28 September Monday

മലയോരം വെള്ളപ്പൊക്ക ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
കണ്ണൂർ 
കാലവർഷം തീവ്രമായതോടെ  മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. കർണാടക അതിർത്തിയോടുചേർന്ന പ്രദേശങ്ങളിൽ ഉരുൽപൊട്ടൽ ഭീഷണിയുണട്‌. വിവിധ സ്ഥലങ്ങളിലായി 61 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. 
വീടിന്റെ മേൽക്കൂര തകർന്നതിനെ തുടർന്ന് ആന്തൂർ കോടല്ലൂരിലെ ഒരു കുടുംബത്തെയും വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് കുറ്റ്യാട്ടൂർ വില്ലേജിലെ അഞ്ച് കുടുംബങ്ങളെയും ശ്രീകണ്ഠാപുരം വില്ലേജിലെ മൂന്ന്  കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി.  72 വില്ലേജുകളെയാണ്‌ ഇതിനകം മഴക്കെടുതികൾ ബാധിച്ചത്‌. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകൾ പൂർണമായും 360 വീടുകൾ ഭാഗികമായും തകർന്നു. 
കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിൽപെട്ട കോഴിച്ചാൽ പ്രദേശത്ത്‌ വെള്ളം കയറി. കോഴിച്ചാൽ കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയി. ഇതോടെ കർണാടക വനത്തിനും കാര്യങ്കോട് പുഴക്കും നടുവിലെ തുരുത്തിൽ ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താൽക്കാലിക പാലം സ്ഥാപിച്ചാണ് ഫയർഫോഴ്‌സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തുരുത്തിൽ താമസിക്കുന്ന 14 പേരെ രക്ഷപ്പെടുത്തിയത്.
പാനൂർ കൊളവല്ലൂരിൽ കടുങ്ങാം പൊയിലിൽ തുച്ചത്ത് ബാബുവിന്റെ കുളിമുറിയും ആൾമറയും കിണറിലേക്ക്‌ താഴ്ന്നുപോയി. വീട് അപകടാവസ്ഥയിലായതിനാൽ  കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഇരിക്കൂർ നിടുവള്ളൂരിലെ ഒരു കുടുംബത്തെ മുളക് പാലം ഇസ്ലാഹി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിടുവള്ളൂർ, ഡയനാമോസ് ഗ്രൗണ്ട്, കുട്ടാവ് എന്നിവിടങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. പടിയൂർ പഞ്ചായത്തിലെ പെടയങ്ങോട്ടെ മൂന്ന് കുടുംബങ്ങളെ വെള്ളം കയറിയതിനാൽ സമീപത്തെ വീടുകളിലേക്ക് മാറ്റി.  പെടയങ്ങോട് മരംവീണ് വീട് തകർന്ന ഒരു കുടുംബത്തെയും തിരൂരിൽ വീട് തകർന്നുവീണ കുടുംബത്തെയും സമീപ വീടുകളിലേക്ക്‌ മാറ്റി.
ചെങ്ങളായി കൊവ്വപ്രത്തെ 86 കുടുംബങ്ങളെയും കൊയ്യത്തെ പത്തോളം കുടുംബങ്ങളെയും സമീപത്തെ വീടുകളിലും ബന്ധുവീടുകളിലും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top