കണ്ണൂർ
കൈപ്പുണ്യമായിരുന്നു ജയശ്രീയുടെ കരുത്ത്. ചേരുവകളെല്ലാം അളവു തെറ്റാതെ ചേർത്ത് സ്വാദൂറും രുചിക്കൂട്ടുകളാക്കി ജയശ്രീ പാകപ്പെടുത്തിയതും സ്വന്തം ജീവിതമാണ്. നിനച്ചിരിക്കാതെ ഒറ്റയായിപ്പോയ നിമിഷത്തിൽനിന്ന് കുടുംബത്തിന്റെ തണലായി വളർന്നതുവരെയെത്തി നിൽക്കുകയാണ് ജയശ്രീയുടെ യാത്ര. ഡെന്നിസ് കാറ്ററിങ് എന്ന പേരിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റാളുകളിൽ ഇഡലിയും വിശേഷ അവസരങ്ങളിൽ സദ്യയുമൊരുക്കി ജയശ്രീ സംരംഭം മുന്നേറുകയാണ്.
നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ അച്ഛൻ സുന്ദരൻ നായർ ജോലിയുടെ ഭാഗമായാണ് പാലക്കാട്ടുനിന്ന് വർഷങ്ങൾക്കുമുമ്പ് ഭാര്യ അംബികാമ്മയ്‌ക്കും മക്കൾക്കുമൊപ്പം കണ്ണൂരിലെത്തിയത്. ജയശ്രീയും മൂന്ന് സഹോദരങ്ങളും പഠിച്ചതും വളർന്നതുമിവിടെ. ഡെന്നിസിനെ വിവാഹം കഴിച്ചതോടെ ജയശ്രീ പുതിയതെരു കാഞ്ഞിരത്തറയിൽ ഡെന്നിസ് വീട്ടിൽ താമസമായി. ഭർത്താവ് ഡെന്നിസ് മരിക്കുമ്പോൾ ജീവിതവും മക്കളുടെ പഠനവുമെല്ലാം ജയശ്രീക്കു മുന്നിൽ ചോദ്യങ്ങളായിരുന്നു. ഡെന്നിസ് പത്ര ഏജന്റായിരുന്നപ്പോൾ ചെയ്ത കാറ്ററിങ്ങ് വിപുലപ്പെടുത്തിയാണ് ജയശ്രീ ആ ചോദ്യങ്ങൾക്കെല്ലാം പതിയെപ്പതിയെ ഉത്തരം കണ്ടെത്തിയത്.
ആദ്യകാലത്ത് റെയിൽവെ സ്‌റ്റേഷനിലെ മുഴുവൻ സ്‌റ്റാളുകളിലും ഇഡ്ഡലി വിതരണം ചെയ്‌തിരുന്നു. കോവിഡിനുശേഷം സ്‌റ്റാളുകളുടെ എണ്ണം കുറഞ്ഞതോടെ ഇഡ്ഡലി വിതരണവും കുറഞ്ഞു. എങ്കിലും ഞായറാഴ്‌ചയും വിശേഷ അവസരങ്ങളിലും ആഘോഷവേളകളിലും രുചിയൂറും ഭക്ഷണമൊരുക്കാൻ ഡെന്നീസ് കാറ്ററിങ്ങിനെ തേടി ആളുകൾ എത്തുന്നുണ്ട്. അമ്മ അംബികാമ്മയും ഭക്ഷണം തയ്യാറാക്കാൻ സഹായിക്കും. ജയശ്രീയുടെ സംരംഭത്തിന് മക്കളായ കാവ്യയുടെയും നവ്യയുടെയും പിന്തുണയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..