08 December Sunday

ഭരണഭാഷാ സെമിനാര്‍ മലയാളികളെ ഒന്നിപ്പിക്കുന്നത് ഭാഷ: എം മുകുന്ദന്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പും ജില്ലാ ആസൂത്രണസമിതിയും സംഘടിപ്പിച്ച സെമിനാർ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

 കണ്ണൂർ

ലോകമാണ് മലയാളികളുടെ നാടെന്നും അവരെ ഒന്നിപ്പിക്കുന്നത് ഭാഷയാണെന്നും എഴുത്തുകാരൻ എം മുകുന്ദൻ. മാതൃഭാഷയിൽനിന്നുകൊണ്ടുമാത്രമേ ഏതൊരാൾക്കും സ്വത്വം നിലനിർത്താനാകു. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പും ജില്ലാ ആസൂത്രണസമിതിയും സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദൻ.   
 ലോകത്തിന്റെ എല്ലാഭാഗത്തും മലയാളികളുണ്ട്. അവരെ ഒന്നിച്ചുനിർത്തുന്നത് മാതൃഭാഷയാണ്. മാതൃഭാഷയെക്കുറിച്ച് അഭിമാനമുണ്ടാകണം. മലയാള ഭാഷയില്ലെങ്കിൽ ശ്രീനാരായണ ഗുരുവും അടൂരും ബഷീറും ഒ വി വിജയനും ഉണ്ടാകില്ല. ഭാഷ മരിക്കുന്നതോടെ നമ്മുടെ സംസ്‌കാരം തന്നെ ഇല്ലാതാകും. ചിന്തിക്കാനും സ്വപ്‌നം കാണാനും മാതൃഭാഷ വേണം. 
പഴയ സോവിയറ്റ്‌ യൂണിയനും ജപ്പാനും പോലുള്ള രാജ്യങ്ങൾ സാങ്കേതിക വിപ്ലവം സാധ്യമാക്കിയത് മാതൃഭാഷയിലൂടെയാണ്. മലയാളിക്ക് ഇപ്പോഴും ഭാഷാബോധം കുറവാണ്. മലയാളത്തിൽ ഊന്നിക്കൊണ്ടുതന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകണം. മാതൃഭാഷയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും വേണം.  എന്നാൽ, അത് ഭാഷാ തീവ്രവാദമായി മാറരുതെന്നും മുകുന്ദൻ പറഞ്ഞു.   
ഭരണഭാഷ ജനകീയ മലയാളമായി മാറണമെന്നും പറയുന്ന കാര്യങ്ങൾ സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ എന്നും ‘അധികാരം, ഭാഷ, ജനാധിപത്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. പി ജെ വിൻസെന്റ് അഭിപ്രായപ്പെട്ടു. ഉപയോഗമൂല്യം ഉണ്ടെങ്കിലേ ഏത് ഭാഷയ്ക്കും നിലനിൽപ്പുള്ളൂ. ജനകീയ മലയാളം നഷ്ടപ്പെട്ടിടത്താണ് മലയാളി മലയാളത്തെ കൈവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ കെ വി സുമേഷ് അധ്യക്ഷനായി.  എഡിഎം ഇ പി മേഴ്സി മുഖ്യാതിഥിയായി.
പ്രധാന വാർത്തകൾ
 Top