം തകർത്തു. പല ഓഫീസുകളും കത്തിച്ചു. നീതിസ്‌റ്റോറിലെ മഞ്ഞളും ധാന്യങ്ങളുംവരെ കൂട്ടിയിട്ട് കത്തിച്ചു. ഒരുപാടു കുടുംബങ്ങളെയാണ്‌ വലിയ ദുഃഖത്തിലും സങ്കടത്തിലുമാക്കിയത്‌. 
    ലീഗ്‌ നേതാക്കളുടെ മൗനമാണ്‌ ഇത്രയും വ്യാപകമായ അക്രമത്തിലേക്ക്‌ നയിച്ചത്‌. ഡീസൽ ഓയിൽ ഉപയോഗിച്ചാണ്‌ പാർടി ഓഫീസുകളും മറ്റു സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയതെന്നത് സംഭവത്തിന്റെ ആസൂത്രണം വ്യക്തമാക്കുന്നു. അക്രമത്തിൽ  പങ്കെടുത്തവരിൽ  പലരും കോഴിക്കോട്‌ ജില്ലയിലെ നാദാപുരം, കുറ്റ്യാടി മേഖലയിൽനിന്നുള്ളവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. 
   കൊലപാതകക്കേസിലെ പ്രതികൾക്കൊപ്പം തുടർന്നുണ്ടായ അക്രമസംഭവങ്ങൾക്ക്‌ ഉത്തരവാദികളായവരെയും ഉടൻ അറസ്‌റ്റ്‌ ചെയ്യണം. നാട്ടിൽ സമാധാനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ, കെ പി  മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top