08 December Sunday

രുചിമേളം തീർക്കാൻ പഴയിടമെത്തും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019
കണ്ണൂർ
മാങ്ങാട്ടുപറമ്പ്‌ കണ്ണൂർ സർവകലാശാല സിന്തിറ്റിക് സ്‌റ്റേഡിയത്തിൽ 16 മുതൽ 19 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ ഭക്ഷണം തയ്യാറാക്കുന്നത്‌ പഴയിടം മോഹനൻ നമ്പൂരിതിരി. 20  വർഷമായി സ്‌കൂൾ കലോത്സവത്തിലെയും  കായികോത്സവത്തിലെയും സ്ഥിരം പാചകക്കാരനാണ്‌. കഴിഞ്ഞ വർഷം ആലപ്പുഴ നടന്ന സ്‌കൂൾ കലോത്സവത്തിൽ  പഴയിടം സൗജന്യമായാണ്‌ ഭക്ഷണം പാകം ചെയ്‌ത്‌ നൽകിയത്‌. കെഎസ്‌ടിഎയാണ്‌ ഭക്ഷണത്തിനുള്ള സാധനം എത്തിച്ചുകൊടുത്തത്‌.  
   സ്‌കൂൾ മേളകളിലെ പാചകം പഴയിടം നിസ്വാർഥ  സേവനമായാണ്‌   കണക്കാക്കുന്നത്‌.  കാര്യമായ പ്രതിഫലം  ഇച്ഛിക്കുന്നില്ല. പഴയിടത്തിന്‌ പാചകപ്പുരയിൽ സഹായികളായി അമ്പതോളം പേരുണ്ടാവും. 
2017ൽ  കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ  ഹർത്താലുണ്ടായ ദിവസം  മത്സരം കാണാൻ ഉൾപ്പെടെയെത്തിയ 20000 പേർക്ക്‌ ഭക്ഷണം നൽകി പഴയിടം എല്ലാവരുടെയും ആദരവ്‌ പിടിച്ചുപറ്റിയിരുന്നു. കെഎസ്‌ടിഎയാണ്‌ ഇതിനുള്ള സംവിധാനം ഒരുക്കിക്കൊടുത്തത്‌.  പി പി ഷാജീർ ചെയർമാനും  കെ കെ  പ്രകാശൻ കൺവീനറുമായ   കായികോത്സവം ഭക്ഷണ കമ്മിറ്റി പഴയിടത്തിന്റെ സഹായത്തിനൊപ്പമുണ്ടാകും.  
കണ്ണൂർ സർവകലാശാല കാന്റിന്‌ സമീപമാണ്‌ സ്‌കൂൾ കായികോത്സവ ഊട്ട്‌ പന്തൽ ഒരുക്കിയിട്ടുള്ളത്‌. ഒരേ സമയം 600 പേർക്ക്‌ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും.  ദിവസം  2000 കായിക താരങ്ങൾ ഉൾപ്പെടെ 3500 പേർക്കാണ്‌  ഭക്ഷണം തയ്യാറാക്കുക.   പാൽ, പഴം, മുട്ട,  പുട്ട്‌–-കടല, ഇടിയപ്പം–- സ്‌റ്റൂ, ഇഡ്‌ലി–- സാമ്പാർ, ഉപ്പുമാവ്‌–- പഴം ഇവയിൽ ഏതെങ്കിലുമൊന്നായിരിക്കും രാവിലത്തെ  ഭക്ഷണം.  ആദ്യദിവസം ഉച്ചയൂണിന്‌ പായസമുണ്ടാകില്ല. പകരം വറുത്ത മീനായിരിക്കും. മറ്റുള്ള ദിവസങ്ങളിൽ പായസമടക്കുള്ള സദ്യ നൽകും.  രാത്രി ചോറിനൊപ്പം രണ്ട്‌ ദിവസം ബീഫും ഒരു  ദിനം ചിക്കനും ഉണ്ടാകും. 
പാചകം മുതൽ വിതരണവും വരെ പൂർണമായി ഹരിത ചട്ടം പാലിക്കും. വാഴയിലയും സ്‌റ്റീൽ പ്ലേറ്റും ടബ്ലറുമാണ്‌ ഭക്ഷണവും ചായയും  കഴിക്കുന്നതിന്‌ ഉപയോഗിക്കുക.  ഭക്ഷണ വിതരണത്തിന്‌ സദാസമയവും കെഎസ്‌ടിഎയുടെ 100 വളണ്ടിയർമാർ സേവന സന്നദ്ധരായുണ്ടാവും.
പ്രധാന വാർത്തകൾ
 Top