20 April Saturday

മൂന്നു മണിക്കൂർ കത്തിമുനയിൽ നടുക്കം മാറാതെ വിനോദും സരിതയും

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

കണ്ണൂർ
മൂന്നുമണിക്കൂറോളം ഭീതിയുടെ കത്തിമുനയിൽ നിൽക്കേണ്ടി വന്നതിന്റെ നടുക്കം മാറാതെ അക്രമത്തിനിരയായവർ. ജീവൻ തിരിച്ചുകിട്ടുമെന്ന‌് കരുതിയതല്ലെന്ന് കവർച്ചക്കാരുടെ അക്രമത്തിനിരയായ മാതൃഭൂമി ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രൻ പറഞ്ഞു. അടിച്ചു വീഴ്ത്തിയശേഷം നിലത്തിട്ട‌് കഴുത്തിന് ചവിട്ടുകയായിരുന്നു. സഹകരിച്ചില്ലെങ്കിൽ രണ്ടുപേരെയും കൊല്ലുമെന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഭീഷണി മുഴക്കി. ഫോണുകൾ പിടിച്ചുവാങ്ങി. പണവും സ്വർണവും എവിടെയെന്ന് ചോദിച്ചായിരുന്നു മർദനം. ഭാര്യ സരിത ധരിച്ച ആഭരണങ്ങൾ അഴിച്ചുകൊടുത്തു. ബാക്കിയുള്ളവ എവിടെയെന്ന് ചോദിച്ച് മുഖത്തടിച്ചു. നിലവിളിച്ചിട്ടുപോലും ആരും സഹായത്തിന് എത്താത്ത സമയം. രക്ഷപ്പെടില്ലെന്ന് കരുതിയ നിമിഷങ്ങൾ.
അർധരാത്രിയാണ് വിനോദ് ചന്ദ്രൻ ഓഫീസിൽനിന്ന് വീട്ടിലെത്തിയത്. പുലർച്ചെ ഒന്നരയോടെ നാലംഗസംഘം വീടിന്റെ മുൻവശത്തെ വാതിൽ തകർത്തു. വാതിലിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ പിടിപ്പിച്ച ഇരുമ്പുപട്ടയും വാതിലിന്റെ ടവർബോൾട്ടും തകർത്തിട്ടുണ്ട്. 
വലിയ ശബ്ദം കേട്ട‌് കിടപ്പുമുറിയുടെ വാതിൽ തുറന്ന ഉടൻ വിനോദ്ചന്ദ്രന് വടികൊണ്ടുള്ള അടികിട്ടി. എന്താണ് സംഭവിക്കുന്നതെന്ന‌് അറിയുന്നതിനുമുമ്പ് മുഖംമൂടിസംഘം മുറിയിൽ പ്രവേശിച്ചു. ഭാര്യയെയും അടിച്ചുവീഴ്ത്തി. കിടക്കയിലുണ്ടായിരുന്ന ബെഡ്ഷീറ്റ് കത്തി ഉപയോഗിച്ചു വലിച്ചു കീറി വായയടക്കം ബന്ധിച്ചു. ബാക്കിഭാഗം കയറുപോലെയാക്കി വിനോദ്ചന്ദ്രനെ കട്ടിലിന്റെ കാലിനോടും ഭാര്യയെ കട്ടിലിന് മുകളിലും കെട്ടിയിട്ടു. കൊള്ളസംഘം മടങ്ങിയശേഷം വിനോദ് കഠിനയത്നം നടത്തി കൈയിലെ കെട്ടഴിച്ച് മാതൃഭൂമിയിൽ വിളിച്ചറിയച്ചതിനെ തുടർന്നാണ്  ഇരുവരെയും എ കെ ജി ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതിനാൽ ന്യൂറോ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്.
കൊള്ളസംഘം പുലർച്ചെ മൂന്നുവരെ  മർദനവും ചോദ്യംചെയ്യലുമായി വീട്ടിനകത്തെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടു. വിനോദ് ചന്ദ്രനും ഭാര്യയും മാത്രമാണ് താഴെചൊവ്വ സ്പിന്നിങ‌് മില്ലിന് അടുത്തുള്ള തെഴുക്കിലെപീടിക ഉരുവച്ചാലിലെ വീട്ടിൽ വാടകയ‌്ക്ക് താമസിക്കുന്നത്. മക്കളായ ഐശ്വര്യ ബംഗളൂരുവിലും ശരണ്യ മംഗളൂരുവിലുമാണ് പഠിക്കുന്നത്. 
ഡിവൈഎസ്പി പി പി സദാനന്ദൻ, ടൗൺ സിഐ ടി കെ രത്നകുമാർ, സിറ്റി സി ഐ പ്രദീപ് കണ്ണിപ്പൊയിൽ, സിറ്റി എസ് ഐ ശ്രീഹരി എന്നിവർ സ്ഥലത്തെത്തി. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വാതിൽ തകർക്കാൻ ഉപയോഗിച്ച മരത്തടിയും മോഷ്ടാക്കളുടേതെന്ന് കരുതുന്ന രണ്ടു തൊപ്പികളും പൊലീസ് കണ്ടെടുത്തു. സമീപത്തെ ഡോ. സോണിയുടെ പൂട്ടിയിട്ട വീട്ടിലും മോഷണശ്രമം നടന്നതായി കണ്ടെത്തി. വീട്ടുമുറ്റത്ത് പൊലീസ് ജീപ്പ് കിടക്കുന്നതു കണ്ടാണ് രാവിലെ നാട്ടുകാർ കവർച്ചാവിവരം അറിയുന്നത്. 
കവർച്ച നടന്ന വീടിന്റെ അൽപം മാറിയാണ് ഒമ്പതുവർഷം മുമ്പ് സിറ്റി ഹൈസ്കൂൾ അധ്യാപികയായ ഹേമജയെ ഭർത്താവ് വാനിൽ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
 
പ്രതികളെക്കുറിച്ചു സൂചന
അന്വേഷണത്തിന്‌ 
പ്രത്യേക സംഘം
കണ്ണൂർ
കവർച്ച അന്വേഷിക്കാൻ കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് അന്വേഷണ സംഘം. സിറ്റി സിഐ പ്രദീപ് കണ്ണിപ്പൊയിൽ,  ടൗൺ സിഐ ടി കെ രത്നകുമാർ, എസ്ഐമാരായ ശ്രീഹരി, ശ്രീജിത് കോടേരി,  15 സിവിൽ പൊലീസുകാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെകുറിച്ചു സൂചന ലഭിച്ചതായതാണ് വിവരം.
പ്രധാന വാർത്തകൾ
 Top