08 December Sunday

കൂത്തുപറമ്പ് വീണ്ടും ബൂട്ടണിയും

സുബിൻ കൃഷ്‌ണUpdated: Friday Nov 8, 2019
കൂത്തുപറമ്പ്‌
കാൽപന്ത് കളിയുടെ ഹൃദയംതൊട്ട കൂത്തുപറമ്പ്‌ വീണ്ടും ബൂട്ടുകെട്ടാൻ ഒരുങ്ങുകയാണ്‌. അന്താരാഷ്‌ട്ര നിലവാരമുള്ള കളിക്കളത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. കിഫ്ബിയിൽ നിന്ന്‌ അനുവദിച്ച അഞ്ചേകാൽ കോടി രൂപ ചിലവഴിച്ചാണ്‌ നിർമാണം. ഗ്യാലറിയോടും  ആധുനിക സൗകര്യങ്ങളോടെയുമുള്ളതാണ്‌ നിർദിഷ്‌ട സ്‌റ്റേഡിയം. കിറ്റ്കോവിനാണ്‌ നിർമാണ ചുമതല.  
കേരള ഫുട്‌ബോളിന്‌  മിന്നും താരങ്ങളെ സംഭാവന ചെയ്‌ത മണ്ണാണ് കൂത്തുപറമ്പ്. കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സി കെ വിനീതും, ഡ്യൂറോന്റ് കപ്പിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗസ് നേടിയ സി കെ ഉബൈദുമെല്ലാം കൂത്തുപറമ്പ് മൈതാനിയിൽ പന്തുതട്ടിയവാരാണ്‌.   
ഫുട്ബോൾ കളിക്കപ്പുറമൊരു ചരിത്രം കൂടെയുണ്ട് ഈ സ്റ്റേഡിയത്തിന്. വീരപഴശ്ശിക്കെതിരായ യുദ്ധത്തിൽ  ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ ഇടത്താവളംകൂടിയായിരുന്നു ഈ മൈതാനം. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്ത് റവന്യു  വകുപ്പിന്റെ കീഴിലുള്ള മൂന്നരഏക്കറോളം വരുന്ന സ്ഥലത്താണ് സെവൻസ് ഫുട്ബോൾ കളിക്കാൻ കഴിയുന്ന രീതിയിലുള്ള മൈതാനവും പവലിയനും. 
കൂത്തുപറമ്പ്  പഞ്ചായത്ത് നിലവിൽ വന്നപ്പോഴാണ്‌ സ്പോർട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ  അനുമതി ലഭിച്ചത്‌. 
ഇരുന്നൂറ് മീറ്റർ ട്രാക്ക് ഇടാൻ പാകത്തിൽ സ്ഥലം നവീകരിച്ചത്‌ പഴയ കൂത്തുപറമ്പ്‌ പഞ്ചായത്താണ്‌.  സ്വാതന്ത്രത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായി  നാണൂട്ടി സ്മാരക പവലിയൻ നിർമിച്ച് ഫുട്ബോൾ കളിക്കാൻ സജ്ജമാക്കി. 
 2018 ഡിസംബറിലാണ് നവീകരണ പ്രവർത്തി ആരംഭിച്ചത്. ഇടക്കാലത്ത് മഴ പ്രവൃത്തിയെ ബാധിച്ചെങ്കിലും 2020 ആദ്യം കായികപ്രേമികൾക്ക് സ്റ്റേഡിയം വിട്ട് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഫ്‌ളഡ്‌ലിറ്റ്‌ സംവിധാനം
നവീകരണം കഴിയുന്നതോടെ ലെവൻസ് ഫുട്ബോൾ കളിക്കാനുള്ള മൈതാനവും രണ്ടായിരത്തോളം കാണികൾക്ക്  കളി കാണാനുള്ള സൗകര്യവുമാകും. എട്ട് ഫ്ളഡ് ലൈറ്റുകൾ ആണ് സ്ഥാപിക്കുന്നത്. 
കളിക്കാർക്ക്  റൂമും ഒമ്പത് പീടിക മുറികളും പാർക്കിങ്‌ സൗകര്യവും സ്റ്റേഡിയത്തോടൊപ്പം ഒരുങ്ങും. മഴ പെയ്താൽ വെള്ളംകെട്ടി നിൽക്കാതെ ഡ്രൈനേജിലേക്ക് ഒഴുകുന്ന അത്യാധുനിക സംവിധാനവുമുണ്ട്‌.  ആരോഗ്യ  മന്ത്രി കെ കെ ശൈലജയുടെ ഇടപെടലിലൂടെയാണ് കിഫ്‌ബി വഴി സ്റ്റേഡിയം നവീകരിക്കാനുള്ള തുക ലഭിച്ചത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top