08 December Sunday

‘ഷി നൈറ്റ്‌ ഹോം’, തുടക്കത്തിലേ ഹൗസ്‌ഫുൾ

സ്വന്തംലേഖികUpdated: Friday Nov 8, 2019

കണ്ണൂർ

രാത്രിയിൽ വനിതകൾക്ക്‌ സുരക്ഷിത ഇടം ഉറപ്പുവരുത്താനായി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഒരുക്കിയ ഷീ നൈറ്റ്‌ ഹോം തുടക്കത്തിൽതന്നെ വൻ ഹിറ്റ്‌.  ആറ്‌ ദിവസത്തിനുള്ളിൽ ഷീ നൈറ്റ്‌ ഹോമിൽ താമസിച്ചത്‌ 16 പേരാണ്‌. നഗരകേന്ദ്രത്തിൽ ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന ഇടം  എന്ന നിലയിൽ ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച സ്‌ത്രീ സൗഹൃദ പദ്ധതിയാവുകയാണിത്‌. 
ഒന്നിനാണ്‌  ഹോം പ്രവർത്തനമാരംഭിച്ചത്‌. ഇന്റർവ്യൂവിനും മത്സര പരീക്ഷകൾക്കുമായി നഗരത്തിൽ തനിച്ചെത്തുന്നവർക്ക്‌ ഹോട്ടലിൽ തങ്ങുന്നതിലുള്ള  പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ്‌ ഇതോടെ പരിഹാരമാവുന്നത്‌. അതിരാവിലെ ട്രെയിനിറങ്ങി നഗരത്തിലേക്ക്‌ വരുന്നവർക്ക്‌  വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമുള്ള സൗകര്യവുമുണ്ട്‌. 
ഒരേസമയം എട്ടുപേർക്ക്‌ താമസിക്കാം. എല്ലാ മുറികളും ശീതികരിച്ചതാണ്‌. പരമാവധി 24 മണിക്കൂർ മാത്രമേ താമസസൗകര്യം അനുവദിക്കൂ. 300 രൂപയാണ്‌ സർവീസ്‌ ചാർജ്‌. 12 മണിക്കൂർ നേരത്തേക്ക്‌ 150 രൂപ.  രണ്ട്‌ കെയർ ടേക്കർമാർ ഉൾപ്പെടെ മൂന്ന്‌ ജീവനക്കാരുണ്ട്‌.  
തൊട്ടടുത്ത കഫേശ്രീയിൽ ഭക്ഷണവും കഴിക്കാം.  തിരിച്ചുപോവാൻ ഓട്ടോയോ ടാക്‌സിയോ ലഭ്യമാക്കാനും കെയർ ടേക്കർമാർ സഹായിക്കും.  18 വയസ്‌ പൂർത്തിയായവർക്കാണ്‌ താമസ സൗകര്യം നൽകുന്നത്‌. പത്തുവയസ്സുവരെയുള്ള കുട്ടികളെയും ഒപ്പംനിർത്താം. ഇതര സംസ്ഥാനക്കാർക്കും വിദേശികൾക്കും താമസസൗകര്യം നൽകും. പൊലീസിന്റെ അറിവോടെ മാത്രമേ ഇവർക്ക്‌ പ്രവേശനം നൽകൂ. എല്ലാവർക്കും തിരിച്ചറിയൽ കാർഡ്‌ നിർബന്ധം. 
ബുക്ക്‌ ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം ഒരുങ്ങുന്നുണ്ട്‌. നിലവിൽ 04972767476 നമ്പറിൽ വിളിച്ച്‌ ബുക്ക്‌ ചെയ്യാം.  അത്യാവശ്യഘട്ടങ്ങളിൽ നേരിട്ടെത്തുന്നവർക്കും റൂം  നൽകും.
പ്രധാന വാർത്തകൾ
 Top