കണ്ണൂർ
ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ രാജ്യത്തിന് അഭിമാനമായ പയ്യന്നൂർ സ്വദേശിനി സരോജിനി തോലാത്തിന് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ജോലി. വാർഡൻ കം ഇൻസ്ട്രക്ടർ തസ്തികയിൽ താൽകാലികാടിസ്ഥാനത്തിലാണ് നിയമനം. കായിക മന്ത്രി ഇ പി ജയരാജന്റെ ഇടപെടലിലാണ് നിയമനം ലഭിച്ചത്.
ന്യൂനപക്ഷ ക്ഷേമവകുപ്പിൽ സ്വീപ്പറായി ജോലിചെയ്യുകയായിരുന്നു സരോജിനി. വായ്പയെടുത്തും ലോട്ടറി ടിക്കറ്റ് വിറ്റുമാണ് മീറ്റുകളിൽ പങ്കെടുത്തിരുന്നത്. സഹായം തേടി അവർ മന്ത്രി ഇ പി ജയരാജന് നിവേദനം നൽകിയിരുന്നു. അടിയന്തര നടപടി കൈകൊള്ളാൻ അദ്ദേഹം കായിക വകുപ്പിന് നിർദേശം നൽകി. ജോലി ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സർക്കാരിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.
ചൈന, ബ്രസീൽ, ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ ട്രാക്കിലിറങ്ങി. 10,000, 5000, 3000 മീറ്റർ നടത്തം, 800, 1500 മീറ്റർ ഓട്ടം, 4x100, 4x400 റിലേ, 200 മീറ്റർ സ്റ്റീപ്പിൾ ചെയ്സ്, ലോങ്ങ്ജമ്പ് തുടങ്ങിയവയാണ് പങ്കെടുക്കുന്ന ഇനങ്ങൾ. ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചിട്ടും ഒരു നല്ല ജോലിയെന്ന സ്വപ്നം യാഥാർഥ്യമാകാത്ത സങ്കടത്തിലായിരുന്നു താരം. സഹോദരനൊപ്പമാണ് ഇപ്പോൾ താമസം.