25 September Friday

വ്യാജ വാർത്ത തുടരുന്നു മെഡിക്കൽ കോളേജിനെതിരെ തുടർച്ചയായ അപവാദ പ്രചാരണം

പ്രത്യേക ലേഖകൻUpdated: Saturday Aug 8, 2020
കണ്ണൂർ
മികവുറ്റ കോവിഡ്‌ ചികിത്സാ കേന്ദ്രമായി മതിപ്പുനേടിയ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെതിരെ നിരന്തര അപവാദ പ്രചാരണം.  ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തിലാണ്‌ ചില മാധ്യമങ്ങൾ തുടർച്ചയായി വ്യാജവാർത്ത ചമയ്‌ക്കുന്നത്‌. കോളേജിന്റെ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്‌ കടുത്ത അതൃപ്‌തിയുണ്ടെന്നും രണ്ടുദിവസത്തിനകം തലപ്പത്ത്‌ അഴിച്ചുപണിയുണ്ടാകുമെന്നുമാണ്‌ ഒടുവിലത്തെ വാർത്ത.തളിപ്പറമ്പിലെ ഓൺലൈൻ വാർത്താപോർട്ടലാണ്‌  വാർത്താസൃഷ്ടിയുടെ കേന്ദ്രം. രണ്ടു സായാഹ്ന പത്രങ്ങളുടെ റിപ്പോർട്ടർകൂടിയായ പോർട്ടൽ ഉടമ  മെനയുന്ന നുണക്കഥകൾ വാട്‌സ്‌ ആപ്‌ ഗ്രൂപ്പുകളിലൂടെയും ഫെയ്‌സ്‌ ബുക്കിലൂടെയും  പ്രചരിപ്പിക്കുന്നു.ദൃശ്യമാധ്യമങ്ങൾ പോലും ഇവരുടെ  കെണിയിൽപെടുന്നു.   ഏതാനും ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ ബാധിച്ചതിന്റെ പേരിൽ ദിവസങ്ങളായി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്‌‌. രോഗവ്യാപനം കൈവിട്ടുപോയി ആശുപത്രി ഒപികൾ അടച്ചുപൂട്ടിയെന്നുവരെ കഴിഞ്ഞദിവസം എഴുതിപ്പിടിപ്പിച്ചു. സിപിഐ എമ്മിന്റെ ഒരുന്നത നേതാവിനെ വ്യക്തിപരമായി തോജോവധം ചെയ്യുംവിധവും വാർത്ത നൽകി. എംബിബിഎസ്‌ ബിരുദം പോലുമില്ലാത്ത ഒരു ഉദ്യോഗസ്ഥയാണ്‌ കോവിഡ്‌ മെഡിക്കൽ ബോർഡിലെ പ്രധാനിയെന്നാണ്‌ പുതിയ കണ്ടുപിടിത്തം. മെഡിക്കൽ കോളേജ്‌ പോലെ ഒരു ഉന്നത ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറല്ലാത്ത ആൾ മെഡിക്കൽ ബോർഡിൽ വരില്ലെന്ന സാമാന്യയുക്തിയൊന്നും ഇവർക്കു ബാധകമല്ല. 
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥയെയാണ്‌ വ്യാജവാർത്തക്കാർ  ലക്ഷ്യമാക്കുന്നത്‌. എട്ടുവർഷം മെഡിക്കൽ കോളേജ്‌ ഓഫീസിൽ എച്ച്‌ആർ മാനേജരായി പ്രവർത്തിച്ച  എംഎസ്‌ഡബ്ല്യു, പിഎച്ച്‌ഡി, എംബിഎ ബിരുദധാരിയായ ഇവർക്കെതിരായ നീചമായ ആക്രമണത്തിനു പിന്നിൽ മറ്റു താൽപര്യങ്ങളുണ്ടെന്ന്‌ വ്യക്തം. ഇതിനകം ഇരുന്നൂറ്റമ്പതോളം കോവിഡ്‌ രോഗികളാണ്‌ ഇവിടത്തെ ചികിത്സയിലൂടെ അസുഖം ഭേദമായി വീടുകളിലേക്കു മടങ്ങിയത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ ഗർഭിണികൾ രോഗബാധിതരായി എത്തിയതും പരിയാരത്താണ്‌. കോവിഡ്‌ വാർഡുകളിൽനിന്ന്‌ ഒരാൾക്കും രോഗം പകർന്നില്ലെന്നതും പരിയാരത്തെ ചികിത്സയിലെയും സംവിധാനങ്ങളിലെയും ഉന്നതനിലവാരത്തിനു തെളിവാണ്‌. 
കോവിഡേതര വിഭാഗത്തിൽ യാദൃഛികമായി കോവിഡ് രോഗികളെത്തിയതാണ്‌ ആശുപത്രിയിലെ 91 ആരോഗ്യപ്രവർത്തകർക്ക് അസുഖം ബാധിക്കാൻ  ഇടയായത്‌. അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയല്ല ഇതിനു കാരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top