21 February Thursday
തിരുവങ്ങാട് ക്ഷേത്രം ഓഫീസ് അക്രമം

പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019

 തലശേരി

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം ദേവസ്വം ഓഫീസ് ജീവനക്കാരിയെ ബന്ധിയാക്കി ഓഫീസ് താഴിട്ടുപൂട്ടുകയും കരിങ്കൊടി നാട്ടുകയും ചെയ്ത സംഘപരിവാറിന്റെ ഹീനകൃത്യത്തിനെതിരെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുന്നു. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ ദിവസമാണ്  ജീവനക്കാരിയെ പുറത്താക്കി  കരിങ്കൊടി നാട്ടിയത്. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് ശ്രീരാമനും ക്ഷേത്രവും എന്ത് പിഴച്ചുവെന്ന‌് വിശ്വാസികൾ  ചോദിക്കുന്നു. 
സമൂഹത്തിലെ പ്രശ്‌നങ്ങളുടെ പേരിൽ ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് വിശ്വാസികളുടെ മനസിനെ മുറിവേൽപിക്കുന്ന നടപടിയാണെന്ന് മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് ഒ കെ വാസു പറഞ്ഞു. തിരുവങ്ങാട് ഓഫീസിനൊപ്പം മഞ്ചേരി അയ്യപ്പക്ഷേത്രവും ആക്രമിച്ചു. വിശ്വാസത്തിന്റെയും ഭക്തിയുടെയും പേര് പറയുന്നവരാണ‌് ഇതെല്ലാം ചെയ്യുന്നത്. വിശ്വാസി സമൂഹം ഇത് തിരിച്ചറിയണം.  ക്ഷേത്രം ഓഫീസ് ആക്രമിച്ചവരെ ഉടൻ അറസ്റ്റ്‌ചെയ്യണമെന്നും  ഒ കെ വാസു ആവശ്യപ്പെട്ടു. 
 തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം ഓഫീസിൽ എന്തിന് അക്രമം നടത്തിയെന്ന് മലബാർ ദേവസ്വംബോർഡ് പ്രഥമ പ്രസിഡന്റ് അഡ്വ. കെ ഗോപാലകൃഷ്ണൻ ചോദിച്ചു. 
വിശ്വാസമോ ആചാരമോ ക്ഷേത്രമോ ഒന്നും അവർക്ക് പ്രശ്‌നമല്ലെന്നാണിത് വ്യക്തമാക്കുന്നത്. വിശ്വാസത്തിന്റെ മേലങ്കിയണിഞ്ഞുള്ള ഇത്തരം അതിക്രമങ്ങൾ യഥാർഥ വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ക്ഷേത്രസങ്കേതങ്ങൾ ആക്രമിക്കുന്നത് അംഗീകരിക്കാനാവുന്നതല്ലെന്ന് മലബാർ ദേവസ്വംബോർഡ് മുൻപ്രസിഡന്റ് സജീവ് മാറോളി പറഞ്ഞു. ശരിയായ സമരമുറയായി ഇതിനെ കാണാനും സാധിക്കില്ല. ക്ഷേത്രത്തിന്റെ പരിപാവനതയും പരിശുദ്ധിയും കാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.   
തിരുവങ്ങാട് ക്ഷേത്രം ദേവസ്വം ഓഫീസിന് നേരെയുണ്ടായ അതിക്രമം ദൗർഭാഗ്യകരമാണെന്ന് ക്ഷേത്രം ദേവസ്വം മാനേജിങ‌് ട്രസ്റ്റി കെ പി ജയാനന്ദൻ പറഞ്ഞു.  മറ്റെന്തെങ്കിലും താൽപര്യത്തിന്റെ വേദിയാക്കി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രമോ ഓഫീസോ മാറ്റരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top