കണ്ണൂർ
ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് സഹപ്രവർത്തകൻ ജീവനൊടുക്കിയതിന്റെ പ്രതിഷേധം അലയടിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ പണിമുടക്ക് അമ്പതാം ദിവസം പിന്നിട്ടു. നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസിലെ പാർട്ടൈം സ്വീപ്പർ വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ കുന്നത്ത് വീട്ടിൽ രാമകൃഷ്നാണ് ഓഫീസ് കെട്ടിടത്തിൽ തൂങ്ങിമരിച്ചത്.
പത്ത് മാസമായി ശമ്പളം ലഭിക്കാത്ത രാമകൃഷ്ണൻ കടുത്ത മാനസീക പ്രയാസത്തിലായിരുന്നു. ആറു മണിക്കൂർ ജോലി ഒന്നര മണിക്കൂറായി കുറച്ചതും താങ്ങാനായില്ല. തൊഴിൽ ദിനം മാസത്തിൽ 15 ആയി കുറയ്ക്കുകയും ചെയ്തു. ഇതിനുപുറമെ പിരിച്ചുവിടൽ ഭീഷണിയുമുണ്ട്. ജീവിക്കാൻ മറ്റ് വഴിയില്ലാതെയൊണ് രാമകൃഷ്ണൻ ജീവനനൊടുക്കിയത്.
ബിഎസ്എൻഎൽ മാനേജ്മെന്റാണ് ഇതിന് ഉത്തരവാദി. പണിമുടക്കുന്ന ഓരോ തൊഴിലാളിയും ആത്മഹത്യയുടെ വക്കിലാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ ദുരന്തം.
രാമകൃഷ്ണൻ ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ പത്തിന് കണ്ണൂർ ടെലഫോൺ ഭവൻ കേന്ദ്രികരിച്ച് ജനറൽ ഓഫിസിലേക്ക് മാർച്ച് നടത്തും. തുടർന്ന് ധർണയുമുണ്ടാവും.
രാമകൃഷ്ണന്റെ മരണത്തിൽ അനുശോചിച്ചും പ്രതിഷേധിച്ചുമാണ് ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ നേതൃത്വത്തിലുള്ള വ്യാഴാഴ്ചത്തെ പണിമുടക്ക് തുടങ്ങിയത്. കണ്ണൂർ ടെലിഫോൺ ഭവനുമുമ്പിൽ പണിമുടക്കിയ തൊഴിലാളികൾ ധർണ നടത്തി. കെ കെ രാഗേഷ് എം പി ഉദ്ഘാടനംചെയ്തു. സാമുവൽ പ്രേംകുമാർ അധ്യക്ഷനായി. സി വിജയൻ, സി എം സുരേശൻ, പി ആർ സുധാകരൻ, എം ടി നന്ദകുമാർ, എം പി രാജേഷ് എന്നിവർ സംസാരിച്ചു. വി വി കൃഷ്ണൻ സ്വാഗതവും കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..