12 December Thursday
ക്രോസ്‌കൺട്രിയിൽ എളയാവൂരിന്‌ സ്വർണം

ജില്ലാ സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം

പ്രത്യേക ലേഖകൻUpdated: Friday Nov 8, 2019
കണ്ണൂർ
ചാമ്പ്യന്മാരായ എളയാവൂർ സി എച്ച്‌ എം സ്‌കൂളിന്റെ സ്വർണവേട്ടയോടെ ജില്ലാ സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം. ക്രോസ്‌കൺട്രിയിൽ പൊന്നണിഞ്ഞാണ്‌ എളയാവൂർ കുതിപ്പ്തുടങ്ങിയത്‌. ആൺകുട്ടികളുടെ   ക്രോസ്‌കൺട്രിയിൽ സ്വർണവും വെള്ളിയും നേടിയാണ്‌ എളയാവൂർ കായിക കിരീടമണിയാനുള്ള പ്രയാണമാരംഭിച്ചത്‌. 
ആൺകുട്ടികളുടെ  ക്രോസ്‌കൺട്രിയിൽ വിഷ്‌ണു ബിജുവിലൂടെയാണ്‌ എളയാവൂർ കന്നി സ്വർണം ചൂടിയത്‌. ഈ ഇനത്തിൽ വിഷ്‌ണു തുടർച്ചയായ മൂന്നാം തവണയാണ്‌ ജേതാവാകുന്നത്‌.  സംസ്ഥാന സ്‌കൂൾ ക്രോസ്‌കൺട്രിയിലെ ചാമ്പ്യനും വിഷ്‌ണുവാണ്‌. കഴിഞ്ഞ തവണ ദേശീയ സ്‌കൂൾ മീറ്റിൽ വിഷ്ണു അഞ്ചാം  സ്ഥാനം നേടിയിരുന്നു. ദേശീയ മീറ്റിൽ 1500 മീറ്റർ ഓട്ടത്തിലും വിഷ്‌ണു പങ്കെടുത്തിരുന്നു.  ജില്ലാ സ്‌കൂൾ കായികോത്സവത്തിൽ വിഷ്‌ണു 1500, 3000 മീറ്റർ ഓട്ടങ്ങളിലും മത്സരിക്കുന്നുണ്ട്‌. എളയാവൂരിന്റെ  ആകാശ്‌പോൾ ബിജുവിനാണ്‌ രണ്ടാംസ്ഥാനം.  പെൺകുട്ടികളിൽ  എളയാവൂരിന്റെ കെ എം ആതിരയും   അനഘശ്രീയും സംസ്ഥാനമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടി. 
   ക്രോസ്‌കൺട്രിക്കുപുറമെയുള്ള 94 ഇനങ്ങളുടെ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ  കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയത്തിൽ നടക്കും.  15 സബ്‌ജില്ലകളിലെയും  കണ്ണൂർ സ്‌പോട്‌സ്‌ ഡിവിഷനിലെയും തലശേരി സായിയിലെയും 1800 കുട്ടികൾ കായികോത്സവത്തിൽ പങ്കെടുക്കും.14,17,19 വയസിനുതാഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരമാണ്‌ അരങ്ങേറുക.   
ആദ്യ ദിവസം അമ്പതും രണ്ടാംദിനം 44ഉം  ഫൈനൽ നടക്കും.  വെള്ളിയാഴ്‌ച രാവിലെ 7.30ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി പി നിർമലാദേവി പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ തുടങ്ങും.  രാവിലെ 9.30ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ മേള ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
   സമാപന സമ്മേളനം ശനിയാഴ്‌ച  വൈകിട്ട്‌ നാലിന്‌  തളിപ്പറമ്പ്‌ മുനിസിപ്പൽ ചെയർമാൻ  മുഹമ്മദ്‌ അള്ളാകുളം ഉദ്‌ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ സമ്മാനം നൽകും.  
   വാർത്താസമ്മേളനത്തിൽ ടി പി നിർമലാദേവി, ജില്ലാ പഞ്ചായത്ത്‌ അംഗം അൻസാരി തില്ലങ്കേരി, സ്‌കൂൾ ഗെയിംസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പി മുഹമ്മദലി, ജില്ലാ സ്‌കൂൾ ഗെയിംസ്‌ കോ–-ഓഡിനേറ്റർ പി നാരായണൻകുട്ടി, കെ ശ്രീജിത്ത്‌കുമാർ, സി വി കെ റിയാസ്‌ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top