28 May Thursday

പ്രേമജ അറിഞ്ഞില്ല, ഫോണെടുത്തത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

ജില്ലാ പഞ്ചായത്തിന്റെ കോൾ സെന്ററിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫോൺ അറ്റൻഡ്‌ ചെയ്യുന്നു. ഫുട്‌ബോൾ താരം സി കെ വിനീത്‌ സമീപം.

കണ്ണൂർ

കോൾ സെന്ററിലേക്ക് വിളിച്ച പ്രേമജ മറുതലയ്ക്കൽ മന്ത്രിയാണെന്ന് അറിഞ്ഞപ്പോൾ ഒന്ന് പകച്ചു. അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാൻ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിലേക്ക് പലവ്യഞ്ജനങ്ങൾക്കുവേണ്ടിയാണ് തളാപ്പ് സ്വദേശി പ്രേമജ വിളിച്ചത്. ഫോണെടുത്തത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു. മന്ത്രിയാണെന്ന് പരിചയപ്പെടുത്തി ലിസ്റ്റ് പറഞ്ഞോളൂ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും പ്രേമജയ്ക്ക് അത്ഭുതം മാറിയില്ല. ചൊവ്വാഴ്ച പകൽ 11ഓടെയാണ്‌  മന്ത്രി കോൾ സെന്ററിൽ എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷിൽനിന്ന് സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം കോളുകൾ സ്വീകരിക്കുന്നവരുമായി സംസാരിച്ചു. സാധനങ്ങളുടെ പട്ടിക എഴുതിവച്ചശേഷം അൽപം കുശലവും പറഞ്ഞാണ് മന്ത്രി പ്രേമജയുടെ കോൾ അവസാനിപ്പിച്ചത്. മന്ത്രി  നേരിട്ട് കോളുകൾ സ്വീകരിച്ചത് പലർക്കും അത്ഭുതമായിരുന്നു.  ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു.  ജാതി മത ഭേദമില്ലാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി ഗാനവും ആലപിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top