28 May Thursday

വിട, വേദനാമുനമ്പിൽനിന്ന്‌

പി ദിനേശൻUpdated: Wednesday Apr 8, 2020
തലശേരി
കുടലിലും കരളിലും ബാധിച്ച ക്യൻസറിന്റെ നാലാമത്തെ അപകടമുനമ്പും കടന്നുനീങ്ങുമ്പോഴും ‘ഹിഗ്വിറ്റയുടെ രണ്ടാംവരവി’ലായിരുന്നു ടി ഗോപിയുടെ പ്രതീക്ഷ. കനിവിന്റെ ഭാഷയിലൂടെ  കവിതകളെ നൊമ്പരങ്ങളുടെ തത്വചിന്തയാക്കി മാറ്റി വാക്കിന്റെ പ്രതിരോധത്തിൽ എഴുത്തിലേക്ക‌് മടങ്ങാനാവുമെന്ന കവിയുടെ സ്വപ‌്നത്തെ പക്ഷേ, അർബുദം കീഴടക്കി. പുസ‌്തകം വിറ്റ‌് രോഗചികിത്സ നടത്തിയ കവിയാണ‌് കോവിഡിന്റെ മഹാമാരിക്കിടയിൽ വിടപറയുന്നത‌്. ഗോപിയുടെ ഏറെ ചർച്ചചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങുകയും ചെയ‌്ത കൃതിയാണ‌് ‘ഹിഗ്വിറ്റയുടെ രണ്ടാംവരവ‌്’. ഈ കവിതാസമാഹരത്തിന്റെ ഓരോ പതിപ്പും ചികിത്സക്ക‌് പ്രത്യാശയുടെ നിറം പകർന്നു. റേഡിയേഷനും ഞരമ്പുകൾ കുത്തിക്കീറുന്ന കീമോയും ശരീരം തളർത്തുമ്പോഴും കവിത കരുതലിന്റെ കനിവ‌് നിറച്ചു. ‘‘രോഗം പൂർണമായും മാറണമെങ്കിൽ വലിയ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ കവിതാസമാഹാരം നല്ല രീതിയിൽ വിറ്റുപോവുകയാണെങ്കിൽ ആവശ്യമായ സംഖ്യ ലഭിക്കുമെന്ന‌്’’ പ്രതീക്ഷിക്കുന്നതായി കവിയുടെ ഫേയ്‌സ‌്ബുക്ക‌് കുറിപ്പ‌്. 
പുസ‌്തകം വിറ്റ‌് കടംവീട്ടി
എംകോം, നിയമബിരുദം, പിജി ഡിപ്ലോമ ഇൻ ജേർണലിസം തുടങ്ങിയ യോഗ്യതകളുണ്ടായിട്ടും പ്രതിസന്ധികൾ നിറഞ്ഞ ജീവിതമായിരുന്നു ഗോപിയുടേത്. ജോലിതേടി കൊൽക്കത്തയിൽ എത്തിയപ്പോഴാണ് കവിത ലഹരിയും അഭയവുമായത‌്. സിനിമാമോഹവുമായി കൊൽക്കത്തയിൽ അലഞ്ഞനാളുകൾ. അച്ഛന് അസുഖംബാധിച്ചതോടെ നാട്ടിലേക്കുള്ള മടക്കം. കുടുംബം കടക്കെണിയിൽപ്പെട്ടപ്പോൾ മൂന്ന് വർഷം തിരുവനന്തപുരത്ത് കവിത മാത്രം വിറ്റുള്ള ജീവിതം. 2006 മുതൽ അഞ്ചുവർഷം സമ്മേളനസ്ഥലങ്ങളിലും സാംസ്കാരികപരിപാടികളിലും പുസ്തകച്ചന്തകൾ നടത്തി﹣-- അങ്ങനെ പല വേഷങ്ങളുണ്ട‌് ഗോപിയുടെ ജീവിതത്തിൽ.
തളർന്നു, ഏഴാം കടലും നീന്തിക്കഴിഞ്ഞപ്പോൾ
അടിയന്തരാവസ്ഥയും തലശേരി കലാപവും നക്സലിസവും കടന്നുവരുന്ന നോവൽ പൂർത്തിയാക്കിയാണ‌് ഗോപി മടങ്ങുന്നത‌്.  മരണത്തെ പ്രതീക്ഷിക്കുമ്പോഴും  അക്ഷരങ്ങളുടെ തീക്ഷ‌്ണതയിൽ പൊരുതിനിൽക്കുകയായിരുന്നു ഗോപി. തലശേരി സ്റ്റേഡിയത്തിനടുത്ത വാടകവീടുകളിലിരുന്നാണ‌് രോഗത്തോട‌് പൊരുതിയത‌്. ‘‘ഏഴുകടലും നീന്തിക്കടന്നവനാണ‌്. ഏഴാംകടൽ കഴിഞ്ഞപ്പോഴാണ‌് തളർന്നുപോയത‌്, നീന്താൻ ഇനി കടലില്ലല്ലോ’’. എഴുതിയ വരികൾ പോലെയായി ആ ജീവിതവും.
പ്രധാന വാർത്തകൾ
 Top