21 October Monday

പുറത്തീൽ പള്ളി ഒരു കോടിയിൽപരം രൂപയുടെ ക്രമക്കേട്‌ നടന്നെന്ന്‌ ഓഡിറ്റ്‌ വകുപ്പ്‌

പ്രത്യേക ലേഖകൻUpdated: Sunday Sep 8, 2019
കണ്ണൂർ
വലിയന്നൂർ പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാ അത്ത്‌ പള്ളി കമ്മിറ്റിയുടെ ഭീമമായ സാമ്പത്തിക തിരിമറി ഓഡിറ്റ്‌ റിപ്പോർട്ടിലും സ്ഥിരീകരിച്ചു. 2010–- 15 കാലയളവിൽ പള്ളിയിൽ ഒരു കോടിയിൽപരം രൂപയുടെ ക്രമക്കേട്‌ നടന്നതായാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ പറയുന്നത്‌. 
വഖഫ്‌ ബോർഡ്‌ നടത്തിയ പരിശോധനയിൽ 84 ലക്ഷം രൂപയുടെ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌, കണ്ണൂരിലെ പ്രശസ്‌ത ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ നടത്തിയ പരിശോധനയിലും ക്രമക്കേട്‌ തെളിഞ്ഞു. മുസ്ലിം ലീഗ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയായ കെ പി താഹിർ സെക്രട്ടറിയായിരുന്ന കാലത്താണ്‌  പള്ളി കമ്മിറ്റിയിൽ  ക്രമക്കേട്‌ അരങ്ങേറിയത്‌. തലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി നിർദ്ദേശപ്രകാരം താഹറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കുകയും അന്വേഷണം ചക്കരക്കൽ പൊലീസ്‌ ഏറ്റെടുക്കുകയും ചെയ്‌തു. കേസിന്റെ തെളിവിലേക്കായി സംസ്ഥാന പൊലീസ്‌ മേധാവി ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ സർക്കാർ ഓഡിറ്റ്‌  വകുപ്പിനെ വിശദ ഓഡിറ്റിന്‌ നിയോഗിച്ചത്‌. ഒരു കോടി ഏഴുലക്ഷത്തിൽപരം രൂപയുടെ ചെലവു കണക്കുകൾ കാണാനില്ലെന്ന്‌   റിപ്പോർട്ടിൽ വ്യക്തമാക്കി.  
2015ലെ വാർഷിക ജനറൽ ബോഡിയോടെയാണ്‌ പള്ളിക്കമ്മിറ്റിയിൽ നടന്ന ക്രമക്കേട്‌ പുറത്തുവന്നത്‌. കമ്മിറ്റി അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്നും വീണ്ടും ഓഡിറ്റ്‌ ചെയ്യണമെന്നും ജനറൽ ബോഡി തീരുമാനിച്ചു. അഴിമതിക്കാരായ കമ്മിറ്റിയെ പുറന്തള്ളി പുതിയൊരു ജനകീയ കമ്മിറ്റിയും നിലവിൽ വന്നു. ഈ കമ്മിറ്റയാണ്‌ പ്രശ്‌നം വഖഫ്‌ ബോർഡിന്റെ ശ്രദ്ധയിൽകൊണ്ടുവരുന്നത്‌. 84 ലക്ഷം രൂപയുടെ ക്രമക്കേട് വഖഫ്‌ പരിശോധനയിൽ കണ്ടെത്തിയെങ്കിലും ബോർഡ്‌ ഈ റിപ്പോർട്ട്‌ തള്ളി. കെ പി താഹിറിന്റെ ഭരണതല സ്വാധീനത്തിലായിരുന്നു ഇത്‌. 
തുടർന്നാണ്‌ പുതിയ കമ്മിറ്റി ഭാരവാഹിയായ അബ്ദുൾ ഖാദർ ഹാജി തലശേരി സിജെഎം കോടതിയെ  സമീപിച്ചത്‌. ക്രമക്കേട്‌ ബോധ്യപ്പട്ട കോടതി ഒന്നാംപ്രതിയായ താഹിറിനെ ജയിലിലടയ്‌ക്കാനും അന്വേഷണം നടത്താൻ ചക്കരക്കൽ പൊലീസിനോടു ആവശ്യപ്പെടുകയുമായിരുന്നു. കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ്‌കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷറർ പി കെ സി ഇബ്രാഹിം മൂന്നാം പ്രതിയുമാണ്‌.
പ്രധാന വാർത്തകൾ
 Top