19 September Saturday

കൈത്തറി മേഖലാ ഓഫീസ്‌ നിർത്തലാക്കൽ പുനഃപരിശോധിക്കണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കണ്ണൂർ
ദേശീയ കൈത്തറി വികസന കോർപ്പറേഷന്റെ കണ്ണൂരിലെ  കേരള റീജണൽ ഓഫീസ് നിർത്തലാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. കൈത്തറിയെ പൂർണമായും തകർച്ചയിലേക്ക് തള്ളിവിടുന്നതാണ്‌ കേന്ദ്രസർക്കാർ നടപടി. കണ്ണൂരിലേത്‌ വെറും ബ്രാഞ്ച്‌ ഓഫീസാക്കി മാറ്റുകയാണ്‌. മലബാർ മേഖലയിലെ നൂറുകണക്കിന് കൈത്തറി സംഘങ്ങളും  സ്ഥാപനങ്ങളും ആശ്രയിച്ചിരുന്നത് ഈ ഓഫീസിനെയാണ്. കോർപ്പറേഷന്റെ ആലപ്പുഴ, ബാലരാമപുരം ബ്രാഞ്ചുകളും  ഇതോടെ ബംഗളൂരു റിജണിന്റെ കീഴിലായി. 
കേരളത്തിലെ കൈത്തറി ഉൽപാദനത്തിനുവേണ്ട നൂല് മറ്റുസംസ്ഥാനങ്ങളിൽനിന്നാണ് കൊണ്ടുവരുന്നത്. ഇങ്ങനെ നൂൽ എത്തിക്കുമ്പോഴുണ്ടാകുന്ന ചെലവിന്‌ സബ്സിഡി ആനുകൂല്യം റീജണൽ ഓഫീസ് മുഖാന്തരമാണ് നൽകുന്നത്. 
ഓഫീസ് ബംഗളൂരുവിലേക്ക് മാറ്റുന്നതോടെ സബ്സിഡി തുക ലഭിക്കുന്നതിൽ കാലതാമസംവരും. ഇത്  സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. തൊഴിലാളികൾക്ക് കനത്ത ആഘാതമാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ അനവസരത്തിലുള്ള മേഖലാ ഓഫീസ് മാറ്റം പുനഃപരിശോധിക്കണമെന്നും കണ്ണൂരിൽതന്നെ നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും  ജയരാജൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top