28 May Thursday
രണ്ടു പേർക്കുകൂടി കോവിഡ്‌

ജില്ലയില്‍ 5 പേര്‍കൂടി ആശുപത്രി വിട്ടു; ആകെ 25

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കണ്ണൂർ

ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. പാട്യം, ചിറ്റാരിപ്പറമ്പ്‌ എന്നിവിടങ്ങളിലെ ഓരോരുത്തർക്കാണ്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചതെന്ന്‌ കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. 
ദുബായിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു രണ്ടു പേരും. ചികിത്സയിലായിരുന്ന അഞ്ചുപേർകൂടി രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ച 55 പേരിൽ 25 പേരും പൂർണരോഗമുക്തരായി. കേരളത്തിൽ ഏറ്റവുമധികം പേർക്ക് കൊറോണ രോഗം ഭേദമായത്‌ കണ്ണൂർ ജില്ലയിലാണ്.
തലശേരി ജനറൽ ആശുപത്രി, കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്ന് രണ്ടു പേർ വീതവും കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്ന് ഒരാളുമാണ് ചൊവ്വാഴ്‌ച  മടങ്ങിയത്. ഇതുവരെ ജില്ലയിൽ ഒരാൾക്കു മാത്രമേ സമ്പർക്കം മൂലം രോഗബാധയുണ്ടായുള്ളൂ.  ആരോഗ്യ  പ്രവർത്തകരുൾപ്പെടെ  വിവിധ വിഭാഗങ്ങൾ നടത്തിയ ശ്രമങ്ങൾക്കൊപ്പം ജനങ്ങളുടെ  സഹകരണവും വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ചെന്ന്‌ കലക്ടർ പറഞ്ഞു. 
രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ മുഴുവൻ പേരും നിർദ്ദേശിക്കപ്പെട്ടതു പ്രകാരം നിശ്ചിത ദിവസം വീടുകളിൽ ക്വാറന്റയിനിൽ തന്നെ കഴിയേണ്ടതാണെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്‌ക്ക്‌ അറിയിച്ചു.
ജില്ലയിൽ ആകെ 10,561 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 45 പേരും തലശേരി ജനറൽ ആശുപത്രിയിൽ 11 പേരും ജില്ലാ ആശുപത്രിയിൽ ഒമ്പതു  പേരും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ പ്രത്യേക  കോവിഡ് ആശുപത്രിയിൽ 27 പേരും നിരീക്ഷണത്തിലാണ്‌.  10469 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 
670 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 610 എണ്ണത്തിന്റെ ഫലം വന്നു.  555 ഫലം നെഗറ്റീവാണ്. 60 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
മാഹിയിൽ ഒരാൾക്ക്‌ കോവിഡ‌് 
മയ്യഴി
കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി  സ്വദേശിക്ക‌് കോവിഡ‌് സ്ഥിരീകരിച്ചു.  കടുത്ത പനിയും വൃക്കരോഗവുമുള്ള 71 കാരനെ പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌് മാറ്റി.  ഇദ്ദേഹവുമായി ബന്ധപ്പെട്ട 26 പേരെ മാഹി ആരോഗ്യവകുപ്പ‌് വീട്ടുനിരീക്ഷണത്തിലാക്കി. 11 പേരുടെ സാമ്പിൾ പരിശോധനക്കയച്ചു. 
മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജിൽനിന്നുള്ള വിദഗ്‌ധസംഘം ചൊവ്വാഴ്‌ച രോഗിയെ പരിശോധിച്ചു. മെഡിക്കൽ ബോർഡ്‌ യോഗമാണ്‌ അടിയന്തരമായി പരിയാരത്തേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌. ഹൃദ്രോഗിയായ ഇയാൾ വൃക്കരോഗം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കും ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചതിനാൽ വെന്റിലേറ്ററിലേക്കു മാറ്റി
 മുൻകരുതൽ നടപടിയുടെ ഭാഗമായി എംഎം ഹൈസ‌്കൂൾ﹣ -പെട്ടിപ്പാലം റോഡടക്കം ചെറുകല്ലായിലേക്കുള്ള മുഴുവൻ റോഡും പൊലീസ‌് അടച്ചു. മാഹി ഗവ. ഹൗസിൽ റീജണൽ അഡ‌്മിനിസ‌്ട്രേറ്ററുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വലയിരുത്തി. 
ന്യൂമാഹി എംഎം ഹൈസ‌്കൂൾ പള്ളിയിൽ മാർച്ച‌് 15 മുതൽ 23വരെ നിസ‌്കരിക്കാനെത്തിയവർ വിവരം നൽകണമെന്ന‌് ന്യൂമാഹി ആരോഗ്യവിഭാഗം അറിയിച്ചു. 
തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന‌്  ഏപ്രിൽ ഒന്നിനാണ‌് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക‌് മാറ്റിയത‌്. പാനൂരിലെ ഒരു കല്യാണനിശ‌്ചയത്തിലും എംഎം ഹൈസ‌്കൂൾ പള്ളിയിൽ നിസ‌്കാരത്തിലും പങ്കെടുത്തതായി വിവരമുണ്ട‌്. കോവിഡ‌്ബാധിച്ച മാഹി പള്ളൂർ സ്വദേശിയായ 69 കാരിക്ക‌് അസുഖം ഭേദമായതിന്റെ ആശ്വാസത്തിനിടെയാണ‌് രണ്ടാമതൊരാൾക്കുകൂടി മാഹിയിൽ കോവിഡ‌് ബാധിച്ചത‌്.
പ്രധാന വാർത്തകൾ
 Top