20 April Tuesday
സിപിഐ എം ഓഫീസും കടയും കത്തിച്ചു

ആസൂത്രിത 
കലാപത്തിന്‌ ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

ലീഗുകാർ തീയിട്ട സിപിഐ എം പെരിങ്ങത്തൂർ ബ്രാഞ്ച്‌ ഓഫീസ്‌

പാനൂർ
മുസ്ലിംലീഗ്‌ പ്രവർത്തകന്റെ ദാരുണ മരണത്തെ മറയാക്കി പെരിങ്ങത്തൂർ, പുല്ലൂക്കര പ്രദേശങ്ങളിൽ കലാപം സൃഷ്ടിക്കാൻ ലീഗ്‌ ക്രിമിനൽ സംഘം.  മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോയ വഴികളിലെ വ്യാപാര സ്ഥാപനങ്ങളും സിപിഐ എം ഓഫീസുകളുമടക്കം കണ്ണിൽ കണ്ടതെല്ലാം തകർത്തും തീയിട്ടും നശിപ്പിച്ചു. കൊള്ളകൂടി ലക്ഷ്യമാക്കിയാണ്‌ വ്യാപാര സ്ഥാപനങ്ങൾ ആക്രമിച്ചത്‌. 
    സിപിഐ എം അനുഭാവികളുടെയും പ്രവർത്തകരുടെയും സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ചായിരുന്നു അക്രമം. പെരിങ്ങത്തൂർ ടൗണിലെ അനീശന്റെയും ഷിജുവിന്റെയും ഉടമസ്ഥതയിലുള്ള അജിത ടീഷോപ്പിന്‌ തീവച്ചു. ദിനേശന്റെ കടയും ആക്രമിച്ചു. മോന്താലിൽനിന്നാരംഭിച്ച വിലാപയാത്ര മേക്കുന്നിലെത്തിയതോടെയാണ്‌ അക്രമം തുടങ്ങിയത്‌. സിഐടിയു കൊടിമരവും കനകമല സത്യൻ റോഡിലെ രക്തസാക്ഷി സ്‌മാരക സ്‌തൂപവും തകർത്തു. ആച്ചുമുക്കിൽ കുടിവെള്ളം നൽകാൻ ഡിവൈഎഫ്‌ഐ സ്ഥാപിച്ച സംവിധാനവും നശിപ്പിച്ചു. സിപിഐ എം ഓഫീസുകളും കടയും കത്തിച്ചും തകർത്തുമാണ്‌ വിലാപയാത്ര കടന്നുപോയത്‌. 
  ആച്ചുമുക്കിലെ സിപിഐ എം വേട്ടാണിക്കുന്ന്‌ ബ്രാഞ്ച്‌ ഓഫീസ്‌ അടിച്ചുതകർത്തശേഷം അഗ്നിക്കിരയാക്കി. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസും  കത്തിച്ചു. ഓഫീസിലെ ഫർണിച്ചറും രേഖകളുമടക്കം അഗ്നിക്കിരയായി. സിപിഐ എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞും അടിച്ചും തകർത്തശേഷം തീയിട്ടു. കൊച്ചിയങ്ങാടി ഇഎംഎസ് മന്ദിരവും കടവത്തൂർ ബ്രാഞ്ച് ഓഫിസും തീയിട്ടു നശിപ്പിച്ചു.ബുധനാഴ്‌ച രാത്രി എട്ടോടെയാണ്‌ വിലാപയാത്ര മേക്കുന്നിലെത്തിയത്‌. പുല്ലൂക്കരയിലേക്കുള്ള വഴിയിലും അക്രമമുണ്ടായി. പ്രത്യേകസംഘത്തെത്തന്നെ അക്രമത്തിനായി നിയോഗിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top