മട്ടന്നൂർ
ചുരുങ്ങിയ കാലയളവിനുള്ളിൽ അടിസ്ഥാന സൗകര്യമേഖലയിൽ ഉൾപ്പെടെ വലിയ മാറ്റത്തിന് സാക്ഷിയായ നഗരമാണ് മട്ടന്നൂർ. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ വിമാനത്താവളം പൂർണ അർഥത്തിൽ യാഥാർഥ്യമായി. വിമാനത്താവളത്തോടനുബന്ധിച്ച വ്യവസായങ്ങൾക്കൊപ്പം നഗരസഭ കൈക്കൊണ്ട വ്യവസായ സൗഹൃദ നടപടികളും നഗരത്തിലും സമീപ പ്രദേശങ്ങളിലും കൂടുതൽ വ്യവസായ സംരംഭങ്ങൾ ചുരുങ്ങിയ കാലത്തിനിടെ ആരംഭിക്കുന്നതിലേക്ക് നയിച്ചു. നഗരത്തിലെ പ്രധാന റോഡായ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതിനൊപ്പം നഗരത്തിന്റെ വിവിധ മേഖലകളിലുള്ള അശാസ്ത്രീയവും അനധികൃതവുമായ പാർക്കിങ് കൂടി ആയതോടെ ഗതാഗതക്കുരുക്ക് നഗരത്തെ ശ്വാസംമുട്ടിച്ചു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പിക്കുന്നതിനുമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചത്. നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ, ആർടിഒ ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി പ്രതിനിധികൾ, മുനിസിപ്പൽ സെക്രട്ടറി എന്നിവരാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങൾ. ജൂലൈ 15 മുതൽ നഗരത്തിൽ പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ നടപ്പിലാക്കി. പ്രധാന റോഡുകളിലെയും ബൈപ്പാസ് റോഡുകളിലെയും ഗതാഗത നിയന്ത്രണങ്ങൾ, ചരക്കുവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയ ക്രമീകരണങ്ങൾ, പാർക്കിങ് ഏരിയകൾ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്തൽ എന്നിവയാണ് തുടക്കത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി മുന്നോട്ടുവച്ച നിർദേശങ്ങൾ. ജൂലൈ 12 മുതൽ നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ ആരംഭിച്ചു. ആദ്യത്തെ മൂന്ന് ദിവസം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചു. ട്രാഫിക് പരിഷ്‌കരണങ്ങളെക്കുറിച്ച് നഗരത്തിലേക്കെത്തുന്ന യാത്രക്കാരെ ബോധവാന്മാരാക്കുകയും ജൂലൈ 15 മുതൽ പരിഷ്‌കാരം പൂർണ അർഥത്തിൽ നടപ്പിലാക്കാനുമായി. 10 ദിവസങ്ങൾക്കുശേഷം ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ആദ്യ അവലോകന യോഗം നിർദേശങ്ങൾ ഫലംകണ്ടതായി വിലയിരുത്തി. പ്രധാന ജങ്‌ഷനുകളിൽ പുതിയ പരിഷ്‌കാരങ്ങളുടെ സൈൻ ബോർഡുകളുടെ അപര്യാപ്തത പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ബസ്‌സ്‌റ്റാൻഡിലെ കടകൾക്ക് മുന്നിലെ അനധികൃത പാർക്കിങ് നിരോധിച്ചതോടെ കടകളിൽ തിരക്ക് വർധിച്ചതായി കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു.
വലിയ ആശ്വാസം
ബസ് സ്റ്റാൻഡിൽ കടകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. അനധികൃത പാർക്കിങ് നിരോധിച്ചതോടെ ഈ പ്രയാസം ഒഴിവായി. വലിയ ആശ്വാസമാണിത്. പൊലീസിന്റെ ഇടപെടൽ ഇല്ലാത്ത സമയങ്ങളിൽ പരിഷ്‌കരണങ്ങൾ ലംഘിക്കപ്പെടുന്നുണ്ട്. പൊലീസിന്റെ ഇടപെടൽ കൂടുതൽ ശക്തമാക്കണം
എം വി കെ വിനോദ്ബാബു
(ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോ. മട്ടന്നൂർ യൂണിറ്റ് സെക്രട്ടറി)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..